സുമംഗലികളായി കലയും മരിയയും; മംഗളമേകി നാട്
text_fieldsകോട്ടയം: ഒരു നാടിെൻറ മുഴുവൻ ആശീർവാദവും സ്നേഹാശംസകളും ഏറ്റുവാങ്ങി കല്ലറ സർക്കാർ മഹിള മന്ദിരത്തിലെ കലയും മരിയയും പുതുജീവിതത്തിലേക്ക് ചുവടുെവച്ചു. കല്ലറ ശ്രീശാരദ ക്ഷേത്രനടയിൽ കൂവപ്പള്ളി സ്വദേശി ആൽബിൻ കുമാർ മരിയക്കും, വൈക്കം ടി.വി പുരം സ്വദേശി കൃഷ്ണജിത്ത് കലക്കും താലി ചാർത്തി.
തോമസ് ചാഴികാടൻ എം.പി., സി.കെ. ആശ എം.എൽ.എ, കലക്ടർ ഡോ. പി.കെ. ജയശ്രീ എന്നിവരുടെ സാന്നിധ്യത്തിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. സുനിൽ കലയുടെയും കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോണി തോട്ടുങ്കൽ മരിയയുടെയും കൈപിടിച്ചു വരന്മാരെ ഏൽപ്പിച്ചു. വലിയൊരു ഉത്തരവാദിത്തം നിറവേറ്റിയ ചാരിതാർഥ്യമായിരുന്നു സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥർക്കും മഹിള മന്ദിരത്തിലെ മറ്റ്അംഗങ്ങൾക്കും.
വധൂവരന്മാർ കേക്ക് മുറിച്ച് പരസ്പരം മധുരം പങ്കുെവച്ചു. കലക്ടർ സമ്മാനിച്ച വിവാഹസാരിയാണ് കലയും മരിയയും ധരിച്ചത്. മഹിളാമന്ദിരം സൂപ്രണ്ട് പി.എം. ഗീതാകുമാരി രണ്ടുപേരെയും വിവാഹവേദിയിലേക്ക് ആനയിച്ചു. മോൻസ് ജോസഫ് എം.എൽ.എയും ജനപ്രതിനിധികളും ചടങ്ങിലെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്നു.
വനിതാ - ശിശു വികസനവകുപ്പ് ഒരുലക്ഷം രൂപ ഇരുവർക്കും വിവാഹ ധനസഹായമായി അനുവദിച്ചിരുന്നു. ചടങ്ങിന് ശേഷം കല്ലറ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഒരുക്കിയ സ്നേഹവിരുന്നിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.
ജില്ല വനിത-ശിശു വികസന ഓഫിസർ ജെബിൻ ലോലിത സെയ്ൻ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ കെ.എസ്. മല്ലിക, വനിത പ്രൊട്ടക്ഷൻ ഓഫിസർ എൽ. അംബിക, തദ്ദേശസ്ഥാപന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. കലക്ടർ കുടുംബ സമേതമാണ് വിവാഹത്തിനെത്തിയത്.
കൂവപ്പള്ളി പുത്തൻവീട്ടിൽ സജീഷ് കുമാർ - ഷീബ ദമ്പതികളുടെ മകനാണ് ആൽബിൻ കുമാർ. ടി.വി പുരം പീടികയിൽ കൃഷ്ണെൻറ മകനാണ് കൃഷ്ണജിത്ത്. അമ്മിണിയാണ് മാതാവ്.
2018 ലാണ് മരിയ മഹിള മന്ദിരത്തിലെത്തുന്നത്. എം.കോം പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുകയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന കല 2011 മുതൽ മഹിള മന്ദിരത്തിലെ അംഗമാണ്. സാമൂഹികക്ഷേമ വകുപ്പിെൻറ കീഴിലുള്ള മഹിള മന്ദിരത്തിൽ അപൂർവമായിട്ടാണ് രണ്ടുവിവാഹം ഒന്നിച്ചെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.