വിലച്ചൂടിൽ വിപണി; കോഴിയും മീനും പൊള്ളും
text_fieldsകോട്ടയം: കനത്ത ചൂട് വിപണിയിലും പ്രതിഫലിച്ചതോടെ കോഴിക്കും മീനും പൊള്ളുംവില. കോട്ടയം നഗരത്തിലടക്കം ഇറച്ചികോഴി വില 150 പിന്നിട്ടു. ചില സ്ഥലങ്ങളില്‍ 135 രൂപക്ക് ലഭിക്കുമ്പോൾ ജില്ലയുടെ മിക്ക ഭാഗങ്ങളിലും 150 രൂപക്ക് മുകളിലാണ് ചിക്കന്‍ വില. ഒരുമാസം കൊണ്ട് കിലോക്ക് 40 രൂപയോളമാണ് വർധനവുണ്ടായിരിക്കുന്നത്. ക്രൈസ്തവരുടെ വലിയ നോമ്പ് ആരംഭിച്ചിട്ടും വിലയിൽ കുറവുണ്ടായിട്ടില്ല. മുൻവർഷങ്ങളിൽ വലിയ നോമ്പ് കാലത്ത് വില കുറയുന്നതായിരുന്നു പതിവ്.
ചൂട് കൂടിയതോടെ ഉൽപാദനത്തിലുണ്ടായ കുറവാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ പറയുന്നത്. കനത്ത ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തുപോവുകയും തൂക്കം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഫാം ഉടമകൾ ഉൽപാദനം കുറച്ചു. വെള്ളക്ഷാമം അടക്കം കണക്കിലെടുത്തും വളർത്തുന്ന കോഴികളുടെ എണ്ണം കുറച്ചു.
ഇത് മുതലെടുത്ത് അന്തർ സംസ്ഥാന ലോബി കൃത്രിമ ക്ഷാമമുണ്ടാക്കുന്നതും വില കൂടാൻ കാരണമായെന്ന് കച്ചവടക്കാർ പറയുന്നു. വിലയിലെ ചാഞ്ചാട്ടം കാരണം പ്രാദേശികമായി നടത്തിയിരുന്ന ഫാമുകൾ വലിയ തോതിൽ അടച്ചുപൂട്ടിയിരുന്നു. ഇതോടെ അന്തർ സംസ്ഥാന ലോബിയുടെ നിയന്ത്രണത്തിലാണ് വിപണിയെന്നും ഇവർ പറയുന്നു. ഇത് റമദാൻ കാലത്ത് വില ഇനിയും ഉയരാൻ ഇടയാക്കുമെന്ന ആശങ്കയുമുണ്ട്.
ഇതിനൊപ്പം മീന്‍ വിലയും കുതിക്കുകയാണ്. ഇടത്തരം മത്തി, അയല, കിളി എന്നിവയുടെയെല്ലാം വില 200-220 രൂപയായി. തീരെ വലിപ്പം കുറഞ്ഞതിന് 150 -180 രൂപവരെ നൽകണം. വലിയ ഇനം മീനുകളുടെയെല്ലാം വില 300 രൂപക്ക് മുകളിലാണ്. കേര, തള മീനുകള്‍ 300- 400 റേഞ്ചില്‍ ലഭിക്കുമ്പോള്‍, വറ്റ, ആവോലി പോലുള്ള ഇനങ്ങളുടെ വില പിന്നെയും ഉയരും. വളര്‍ത്ത് മത്സ്യങ്ങള്‍ മാത്രമാണ് താരതമ്യേന വിലക്കുറവില ലഭ്യമാകുന്നത്.
കട്ല, സിലോപ്പിയ, വാള തുടങ്ങിയ ഇനങ്ങള്‍ 140 -150 രൂപയ്ക്കു ലഭ്യമാണ്. എന്നാൽ, ഇതിന് വേണ്ടത്ര ആവശ്യക്കാരില്ല. ഈസ്റ്റർ സമയത്ത് മീനിന്റെ വില ഇനിയും ഉയരാനാണ ്സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. കടൽമീനിന്റെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണമായി പറയുന്നത്.
വില കത്തിക്കയറുമ്പോഴും വിൽപനക്ക് കുറവില്ല
കോട്ടയം: കോഴിയിറച്ചി വില കത്തിക്കയറുമ്പോഴും വിൽപനയിൽ കാര്യമായ കുറവില്ലെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. ഹോട്ടലുകളിലടക്കം ചിക്കൻ വിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയുള്ളതാണ് വിൽപന കുറയാതിരിക്കാൻ കാരണം. സംസ്ഥാനത്തിന് ഒരു മാസം വേണ്ടത് ഏകദേശം ആറ് കോടി കിലോ ചിക്കനാണെന്നാണ് കണക്ക്.
