കോട്ടയം ആർക്കൊപ്പം; നാളെ അറിയാം
text_fieldsകോട്ടയം: ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് അവസാനമാകുന്നു. ലോക്സഭയിൽ കോട്ടയത്തിന്റെ കരുത്ത് തെളിയിക്കുന്നത് ആരെന്ന് നാളെ അറിയാം. അവസാന നിമിഷവും വിജയപ്രതീക്ഷയിൽ കുറഞ്ഞൊന്നും പങ്കുവെക്കാനില്ല മുന്നണികൾക്കും സ്ഥാനാർഥികൾക്കും. കേരള കോൺഗ്രസുകാർ നേർക്കുനേരെ പോരാടി എന്നതുമാത്രമല്ല മൂന്നു മുന്നണികളിലെയും ഘടകകക്ഷികൾ മാത്രമാണ് മത്സരിച്ചതെന്നതും കോട്ടയത്തിന്റെ പ്രത്യേകത ആയിരുന്നു. സ്ഥാനാർഥി നിർണയം അതിവേഗം പൂർത്തിയാക്കി ആദ്യം രംഗത്തിറങ്ങിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു എൽ.ഡി.എഫ് പ്രചാരണരംഗത്ത് മുന്നേറിയിരുന്നത്. നേരത്തെ എത്തുന്നതിലല്ല കാര്യക്ഷമമായ പ്രവർത്തനങ്ങളിലാണ് മേൽക്കൈ വേണ്ടതെന്നാണ് യു.ഡി.എഫ് നിലപാട്.
കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളും ഇവർക്ക് ആത്മവിശ്വാസം നൽകുന്നു. വൈകി പ്രചാരണത്തിൽ എത്തിയതിന്റെ ക്ഷീണമുണ്ടെങ്കിലും മികച്ച മുന്നേറ്റം നടത്തുക എന്നതാണ് എൻ.ഡി.എയുടെ വെല്ലുവിളി. താഴെത്തട്ടിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാനായത് വോട്ടുശതമാനം വർധിപ്പിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
60,000നു മേല്‍ ഭൂരിപക്ഷം - യു.ഡി.എഫ്
60,000നു മേല്‍ വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് ഉറപ്പിക്കുന്നത്. തരംഗമുണ്ടായാല്‍ ഭൂരിപക്ഷം ലക്ഷം കവിഞ്ഞേക്കാം. പുതുപ്പള്ളി, കടുത്തുരുത്തി, പിറവം മണ്ഡലങ്ങളില്‍ വന്‍ഭൂരിപക്ഷം ലഭിക്കും. വൈക്കം മണ്ഡലത്തില്‍ മെച്ചപ്പെട്ട പ്രകടനമുണ്ടാകും.
മൂന്നര ലക്ഷം വോട്ടു നേടും- എല്‍.ഡി.എഫ്
മൂന്നര ലക്ഷത്തോളം വോട്ടുനേടി വിജയിക്കുമെന്നാണ് എല്‍.ഡി.എഫ്. പ്രതീക്ഷ. ഭൂരിപക്ഷത്തെക്കുറിച്ചു പറയുന്നില്ലെങ്കിലും അരലക്ഷം വോട്ടിനുവരെ വിജയിച്ചേക്കാമെന്നാണ് കരുതുന്നത്. വൈക്കം, ഏറ്റുമാനൂര്‍, പാലാ മണ്ഡലങ്ങളില്‍ വ്യക്തമായ ആധിപത്യം നേടും.
പ്രതീക്ഷയില്‍ എന്‍.ഡി.എയും
ജയത്തേക്കാള്‍ വോട്ട് വിഹിതത്തിലെ വര്‍ധന ആവര്‍ത്തിച്ചു പറയുകയാണ് എന്‍.ഡി.എ ക്യാമ്പ്. ബി.ജെ.പി. വോട്ടുകള്‍ക്കൊപ്പം ബി.ഡി.ജെ.എസിലൂടെ ഈഴവ വോട്ടുകളും ഇത്തവണ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. കോട്ടയം, വൈക്കം, പാലാ മണ്ഡലങ്ങളില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നും നേതാക്കള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.