വോട്ടുവഴി ചർച്ചയിലേക്ക് മുന്നണികൾ
text_fieldsകോട്ടയം: കോട്ട കാക്കാൻ ആയെങ്കിലും അൽപം കൂടി ഭൂരിപക്ഷം ആവാമായിരുന്നു എന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ. പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്തതിന്റെ അങ്കലാപ്പിൽ എല്‍.ഡി.എഫ്. കണക്കുകൂട്ടൽ തെറ്റിയോയെന്ന സംശയത്തിൽ എൻ.ഡി.എ. കോട്ടയത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുന്നണികളിൽ മുറുമുറുപ്പ്. ഇത് വരുംദിവസങ്ങളിൽ മുന്നണികളിൽ അസ്വസ്ഥതകൾക്കിടയാക്കുമെന്നാണ് സൂചന.
പാര്‍ട്ടിയുടെ ഉറച്ച കോട്ടയെന്ന് കരുതിയിരുന്ന മണ്ഡലത്തില്‍ നേരിട്ട തിരിച്ചടി കേരള കോണ്‍ഗ്രസ് എമ്മിനെയാണ് ഏറെ അലോസരപ്പെടുത്തുന്നത്. 2014ല്‍ മാത്യു.ടി.തോമസ് നേടിയ 3,03595 വോട്ടിനൊപ്പം കേരള കോണ്‍ഗ്രസ് വോട്ടും തോമസ് ചാഴികാടന് വ്യക്തിപരമായി ലഭിക്കുന്ന പിന്തുണയും കണക്കാക്കി നേരിയ ഭൂരിപക്ഷത്തിനെങ്കിലും കടന്നുകൂടുമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍, വോട്ടില്‍ വന്‍ ചോര്‍ച്ചയുണ്ടാകുകയും ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇത്രയും വലിയ പരാജയം പാർട്ടിയും മുന്നണിയും പ്രതീക്ഷിച്ചില്ല. സി.പി.എം വോട്ടുകളിൽ ചോർച്ച വന്നിട്ടുണ്ടോയെന്ന സംശയത്തിലാണ് പാർട്ടി നേതൃത്വം. സി.പി.എം വോട്ട് വിഹിതത്തിൽ ബി.ഡി.ജെ.എസ് വിള്ളൽ വരുത്തുമെന്ന ഭീതി കേരള കോൺഗ്രസ് നേതാക്കൾക്കുണ്ടായിരുന്നെങ്കിലും ഇത് വലിയ തോതിൽ പ്രതിഫലിച്ചിട്ടില്ല. പിന്നെ എതുവഴിയിലൂടെയാണ് വോട്ട് ചേർന്നതെന്നാണ് ഇവരുടെ പരിശോധന.
സംശയമുന സി.പി.എമ്മിലേക്ക് തിരിയുന്നതും ഇതേ കാരണത്താലാണ്. പാർട്ടി സ്ഥാനാർഥിയുടെ തോൽവി ചെയർമാൻ ജോസ്.കെ.മാണിക്കും വ്യക്തിപരമായി തിരിച്ചടിയാകുമെന്നാണ് സൂചന. പത്തനംതിട്ടയിലെ സി.പി.എം സ്ഥാനാർഥിക്ക് തിരിച്ചടിയേറ്റതും ഇവരുടെ ശക്തിയിൽ സി.പി.എമ്മിൽ അവിശ്വാസം സൃഷ്ടിക്കാനുള്ള സാധ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എൽ.ഡി.എഫിലെ വിലപേശൽ ശക്തിയിലും ഇത് പ്രതിഫലിക്കും.
ചാഴികാടന് പ്രചാരണത്തില്‍ മുമ്പിലായിരുന്നുവെങ്കിലും സി.പി.എമ്മുമായുള്ള സഹകരണത്തില്‍ പ്രശ്നങ്ങള്‍ മുഴച്ചിരുന്നു. മന്ത്രി വി.എന്‍. വാസവന് പത്തനംതിട്ടയുടെ ചുമതലയുമായി പോയതോടെ സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന നേതാവ് ഇല്ലാതെ പോയി. എസ്.എന്‍.ഡി.പിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം ബി.ഡി.ജെ.എസിന് നല്കിയപ്പോള് ബി.ജെ.പി. ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷക്കൊത്ത പ്രകടനമുണ്ടായില്ല. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ഉയര്‍ന്നുവെങ്കിലും രണ്ടു ലക്ഷം മറികടക്കുമെന്ന എന്‍.ഡി.എ നേതൃത്വത്തിന്റെ പ്രതീക്ഷ പൂവണിഞ്ഞില്ല. തുഷാർ വെള്ളാപ്പള്ളി തന്നെ രംഗത്തിറങ്ങിയിട്ടും വോട്ട് ഉയരാത്തത് ബി.ഡി.ജെ.എസിന് തിരിച്ചടിയായി. വ്യക്തിപരമായി തുഷാറിനെയും ഇത് സന്തോഷിപ്പിക്കുന്നില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉള്‍പ്പെടെ ഇതിന്റെ സ്വാധീനം മുന്നണിയില്‍ പ്രകടമായേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.