പരസ്യപ്രചാരണത്തിന് വിട; ഇനി കൊട്ടിക്കലാശം
text_fieldsകോട്ടയം: മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണ പൂരത്തിന് ബുധനാഴ്ച സമാപനം. വൈകീട്ട് ആറിന് ആവേശകരമായ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം കൊടിയിറങ്ങും. വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണത്തിനുള്ള അവസരമാണ്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. അവസാന വോട്ടും തങ്ങളുടെ പെട്ടിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് മൂന്നുമുന്നണികളും. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്നും പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തീരുമാനം. രാവിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലാണ് റോഡ് ഷോ.
ഞാലിയാകുഴിയിൽനിന്ന് ആരംഭിച്ച് പുതുപ്പള്ളി, മീനടം, കൂരോപ്പട, പാമ്പാടി, അകലകുന്നം, അയർകുന്നം വഴി മണർകാട് സമാപിക്കും. തുടർന്ന് റോഡ്ഷോ വടവാതൂരിൽനിന്ന് തുടങ്ങും. കഞ്ഞിക്കുഴി, ദേവലോകം, കൊല്ലാട്, തിരുവാതുക്കൽ, ചുങ്കം, സംക്രാന്തി, നാഗമ്പടം, കലക്ടറേറ്റ്, കെ.കെ. റോഡ് വഴി അഞ്ചിന് രാജീവ് ഗാന്ധി കോംപ്ലക്സിലേക്ക് എത്തും. 5000ത്തിലേറെ പ്രവർത്തകർ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും കൊട്ടിക്കലാശത്തിന് മിഴിവേകും. എൽ.ഡി.വൈ.എഫ് നേതൃത്വത്തിൽ ഇരുചക്ര വാഹന റാലിയും ഉണ്ട്.
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോട്ടയത്ത് കലാശക്കൊട്ട് ബുധനാഴ്ച വൈകീട്ട് 3.30 മുതൽ ആറുവരെ നടക്കും. മനോരമ ജങ്ഷനിൽനിന്ന് ആരംഭിച്ച് കെ.കെ റോഡ് വഴി സെൻട്രൽ ജങ്ഷനിലൂടെ ഗാന്ധി സ്ക്വയറിൽ സമാപിക്കും. മൂന്നിന് തിരുനക്കര മൈതാനത്ത് ഡി.ജെ സാവിയോയുടെ ലൈവ് പെർഫോമൻസുമായാണ് എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ കൊട്ടിക്കലാശം. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ കഴിഞ്ഞ ദിവസം ഡി.ജെ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.