അന്തിമചിത്രം തെളിഞ്ഞില്ല; കോട്ടയത്ത് എൻ.ഡി.എയിൽ കാത്തിരിപ്പ്
text_fieldsകോട്ടയം: ഇടത്- വലത് സ്ഥാനാർഥികൾ പ്രചാരണത്തിൽ മുന്നേറുമ്പോഴും പൂർണചിത്രം തെളിയാതെ കോട്ടയം. എൻ.ഡി.എ സ്ഥാനാർഥി എത്താത്തതാണ് കോട്ടയത്തെ അന്തിമചിത്രം വൈകാനിടയാക്കുന്നത്. എൻ.ഡി.എ മുന്നണിയിൽ ബി.ഡി.ജെ.എസിനാണ് കോട്ടയം സീറ്റ്. സീറ്റ് വിഭജനത്തിനുപിന്നാലെ, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തന്നെ കോട്ടയത്ത് മത്സരിക്കാനും ധാരണയായി. എന്നാൽ, ഇതുവരെ പ്രഖ്യാപനമായിട്ടില്ല. ബി.ജെ.പി കേന്ദ്രനേതൃത്വത്തിൽനിന്ന് ചില ഉറപ്പുകൾ ലഭിക്കാനായാണ് പ്രഖ്യാപനം നീട്ടുന്നതെന്നും സൂചനയുണ്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചകൾക്കായി തുഷാർ ഡൽഹിയിലാണ്.
ശനിയാഴ്ച ഇടുക്കിയും കോട്ടയവും ഒഴിച്ചുള്ള സ്ഥാനാർഥികളെ ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചിരുന്നു. കോട്ടയം, ഇടുക്കി സ്ഥാനാർഥികളെ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും തുഷാർ പറഞ്ഞിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും കോട്ടയത്ത് സ്ഥാനാർഥി എത്തിയിട്ടില്ല. ഇത് ബി.ജെ.പി നേതാക്കളിലും പ്രവർത്തകരിലും അതൃപ്തിക്കും കാരണമായിട്ടുണ്ട്.
സംസ്ഥാനത്ത് തന്നെ ഏറ്റവും ആദ്യം തെരഞ്ഞെടുപ്പ് ചൂടിലായ മണ്ഡലം കോട്ടയമായിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് പിന്നാലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനെ കേരള കോണ്‍ഗ്രസ്(എം) പ്രഖ്യാപിച്ചതോടെ കോട്ടയം തെരഞ്ഞെടുപ്പ് ആരവത്തിലായി.
പ്രഖ്യാപനം വൈകിയാല്‍ തിരിച്ചടിയാകുമെന്ന ഭീതിയില്‍, മുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാകും മുമ്പേ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ കേരള കോണ്‍ഗ്രസും പ്രഖ്യാപിച്ചതോടെ പ്രചാരണ രംഗം സജീവമായി. ഫെബ്രുവരി 12നായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ആദ്യസ്ഥാനാർഥി പ്രഖാപനവും ഇതായിരുന്നു. ഇതിന് ഒരുമാസം തികഞ്ഞിട്ടും എൻ.ഡി.എ പ്രവർത്തകർ കാത്തിരിപ്പിലാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ ഫെബ്രുവരി 17നാണ് പ്രഖ്യാപിച്ചത്.
പ്രഖ്യാപനം വന്നില്ലെങ്കിലും തുഷാര്‍ കഴിഞ്ഞ രണ്ടു ദിവസം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രമുഖരെ ഉള്‍പ്പെടെ സന്ദര്‍ശിച്ച് പിന്തുണ ഉറപ്പാക്കിയിരുന്നു. എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും കഴിഞ്ഞ ദിവസം തുറന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.