മുന്നിലോടുന്ന കോട്ടയം
text_fieldsകോട്ടയം: ഇടത്-വലത് സ്ഥാനാർഥികൾ ആദ്യമെത്തിയ കോട്ടയത്ത് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക്. പതിവിൽനിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് തന്നെ, ഔദ്യോഗിക പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് കോട്ടയം ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥികൾ.
പാര്‍ലമെന്റ് മണ്ഡലം കൺവെന്‍ഷനോടെ ഇടത് സ്ഥാനാര്‍ഥി തോമസ് ചാഴികാടന് ഞായറാഴ്ച ഔദ്യോഗിക പ്രചാരണത്തിലേക്ക് കടന്നു. കോട്ടയം തിരുനക്കരയിൽ നടന്ന കൺവെൻഷൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച നടക്കുന്ന മണ്ഡലം കണ്‍വെൻഷനോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജും പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ചുവട് മാറ്റും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്.
സ്ഥാനാര്ഥിയെത്തിയില്ലെങ്കിലും പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്ന് എൻ.ഡി.എയും സജീവമായി കളത്തിലുണ്ട്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ബി.ജെ.പി ജില്ല പ്രസിഡന്റ് ജി. ലിജിൻ ലാൽ, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് സെൻ എന്നിവർ പങ്കെടുത്തു. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ലെങ്കിലും എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും മണ്ഡലത്തിലുണ്ട്.
മുന്നണിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായതിന് പിന്നാലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് കോട്ടയത്തെ പ്രചാരണത്തിന് അതിവേഗം കൈവന്നത്. സാധാരണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ ഒന്നിച്ചു പ്രഖ്യാപിക്കുന്നതായിരുന്നു രീതി. ഇതിനു വിരുദ്ധമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ചു. പിന്നാലെ അദ്ദേഹം രംഗത്തിറങ്ങി. ഇതോടെ, യു.ഡി.എഫും അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പോര്‍ക്കളത്തിലേക്ക് ഇറങ്ങുകയായിരുന്നു.
നേരത്തേ ഇറങ്ങിയതിലൂടെ കൂടുതല്‍ പേരെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ഥിക്കാന്‍ കഴിയുമെന്ന നേട്ടമുണ്ടെങ്കിലും വെല്ലുവിളികളും ഏറെയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പകല്‍ താപനിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. സ്ഥാനാര്‍ഥികള്‍ ഇതോടകം തന്നെ വെയിലേറ്റ് വാടിത്തുടങ്ങി. ആദ്യത്തെ ആവേശം വോട്ടെടുപ്പ് ദിവസം വരെ നിലനിര്‍ത്തുകയെന്ന വെല്ലുവിളിക്കൊപ്പം സാമ്പത്തിക ബാധ്യതയും മുന്നണി നേതൃത്വങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ജില്ലയിൽ ഉൾപ്പെട്ട പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ചൂട് വർധിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കും എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ ആന്റണിയും പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി തിങ്കളാഴ്ച വീണ്ടും പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെത്തും.
മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥിച്ച് ശനിയാഴ്ചയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. തുടർന്ന് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാർ ഒരാഴ്ചമുമ്പ് ചങ്ങനാശ്ശേരിയിലെത്തിയിരുന്നു. എന്‍.ഡി.എയിലെ ബൈജു കലാശാലയും അടുത്തദിവസം ചങ്ങനാശ്ശേരിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.