വെയിൽച്ചൂടിൽ തണുത്ത് വോട്ടാവേശം
text_fieldsകോട്ടയം: കനത്ത ചൂടിൽ ആറിത്തണുത്ത് വോട്ടർമാരുടെ ആവേശം. ഭൂരിഭാഗം ബൂത്തുകളിലും രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും 11ഓടെ പല ബൂത്തുകളിലും ആളൊഴിഞ്ഞു. വെയിൽ ചൂടിറങ്ങിയ ശേഷമാണ് പിന്നീട് തിരക്കനുഭവപ്പെട്ടത്. അതേസമയം, ചില ബൂത്തുകളിൽ മുഴുവൻ സമയവും വൻ തിരക്കായിരുന്നു. വൈകീട്ട് ആറുമണിക്കുശേഷവും വരി നീണ്ടു. മോക്പോൾ നടപടികൾക്കു ശേഷം ഏഴുമണിക്കാണ് പോളിങ് ആരംഭിച്ചത്. തിരക്കും വെയിലും ഒഴിവാക്കാൻ കൂടുതൽ പേരും രാവിലെയാണെത്തിയത്. ഉച്ചക്കുശേഷം എത്തിയവർ വൈകുന്നേരം വരെ വരിയിൽ നിൽക്കേണ്ടിവന്നു. വോട്ടിങ് മന്ദഗതിയിലായത് വോട്ടർമാരെ ബുദ്ധിമുട്ടിലാക്കി. ഒറ്റ വോട്ടുയന്ത്രം ഉള്ള ബൂത്തുകളിൽ ഏറെനേരം കാത്തുനിൽക്കേണ്ടി വന്നതും ചിലയിടങ്ങളിൽ വോട്ടുയന്ത്രങ്ങൾ തകരാറിലായതും വോട്ടർമാരെ അസ്വസ്ഥരാക്കി. പലരും പരാതി ഉന്നയിച്ചെങ്കിലും വലിയ പ്രശ്നങ്ങളുണ്ടായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സ്വാഭാവിക കാലതാമസമേ വന്നുള്ളൂ എന്നാണ് അധികൃതരുടെ വിശദീകരണം. വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കുമ്പോൾ വരിയിൽ വോട്ടു ചെയ്യാൻ നിന്നവർക്ക് പ്രിസൈഡിങ് ഓഫിസർ ഒപ്പിട്ട, നമ്പറിട്ട സ്ലിപ്പുകൾ നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കി. ഏറ്റവും പിറകിൽ നിൽക്കുന്ന വോട്ടർക്ക് ഒന്ന് എന്നു തുടങ്ങി മുന്നോട്ടുള്ളവർക്ക് രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ തുടർ നമ്പറുകൾ ഇട്ട സ്ലിപ്പുകൾ നൽകിയാണ് വോട്ട് ചെയ്യാൻ അവസരം ഒരുക്കിയത്. ഔദ്യോഗിക സമയം അവസാനിക്കുമ്പോൾ 1198 പോളിങ് സ്റ്റേഷനുകളിൽ 331 ബൂത്തുകളിൽ മാത്രമാണ് വോട്ടെടുപ്പ് അവസാനിച്ചത്.
