മണ്ഡലകാലം പമ്പ സർവിസ്: കെ.എസ്.ആർ.ടി.സിക്ക് 1.51 കോടി വരുമാനം
text_fieldsകോട്ടയം: ശബരിമല മണ്ഡലകാലം 25 ദിവസം പിന്നിട്ടപ്പോൾ വലിയ വരുമാന വർധന നേടി കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോ. നവംബർ 14 മുതൽ കഴിഞ്ഞ ഞായറാഴ്ച രാത്രി 12വരെ 1,51,67,278 രൂപയാണ് പമ്പ സർവിസിന്റെ വരുമാനം.
43 വണ്ടികളാണ് പ്രതിദിനം സർവിസ് നടത്തുന്നത്. മൂന്നെണ്ണം എരുമേലിക്കുള്ള ഓർഡിനറി സർവിസാണ്. ബാക്കി 40 എണ്ണം പമ്പക്കും. 2500 ട്രിപ്പാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ 50 ലക്ഷത്തോളം രൂപയുടെ വർധന ഇതുവരെ നേടാനായി. ഓരോ വർഷവും എത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വർധനയുണ്ട്. ഏറ്റവുമധികം ശബരിമല തീർഥാടകരെത്തുന്ന സ്ഥലമാണ് കോട്ടയം. റെയിൽവേ സ്റ്റേഷനിലിറങ്ങി കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നവരാണ് അധികവും.
ഇവർക്കായി എല്ലാ സമയവും രണ്ടു ബസ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടുന്നുണ്ട്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തുന്നവരെ റെയിൽവേ സ്റ്റേഷനിലേക്ക് പറഞ്ഞുവിടും. റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലുമായി രണ്ട് പ്രത്യേക കൗണ്ടറാണ് പ്രവർത്തിക്കുന്നത്.
20 ദിവസമാണ് ജീവനക്കാർക്ക് ഡ്യൂട്ടി. അതുകഴിഞ്ഞാൽ അടുത്ത ഡ്യൂട്ടിക്കാർ കയറും. കോട്ടയം, പാലാ ഡിപ്പോയിൽനിന്നാണ് ഏറ്റവുമധികം വണ്ടികൾ -ആറു വീതം. ചങ്ങനാശ്ശേരി -മൂന്ന്, ഈരാറ്റുപേട്ട, മാനന്തവാടി, പെരിന്തൽമണ്ണ, പിറവം, തൊട്ടിൽപാലം, ബത്തേരി എന്നിവിടങ്ങളിൽനിന്ന് രണ്ട് വീതം, കുളത്തൂപ്പുഴ, കോതമംഗലം, കണ്ണൂർ, മണ്ണാർക്കാട്, മാനന്തവാടി, നെടുങ്കണ്ടം, പെരുമ്പാവൂർ, പൊൻകുന്നം, പയ്യന്നൂർ, പൊന്നാനി, തൊടുപുഴ, വൈക്കം എന്നിവിടങ്ങളിൽനിന്ന് ഒന്നുവീതം എന്നിങ്ങനെയാണ് ബസുകൾ അനുവദിച്ചിട്ടുള്ളത്. തിരക്ക് കണക്കിലെടുത്ത് മകരവിളക്കിന് കൂടുതൽ ബസ് ആവശ്യപ്പെടും. പമ്പ സർവിസ് സുഗമമായി പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
കണ്ടക്ടർമാർക്ക് ക്ഷാമം
സംസ്ഥാനത്തൊട്ടാകെയുള്ള കണ്ടക്ടർമാരുടെ ക്ഷാമം കോട്ടയം ഡിപ്പോയെയും പമ്പ സർവിസിനെയും ബാധിക്കുന്നു. ഉള്ളവരെ വെച്ച് പമ്പ സർവിസ് മുടക്കമില്ലാതെ ഓടിക്കുകയാണ്. 14 എം പാനൽ കണ്ടക്ടർമാരെ പുതിയതായി എടുത്തിരുന്നെങ്കിലും തുടർനടപടി സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. 15 കണ്ടക്ടർമാരുടെ കുറവ് നിലവിൽ കോട്ടയം ഡിപ്പോയിലുണ്ട്. എന്നാൽ, ഡ്രൈവർമാർ ആവശ്യത്തിനുണ്ട്. പമ്പ സർവിസ് മുടക്കമില്ലാതെ ഓടിക്കുന്നതിന് ഒരു ഡ്യൂട്ടി കഴിഞ്ഞ ജീവനക്കാരെ വീണ്ടും ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.