തുരുമ്പെടുത്ത യന്ത്രങ്ങളെ കൃഷി ഭവൻ വളപ്പുകളിൽ നിന്ന് 'ഒഴിപ്പിക്കും'
text_fieldsകോട്ടയം: കാടുകയറിയ കാർഷിക ഉപകരണങ്ങളെ കൃഷിഭവൻ വളപ്പുകളിൽനിന്ന് 'ഒഴിപ്പിക്കും'. നെല്ലും പതിരും വേർതിരിച്ചശേഷമാകും ഉപയോഗശൂന്യമായവ ഒഴിവാക്കുക. ഇതിനായി സംസ്ഥാന വ്യാപക കണക്കെടുപ്പിന് തുടക്കമായി. എബി തോമസ്ട്രാക്ടറുകളടക്കം കോടികളുടെ കാർഷികയന്ത്രങ്ങളാണ് സംസ്ഥാനത്ത് തുരുമ്പെടുത്തും കാടുകയറിയും നശിക്കുന്നത്. ഭൂരിഭാഗവും കൃഷിഭവൻ വളപ്പുകളിൽ കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്. ഇവയിൽ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്തവ ലേലം ചെയ്ത് വിൽക്കാനാണ് തീരുമാനം.
കൃഷിവകുപ്പിന്റെ കീഴിലുള്ള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടി. ഇതിന്റെ ഭാഗമായി കൃഷിവകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, പാടശേഖര സമിതികൾ, വ്യക്തിഗത ഗ്രൂപ്പുകൾ എന്നിവ വാങ്ങിയ മുഴുവൻ കാർഷിക യന്ത്രങ്ങളുടെയും വിവരം ശേഖരിക്കാൻ കൃഷിഭവനുകൾക്ക് ഇവർ നിർദേശം നൽകി. കൃഷിഭവൻ കേന്ദ്രീകരിച്ച് ഇവയുടെ രജിസ്റ്റർ തയാറാക്കുന്നതിനൊപ്പം സംസ്ഥാനതലത്തിലും എണ്ണം ക്രോഡീകരിക്കും.
നിലവിൽ സർക്കാർ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള യന്ത്രങ്ങളുടെ പൂർണകണക്ക് കൃഷിവകുപ്പിലില്ല. പുതിയ യന്ത്രങ്ങളുടെ വിവരങ്ങൾ ഇപ്പോൾ കൃഷിഭവനുകളിലുണ്ടെങ്കിലും പഴയതിൽ വ്യക്തതയില്ല. ഇതിന് പരിഹാരം കാണാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ചിലയിടങ്ങളിൽ വാങ്ങിയിട്ടുള്ള യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാത്ത സ്ഥിതിയുമുണ്ട്. ഇത്തരം ഓഫിസുകളെ കണ്ടെത്താനും സ്ഥിതിവിവരക്കണക്കെടുപ്പിലൂടെ കഴിയുമെന്ന് കാർഷിക യന്ത്രവത്കരണ മിഷൻ അധികൃതർ പറയുന്നു. കേന്ദ്ര പദ്ധതികളിൽനിന്ന് പുതിയതായി യന്ത്രങ്ങൾ ലഭ്യമാക്കാനും നിലവിലുള്ളവയുടെ എണ്ണത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഇവർ പറയുന്നു.
കണക്കുശേഖരണത്തിനുശേഷം അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുന്നവ ഉപയോഗക്ഷമമാക്കും. അല്ലാത്തവ ലേലം ചെയ്ത് വിൽക്കും. കർഷകർക്ക് കുറഞ്ഞ വാടകക്ക് യന്ത്രങ്ങൾ ലഭ്യമാക്കാനായി ആരംഭിച്ച പല കേന്ദ്രങ്ങളിലും തദ്ദേശസ്ഥാപനങ്ങളുടെ പരിസരങ്ങളിലും ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉപകരണങ്ങളുണ്ട്. ട്രാക്ടറുകളും മിനി ട്രാക്ടറുകളും കൊയ്ത്ത്, മെതി യന്ത്രങ്ങളും കുറച്ചുകാലത്തെ ഉപയോഗത്തിനുശേഷം കട്ടപ്പുറത്താകുന്നതാണ് സ്ഥിതി. ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.