മാലിന്യമുക്തം നവകേരളം; അഞ്ചിടത്ത് മിന്നൽ പരിശോധന
text_fieldsകോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ വിവിധയിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 22 സ്ഥാപനങ്ങൾക്കായി 2,52,000 രൂപ പിഴചുമത്തി. കോട്ടയം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകൾ, തലയോലപ്പറമ്പ്, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിപണനവും ഉപയോഗവും, മലിനജലം ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടൽ എന്നിവയാണ് പരിശോധിച്ചത്. 62 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 212 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു.
ഒമ്പത് സ്ഥലത്ത് ജലസ്രോതസ്സുകളിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി കണ്ടെത്തി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദേശമനുസരിച്ച് അസി. ഡയറക്ടർമാർ, ഇന്റേണൽ വിജിലൻസ് ഓഫിസർമാർ എന്നിവരുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധന നടത്തിയത്.മാലിന്യപരിപാലന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ നഗരസഭ/ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.