ലോക്സഭ തെരഞ്ഞെടുപ്പ്; പോളിങ്ങിൽ വൻ ഇടിവ്, കോട്ടയത്ത് കുറഞ്ഞത് 9.83 ശതമാനം
text_fieldsകോട്ടയം: തെരഞ്ഞെടുപ്പിൽ കോട്ടയത്ത് പോളിങ്ങിൽ വൻ ഇടിവ്. തെരഞ്ഞെടുപ്പ് കമീഷന്റെ അന്തിമകണക്കനുസരിച്ച് ഇത്തവണ 65.61 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 9.83 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 75.44 ശതമാനം പേരായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ 74.30 ശതമാനമായിരുന്നു വോട്ടുനില. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 8.69 ശതമാനത്തിന്റെ കുറവാണ് അവസാനകണക്കുകളിൽ. പോസ്റ്റൽ, സർവിസ് വോട്ടുകൾ കണക്കാക്കാതെയുള്ള കണക്കാണിത്.
71.69 ശതമാനം രേഖപ്പെടുത്തിയ വൈക്കം നിയമസഭ മണ്ഡലമാണ് പോളിങ്ങിൽ മുന്നിൽ. ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിലാണ്; 62.27 ശതമാനം. കോട്ടയം ലോക്സഭ മണ്ഡലത്തിലെ 12,54,823 വോട്ടർമാരിൽ 8,23,237 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 6,07,502 പുരുഷവോട്ടർമാരിൽ 4,18,285 പേരും (68.85 ശതമാനം) 6,47,306 സ്ത്രീ വോട്ടർമാരിൽ 4,04,946 പേരും (62.56 ശതമാനം) 15 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ആറു പേരും (40 ശതമാനം) വോട്ട് രേഖപ്പെടുത്തി.
അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 11,658 പേർ വീട്ടിൽ വോട്ട് ചെയ്തു. 85 വയസ്സ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസ്സ് പിന്നിട്ട 8982 പേരും ഭിന്നശേഷിക്കാരായ 2676 പേരുമാണ് വോട്ട് ചെയ്തത്.
85 വയസ്സ് പിന്നിട്ട, ഭിന്നശേഷി വിഭാഗത്തിൽ വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനായി നൽകിയ 12 ഡി അപേക്ഷകളിൽ 12,082 എണ്ണമാണ് വരണാധികാരി അംഗീകരിച്ചത്. ഇതിൽ 9321 അപേക്ഷകർ 85 വയസ്സ് പിന്നിട്ടവരും 2761 പേർ ഭിന്നശേഷിക്കാരുമായിരുന്നു. വീട്ടിൽ വോട്ട് ഏപ്രിൽ 25നാണ് പൂർത്തിയായത്. അവശ്യസർവിസിൽപെട്ടവരിൽ 307 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ വിഭാഗത്തിൽപെട്ട 575 പേരുടെ ഫോം 12 ഡി അപേക്ഷകളാണ് വരണാധികാരി അംഗീകരിച്ചിരുന്നത്. ഫോം 12ൽ അപേക്ഷ നൽകിയ കോട്ടയം ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട 656 പോളിങ് ജീവനക്കാർ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.