മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതി; നീലൂരിലെ കുടിവെള്ള ശുദ്ധീകരണശാലക്ക് ടെൻഡർ
text_fieldsകോട്ടയം: ജില്ലയിലെ 13 പഞ്ചായത്തുകളില്‍ കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാരംഭിക്കുന്ന മലങ്കര- മീനച്ചില്‍ കുടിവെള്ള പദ്ധതിയുടെ ടെന്‍ഡര്‍ നടപടിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി നീലൂരില്‍ സ്ഥാപിക്കുന്ന 72 എം.എല്‍.ഡി കുടിവെള്ള ശുദ്ധീകരണ ശാലക്കായുള്ളതാണ് ആദ്യ ടെന്‍ഡർ.
ഇതോടൊപ്പം മലങ്കര ഡാമില്‍നിന്നുള്ള വെള്ളം പമ്പ് ചെയ്യുന്നതിനുള്ള പമ്പ് ഹൗസിന്റെയും അനുബന്ധമായിട്ടുള്ള നാലു കിലോമീറ്റര്‍ പൈപ്പ് ലൈനിന്റെയും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ ഈ ടെന്‍ഡറുകൾ തുറക്കും.
മലങ്കര റിസര്‍വോയറില്‍നിന്ന് വെള്ളം കോട്ടയം ജില്ലയിലേക്ക് എത്തിക്കാനാണ് പദ്ധതി. നീലൂരില്‍ സ്ഥാപിക്കുന്ന ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളം പമ്പുചെയ്ത് എത്തിക്കും. ഇവിടെനിന്ന് പ്രതിദിനം 40 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
മൂന്നിലവ്, മേലുകാവ്, കടനാട്, രാമപുരം, തിടനാട്, ഭരണങ്ങാനം, മീനച്ചില്‍, തലപ്പലം, തലനാട്, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ എന്നീ പഞ്ചായത്തുകളിലാകും പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
നേരത്തേ മലങ്കര- മീനച്ചില്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ.മാണി മന്ത്രി റോഷി അഗസ്റ്റിനുമായി ചര്‍ച്ച നടത്തിയിരുന്നു. പൂഞ്ഞാര്‍ മേഖലയിലെ പദ്ധതി സംബന്ധിച്ച വിശദമായ രൂപരേഖ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയും മന്ത്രിക്ക് കൈമാറിയിരുന്നു. 1252 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. മേലുകാവ് 75.12 കോടി, മൂന്നിലവ്- 77.59, കടനാട് -95.40, രാമപുരം- 146.75, തലനാട് -55.83, പൂഞ്ഞാര്‍- 86.81, പൂഞ്ഞാര്‍ തെക്കേക്കര- 100.83, തീക്കോയി- 97.95, തിടനാട്- 111.68 കോടി, മീനച്ചില്‍ -111.37 കോടി, ഭരണങ്ങാനം- 92.79, കൂട്ടിക്കല്‍ -148.74 , തലപ്പലം- 49.24 എന്നിങ്ങനെയാണ് ഓരോ പഞ്ചായത്തുകള്‍ക്കും തുക വകയിരുത്തിയിരിക്കുന്നത്.
ഈ പദ്ധതിയിലൂടെ പാലാ നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെയും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. പദ്ധതിയിലൂടെ അരലക്ഷം കുടുംബങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ ശുദ്ധജലം ലഭിക്കും. പാലാ മുനിസിപ്പാലിറ്റിക്കും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്കും നേരിട്ടല്ലാതെ ഗുണം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.1998ല്‍ അന്ന് മന്ത്രിയായിരുന്ന കെ.എം. മാണിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഒന്നേമുക്കാല്‍ ഏക്കറോളം ഭൂമി ഇതിനായി ഏറ്റെടുത്തിരുന്നു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതി നീണ്ടുപോവുകയായിരുന്നു. കുടിവെള്ളക്ഷാമം നേരിടുന്ന ഈ പഞ്ചായത്തുകളില്‍, ജലജീവന്‍ മിഷനിലൂടെ പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.മലങ്കര കുടിവെള്ള പദ്ധതിയുടെ ചെലവ് കൂടുതലാണെങ്കിലും വര്‍ഷം മുഴുവന്‍ ജലലഭ്യത ഉറപ്പാക്കാനും ജനങ്ങള്‍ക്ക് കടുത്ത വേനലില്‍ പോലും കുടിവെള്ളം തടസ്സമില്ലാതെ വിതരണം ചെയ്യാനും ഈ പദ്ധതിയിലൂടെ സാധിക്കും. ജലജീവന്‍ മിഷന്റെ നാലാമത്തെ സംസ്ഥാനതല കമ്മിറ്റിയില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും സംസ്ഥാന ജലശുചിത്വ മിഷന് ഈ പദ്ധതി ഒന്നുകൂടി സമഗ്രമായ പഠനത്തിന് വിധേയമാക്കി പുനഃപരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനഃപരിശോധനക്കുശേഷം വീണ്ടും അംഗീകാരം നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.