വീട്ടിൽ വോട്ട് വേണ്ട, ബൂത്തിൽ മതി
പടിഞ്ഞാറൻ മേഖലയിലെ ബൂത്തുകളിൽ എത്തിയവരിൽ ഏറെയും പ്രായം ചെന്നവർ. അതുകൊണ്ടുതന്നെ പല ബൂത്തുകളിലും വലിയ തിരക്കുണ്ടായിരുന്നു. പ്രായമായവരെ വരിനിർത്താതെ കയറ്റിയെങ്കിലും ഭൂരിഭാഗം പേരും വയോധികരായിരുന്നതിനാൽ പോളിങ് ഉദ്യോഗസ്ഥരും നിസ്സഹായരായി. സ്ഥലമുള്ള ഇടങ്ങളിൽ എല്ലാവരെയും കസേരയിട്ടിരുത്തി. എന്നാൽ, ചില ബൂത്തുകളിൽ ഇതിനും സൗകര്യമുണ്ടായിരുന്നില്ല. കുടവെച്ചൂർ ദേവീവിലാസം എച്ച്.എസ്.എസിലെ 148 ാം നമ്പർ ബൂത്തിൽ വോട്ടുചെയ്യാൻ വയോധികർ കാത്തുനിന്നത് കാറ്റും വെളിച്ചവും കടക്കാത്ത കുടുസ്സു വരാന്തയിലായിരുന്നു. ഇതു പലരെയും ബുദ്ധിമുട്ടിച്ചു. ഇടയാഴം സെന്റ് മേരീസ് എൽ.പി സ്കൂളിലും സ്ത്രീകളടക്കം മുതിർന്നവരുടെ വലിയ തിരക്കായിരുന്നു.
കുടിവെള്ളമില്ല
ഭൂരിഭാഗം ബൂത്തുകളിലും അധികൃതർ കുടിവെള്ളം ഒരുക്കിയിരുന്നെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാർക്ക് മാത്രമല്ല പോളിങ് ഉദ്യോഗസ്ഥർക്കും വെള്ളം കിട്ടിയില്ല. സ്വന്തം ചെലവിൽ കുപ്പിവെള്ളം വാങ്ങുകയായിരുന്നു ഉദ്യോഗസ്ഥർ. അധികൃതരോട് പറഞ്ഞെങ്കിലും കുടിവെള്ളം നൽകാൻ സ്വകാര്യ ഏജൻസിയെ ഏൽപിച്ചിരുന്നു എന്നാണ് മറുപടി കിട്ടിയത്. എന്നാൽ, ഉച്ചവരെ കുടിവെള്ളം എത്തിയില്ല. കനത്ത ചൂടിൽ വരിയിൽ നിന്ന വോട്ടർമാരും വെള്ളം കിട്ടാതെ വലഞ്ഞു.
മെല്ലെ മെല്ലെ നീങ്ങി പോളിങ് ശതമാനം
കോട്ടയം: മണ്ഡലത്തിൽ പോളിങ് നീങ്ങിയത് മന്ദഗതിയിൽ. അഞ്ചാം മണിക്കൂറിലാണ് പോളിങ് 40 ശതമാനത്തിലെത്തിയത്. രാവിലെ ഏഴിന് വോട്ടിങ് തുടങ്ങിയപ്പോൾ വലിയനിര പ്രത്യക്ഷപ്പെട്ടെങ്കിലും ആദ്യ ഒരു മണിക്കൂറിൽ 6.30 ശതമാനം മാത്രമായിരുന്നു പോളിങ്. പത്തുമണിക്കും പോളിങ് ശതമാനം 20 ലെത്തിയില്ല. 11 ഓടെ 26 ശതമാനമായി. ഉച്ചക്ക് രണ്ടുമണിക്ക് 46 ശതമാനവും മൂന്നിന് 51 ശതമാനവും നാലിന് 57 ശതമാനവും വോട്ട് രേഖപ്പെടുത്തി. അഞ്ചിന് 62 ശതമാനം ആയിരുന്നു പോളിങ്.
പോളിങ് ശതമാനം മണിക്കൂർ തിരിച്ച്:
രാവിലെ ഏഴ് മുതൽ എട്ടു വരെ: 6.30 ശതമാനം
എട്ട് - ഒമ്പത്: 12.99 ശതമാനം
ഒമ്പത് - 10 : 19.82 ശതമാനം
10 - 11: 26.87 ശതമാനം
11 - 12 : 34.07 ശതമാനം
12 - ഒന്ന് : 40.71 ശതമാനം
ഒന്ന്- രണ്ട്: 46.27 ശതമാനം
രണ്ട്- മൂന്ന്: 51.79 ശതമാനം
മൂന്ന് - നാല്: 57.55 ശതമാനം
നാല് -അഞ്ച്: 62.66 ശതമാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.