പ്രചാരണം കൊഴുപ്പിക്കാൻ നേതാക്കളുടെ വൻപട
text_fieldsകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽേക്ക പോരാട്ടം കടുപ്പിക്കാനും കളംകൊഴുപ്പിക്കാനും ദേശീയ-സംസ്ഥാന നേതാക്കളുടെ വൻപടതന്നെ സംസ്ഥാനത്തെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, രാഹുല്‍ ഗാന്ധി, പ്രിയങ്ക, എ.കെ. ആൻറണി, സീതാറാം യെച്ചൂരി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, നിര്‍മല സീതാരാമൻ, ത്രിപുര മുഖ്യമന്ത്രി വിപ്ലബ്കുമാർ തുടങ്ങിയവരും ബി.ജെ.പി മുഖ്യമന്ത്രിമാരും വരെ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണത്തിന് എത്തും. രാഹുലും പ്രിയങ്കയും മധ്യകേരളത്തിലെ ചില ജില്ലകളിൽ വരും. ഇവരെ കോട്ടയമടക്കം ജില്ലകളിലെത്തിച്ച് റോഡ്ഷോ നടത്താനും കെ.പി.സി.സി പദ്ധതി തയാറാക്കിയിട്ടുണ്ട്.
നരേന്ദ്ര മോദി കാഞ്ഞിരപ്പള്ളിയിലെത്തുമെന്ന് വിവരമുണ്ട്. അന്തിമ തീരുമാനം ആയിട്ടില്ലെന്നും എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആൻറണി കോട്ടയത്തും പുതുപ്പള്ളിയിലും പൂഞ്ഞാറിലും വൈക്കത്തും സംസാരിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ എല്ലാ മണ്ഡലത്തിലും പ്രചാരണത്തിനുണ്ടാകും. എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാല്‍, എന്‍.കെ. പ്രേമചന്ദ്രന്, ജി. ദേവരാജന്‍, സി.പി. ജോണ്‍ പി.ജെ. ജോസഫ് എന്നിവരും കോട്ടയം ജില്ലയില്‍ വരും.
ഇടതുമുന്നണിയുടെ താരപ്രചാരകന് മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാണ്. 22ന് കോട്ടയം ജില്ലയിലെത്തുന്ന അദ്ദേഹം രാവിലെ 10ന് പാലായിലും വൈക്കത്തും പാമ്പാടിയിലും ഏറ്റുമാനൂരും തിരുനക്കര മൈതാനത്തും സംസാരിക്കും. സീതാറാം യെച്ചൂരി 29ന് കോട്ടയം, ഏറ്റുമാനൂര്‍, കടുത്തുരുത്തി എന്നിവിടങ്ങളില്‍ സംസാരിക്കും. സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എസ്. രാമചന്ദ്രന് പിള്ള, വൃന്ദ കാരാട്ട്, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ എന്നിവരും വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.