ഇത്രയും ഉൽപാദനം ഇവിടെയില്ല. 60 ശതമാനവും അയൽ സംസ്ഥാനത്തുനിന്നാണ് എത്തുന്നത്. മാസം 2.4 കോടി കിലോ ചിക്കനാണ് സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത്. ഇതിൽ സർക്കാർ ഏജൻസികളുടെയും സംഭാവന രണ്ടര ശതമാനത്തോളം മാത്രമാണ്. 37.5 ശതമാനവും കേരളത്തിലെ സ്വകാര്യ കർഷകരുടെയും ഫാമുകളുടെയും സംഭാവനയാണ്. ബാക്കി അയൽ സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്.
വിപണിയിലെ ഡിമാന്റ്, സീസൺ, വില എന്നിവയെ ആശ്രയിച്ചാണ് കോഴികളെ എത്തിക്കുന്നത്. കോഴിക്കുഞ്ഞുങ്ങളുടെ ഉൽപാദനം കൂട്ടുകയും കോഴിത്തീറ്റ ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുകയും ചെയ്തില്ലെങ്കിൽ സംസ്ഥാനത്തെ കോഴി വിപണി മുഴുവനായും അയൽ സംസ്ഥാനങ്ങളുടെ കൈയിലാകുമെന്ന് വ്യാപാരികൾ പറയുന്നു.
പച്ചക്കറിക്കും പൊള്ളൽ
കോട്ടയം: ഇടവേളക്കുശേഷം പച്ചക്കറിക്കും വില ഉയരുന്നു. കാരറ്റ്, ബീന്‍സ്, കൂര്‍ക്ക എന്നിവയുടെ ചില്ലറ വില 90 രൂപയായി. കാരറ്റിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്. ബീറ്റ്റൂട്ട് വില 80 രൂപയാണ്. തമിഴ്നാടന്‍ പാവയ്ക്ക 60 രൂപക്ക് മുതല്‍ ലഭിക്കുമെങ്കിലും നാടന്‍ പാവയ്ക്ക വേണമെങ്കിൽ 80 രൂപ നൽകണം.
തക്കാളി വില 40 രൂപയില്‍ തുടരുമ്പോള്‍ കാബേജ് വില പലയിടങ്ങളിലും 50 പിന്നിട്ടു. കോളിഫ്ലവർ വിലയും അര്‍ധ സെഞ്ചുറി പിന്നിട്ടിരിക്കുകയാണ്. ചീര, പയര്‍ ഇനങ്ങള്‍ക്ക് 50 മുതല്‍ 80 രൂപ വരെ വാങ്ങുന്നു.വെള്ളരി -30, പടവലങ്ങ -32, മുരിങ്ങക്ക -90, വെണ്ടയ്ക്ക - 50, വഴുതനങ്ങ - 60 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. എന്നാൽ, സവാള അടക്കമുള്ളവയെ വിലക്കയറ്റം ബാധിച്ചിട്ടില്ല. താരതമേന്യ കുറഞ്ഞ വിലക്കാണ് ഇവ ലഭിക്കുന്നത്.
വരവ് കൂടിയതോടെ മാങ്ങ വില കുറഞ്ഞു തുടങ്ങി. പലയിടങ്ങളിലും ഒരു കിലോ മാങ്ങ 60 രൂപക്ക് ലഭിക്കും. നാട്ടിൻപുറങ്ങളിൽ മാങ്ങ ലഭ്യമായി തുടങ്ങിയതും വിലയെ സ്വാധീനിച്ചു. ഏത്തക്കായ വിലയും 50 ന് മുകളിലെത്തി. ചൂടിനെതുടർന്ന് ഉൽപാദനം കുറഞ്ഞതാണ് വിലവര്‍ധനവിന് കാരണമായി പറയുന്നത്.
ചൂട് ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ വില ഉടൻ താഴിെല്ലന്ന സൂചനയാണ് വ്യാപാരികള്‍ നൽകുന്നത്. ചൂട് വ്യാപാരികൾക്കും നഷ്ടം വരുത്തിവെക്കുന്നതായി ഇവർ പറയുന്നു. ചൂടിനെത്തുടര്‍ന്ന് പച്ചക്കറികളിലെ ജലാംശം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന തൂക്ക നഷ്ടമാണ് വ്യാപാരികള്‍ക്കു തിരിച്ചടിയാകുന്നത്. പെട്ടെന്ന് ഉണങ്ങി നശിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.