പുതുവർഷത്തിൽ പ്രതീക്ഷയോടെ
text_fieldsകോട്ടയം: പുതുവർഷത്തിലേക്ക് ചുവടുവെക്കുമ്പോഴും എന്ന് പൂർത്തിയാകുമെന്ന ചോദ്യം ബാക്കിയാക്കിയാണ് ജില്ലയിൽ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതികൾ.ഉദ്യോഗസ്ഥരുടെ അനാസ്ഥയും രാഷ്ട്രീയ വടംവലിയിലും കുരുങ്ങിക്കിടക്കുകയാണ് പ്രധാന വികസന ആശയങ്ങൾ. മറ്റ് ജില്ലകളെ അപേക്ഷിച്ച് അമ്പരിപ്പിക്കുന്ന വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളാണ് മുരടിച്ചുനിൽക്കുന്നത്.
ആകാശപ്പാത, കൊടൂരാറിന് കുറുകെ പാതിനിലച്ചനിലച്ച കോടിമതപാലം, 38 കോടിക്ക് ടെൻഡർ ചെയ്ത കഞ്ഞിക്കുഴി മേൽപാലം, മിനിസിവിൽ സ്റ്റേഷൻ അനക്സിന്റെ നിർമാണം, നട്ടാശ്ശേരിയിലെ റഗുലേറ്റർ കം ഓവർബ്രിഡ്ജ്, അന്താരാഷ്ട്രനിലവാരത്തിൽ ചിങ്ങവനത്തെ സ്പോർട്സ് കോളജ്, നാഗമ്പടം നെഹ്റു സ്റ്റേഡിയം, 10 വർഷം മുമ്പ് നിർമാണം തുടങ്ങിയ കുറവിലങ്ങാട് സയൻസ് സിറ്റി നിർമാണം തുടങ്ങി ജില്ലയിലുടനീളം മുടങ്ങിക്കിടക്കുന്ന പദ്ധതികളും പ്രഖ്യാപനങ്ങളുമേറെയാണ്. റോഡുകൾ, പാലങ്ങൾ, മിനിസിവിൽ സ്റ്റേഷൻ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, കെ.എസ്.ആർ.ടി.സി തുടങ്ങിയ പൊതുജനങ്ങളുടെ പൊതു ആവശ്യങ്ങൾക്കുതകുന്ന സംവിധാനങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാണ്.
കോടിമത മാർക്കറ്റ് കാണാതെ പോകരുതേ
നഗരത്തിലെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങൾ ആശ്രയിക്കുന്ന കോടിമത മാർക്കറ്റിനെ ഏതാണ്ട് കൈയൊഴിഞ്ഞ മട്ടിലാണ് അധികൃതർ. ശൗചാലയ സൗകര്യമോ, കുടിവെള്ളത്തിനുള്ള നടപടിയോ, രാത്രിയായാൽ മാർക്കറ്റിൽ വെളിച്ചമോ ഇല്ല.
എട്ടുവർഷമായി വ്യാപാരികൾ ആവശ്യപ്പെടുന്നതാണ് കോടിമത മാർക്കറ്റിന് മുന്നിലൂടെയുള്ള ബസ് ഗതാഗതം. ബസ് റൂട്ട് അനുവദിക്കാൻ മന്ത്രി, എം.എൽ.എ, നഗരസഭ തുടങ്ങിയവർക്ക് കത്ത് നൽകിയെങ്കിലും ആരും മുൻകൈയെടുക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.
ഉണക്കമീന്‍, പച്ചമീന്‍ മാര്‍ക്കറ്റ് പുതിയ സൗകര്യങ്ങളിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന്റെ ഒന്നരക്കോടി ചെലവഴിച്ച് 2015ലാണ് കോടിമതയിൽ ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചത്. എന്നാൽ, നിര്‍മാണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കെട്ടിടത്തില്‍ മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കോടികള്‍ മുടക്കിയ ആധുനിക മത്സ്യമാര്‍ക്കറ്റ് കെട്ടിടം വര്‍ഷങ്ങളായി കാടുമൂടി നാശത്തിന്റെ വക്കിലാണ്. ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ആധുനിക രീതിയിലുള്ള മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുമ്പോൾ ജില്ലയുടെ പ്രധാനകേന്ദ്രത്തിലെ മത്സ്യമാര്‍ക്കറ്റ് നാശോന്മുഖമാകുകയാണ്.
കുളവാഴ നിര്‍മാര്‍ജനത്തിനായി നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റ് 10 വര്‍ഷമായി പ്രവര്‍ത്തനരഹിതമാണ്. പ്ലാന്റിനായി നിര്‍മിച്ച കെട്ടിടം കാടുകയറി നശിച്ചും യന്ത്രങ്ങള്‍ ഉപയോഗിക്കാതെ തുരുമ്പെടുത്തും നശിക്കുകയാണ്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കോടിമത പച്ചക്കറി മാര്‍ക്കറ്റിന് സമീപമാണ് ബയോഗ്യാസ് പ്ലാന്റ് നിര്‍മിച്ചത്. 52 ലക്ഷം രൂപ ചെലവിട്ട് അഞ്ച്ടണ് സംഭരണശേഷിയുള്ള പ്ലാന്റാണ് നിര്‍മിച്ചത്. ഫിര്മക്കായിരുന്നു നിര്‍മാണച്ചുമതല. 2012ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പൈതൃകവും ടൂറിസവും
- പള്ളം പഴുക്കാനിലക്കായലിലെ മൺറോ ലൈറ്റ് ഹൗസിന്റെ നവീകരണ പ്രഖ്യാപനങ്ങൾ പാഴ്വാക്കായി. നാഴികക്കല്ലായേക്കാവുന്ന സ്മാരകം ഇപ്പോഴും അവഗണനയുടെ വക്കിലാണ്.
- താഴത്തങ്ങാടി ജുമാമസ്ജിദ് ഉൾപ്പെടുന്ന റോഡ് പൈതൃക പദവി കാത്തിരിക്കുകയാണ്.
- കുമാരമംഗലത്ത് മന പൈതൃക മ്യൂസിയത്തിനായി നൽകിയിട്ടും തുടർനടപടിയില്ല.
- ചങ്ങനാശ്ശേരി മനക്കച്ചിറ ടൂറിസം പദ്ധതി പാതിവഴിയിൽ
- സഞ്ചാരികളെ ആകർഷിക്കാനും ബോട്ടുയാത്ര ലക്ഷ്യമിട്ടും തുടങ്ങിയ കച്ചേരിക്കടവ് ബോട്ടുജെട്ടി പോളയും മാലിന്യവും അടിഞ്ഞുകൂടി നശിക്കുന്നു.
- മതിയായ സൗകര്യമില്ലാതെ വീർപ്പുമുട്ടുന്ന വിനോദസഞ്ചാരകേന്ദ്രമായ അരുവിക്കുഴി വെള്ളച്ചാട്ടം
- പുതുവർഷത്തിൽ കോട്ടയംകാരുടെ വികസനപ്രതീക്ഷകളേറെയാണ്. വരുംവർഷത്തിലെങ്കിലും വികസനമുരടിപ്പ് നേരിടുന്ന പദ്ധതികളിൽ പൂർത്തീകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോട്ടയത്തെ ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.