മലരിക്കൽ ആമ്പൽ വസന്തം; 70 ദിവസം, വരുമാനം രണ്ടുകോടിയിലേറെ
text_fieldsകോട്ടയം: മലരിക്കൽ ടൂറിസം ഗ്രാമത്തെ ലോകനെറുകയിലെത്തിച്ച് ഇത്തവണത്തെ ആമ്പൽ വസന്തം മണ്ണിലമർന്നു. ഇനി അടുത്ത സീസണിനായി കാത്തിരിപ്പ്. കൃഷിക്ക് വെള്ളം വറ്റിക്കാൻ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കാൻ തുടങ്ങിയതോടെ ആമ്പൽച്ചെടികൾ കരിഞ്ഞുതുടങ്ങി. മലരിക്കലിലെ വീടുകളിലേക്ക് എഴുപത് ദിവസം കൊണ്ട് രണ്ടുകോടിയിലേറെ രൂപയുടെ വരുമാനം ലഭിച്ചതായാണ് മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ കണക്ക്. കഴിഞ്ഞ തവണ ഒന്നരക്കോടി ആയിരുന്നു വരുമാനം.
വള്ളങ്ങൾ, വീടുകളിലെ പാർക്കിങ് എന്നിവക്കു പുറമെ ആമ്പൽ പൂക്കൾ വിറ്റും ടോയ്ലറ്റ് സൗകര്യം ഒരുക്കിയുമാണ് പ്രാദേശിക ജനത വരുമാനം നേടിയത്. തിരുവാർപ്പ് പഞ്ചായത്തിലെ ജെ ബ്ലോക്കിലെയും തിരുവായ്ക്കരിയിലെയും രണ്ട് പാടശേഖരങ്ങളിലായി 2500ലേറെ ഏക്കർ വിസ്തീർണ്ണമുള്ള രണ്ട് നെൽപ്പാടങ്ങളിലാണ് ആമ്പൽ വസന്തം ഒരുക്കിയത്. ആഗസ്റ്റ് 28നാണ് ഔദ്യോഗികമായി ആമ്പൽ ഫെസ്റ്റ് ആരംഭിച്ചത്. അതിനുമുമ്പുതന്നെ ആമ്പലുകൾ കാണാൻ ഒട്ടേറെപേർ എത്തിത്തുടങ്ങിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ കേരളത്തിന്റെ പല ഭാഗത്തുനിന്നും കാഴ്ചക്കാരുടെ ഒഴുക്കായിരുന്നു.
150 വീടുകളാണ് പ്രദേശത്തുള്ളത്. 170 വള്ളങ്ങൾ ഇത്തവണ പാടത്തിറങ്ങി. ഒരാൾക്ക് മണിക്കൂറിന് 100 രൂപയായിരുന്നു നിരക്ക്. ഫോട്ടോഷൂട്ടിനും മറ്റും സമയമനുസരിച്ച് കൂടിയ നിരക്ക് ലഭിച്ചു. പാർക്കിങ്ങിന് വീടുകളിലെ ഗേറ്റും പറമ്പും വരെ തുറന്നിട്ടുനൽകി. 30 രൂപയായിരുന്നു തുക. ദിനംപ്രതി 1000 രൂപ വരെ ഒരുകുടുംബത്തിന് വരുമാനം കിട്ടി. കുടുംബശ്രീ അംഗങ്ങളാണ് ആമ്പൽ പൂക്കൾ കെട്ടുകളാക്കി വിറ്റത്. 10 പൂക്കളുള്ള കെട്ടിന് 30 രൂപ ഈടാക്കി. ഈ സീസണിൽ ചെലവ് കഴിച്ച് 50,000 രൂപ വരെ മിച്ചം കിട്ടി. കരപ്പാടത്ത് കാഴ്ചക്കാരെത്തുന്നതിനാൽ കായലിൽ പോയാണ് ഇവർ പൂക്കൾ ശേഖരിച്ചിരുന്നത്. ടോയ്ലറ്റ് സൗകര്യവും വീട്ടുകാർ തന്നെ നൽകി. പുതിയത് ഒരുക്കാതെ നിലവിലെ സൗകര്യങ്ങൾ ഉപയോഗിക്കുക മാത്രമാണ് നാട്ടുകാർ ചെയ്തത്.
ചെറിയ കടകൾ, റസ്റ്റാറന്റ്, ഹോം സ്റ്റേ എന്നിവക്കും മികച്ച വരുമാനം കിട്ടി. മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി 2018 മുതലാണ് മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവാർപ്പ്, കാഞ്ഞിരം പഞ്ചായത്ത്, രണ്ട് പാടശേഖരസമിതികൾ എന്നിവയുടെ സഹകരണത്തോടെ ആമ്പൽ ഫെസ്റ്റ് ആരംഭിച്ചത്.
മുഖം മാറി നാട്
പുറംലോകം മലരിക്കൽ എന്ന കാർഷിക ഗ്രാമത്തിലെത്തിയപ്പോൾ നാടും കൂടെ മാറി. കൃഷി ഇല്ലാത്ത സമയത്ത് ഓണക്കാലം സമൃദ്ധമാക്കാൻ പ്രാദേശിക ജനതയെ ഏറെ സഹായിക്കുന്നത് ആമ്പൽ വസന്തമാണ്. കൃഷിയെ ബാധിക്കാതെ കൃഷിസ്ഥലത്തുനിന്ന് വരുമാനം ലഭിച്ചു. രാവിലെ 10 വരെ മാത്രം ജോലി ചെയ്താൽ മതി. ഗ്രാമീണ ജനതക്ക് സാമ്പത്തിക സ്വാതന്ത്ര്യവും ആത്മാഭിമാനവും നൽകി. ക്രയവിക്രയ ശേഷി വർധിപ്പിച്ചു. ടൂറിസം സംസ്കാരം വളർത്തിയെടുക്കാനായി. സൊസൈറ്റി വരുമാനമെടുക്കുന്നില്ല. ജനങ്ങൾക്ക് നേരിട്ടാണ് പണം ലഭിക്കുന്നത്. സഞ്ചാരികളുടെ വരവ് വർധിച്ചതോടെ സംസ്ഥാന സർക്കാർ റോഡ് നവീകരണത്തിന് അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. കാഞ്ഞിരം മുതൽ മലരിക്കൽ വരെ രണ്ടു കിലോമീറ്റർ ദൂരം റോഡ് ഉയരവും വീതിയും കൂട്ടാൻ പ്രവൃത്തി തുടങ്ങി. കാഞ്ഞിരം ജെട്ടിയിലെ പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് 37 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 21 ദിവസം പാലം അടച്ചിട്ടുവേണം പണി നടത്താൻ.
ഷാജി വട്ടപ്പള്ളിൽ (സെക്രട്ടറി, മലരിക്കൽ ടൂറിസം സൊസൈറ്റി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.