പമ്പിങ് നേർമയുടെ പേരിൽ പാടശേഖരങ്ങളിൽ വൻകൊള്ള
text_fieldsകോട്ടയം: പാടശേഖരങ്ങളിൽ പമ്പിങ്ങിന് സബ്സിഡിയുള്ളപ്പോഴും വൻതുക പമ്പിങ് നേർമയായി കർഷകരിൽനിന്ന് പിരിച്ചെടുക്കുന്നുവെന്ന് പരാതി. 2015 മുതൽ അപ്പർ കുട്ടനാടൻ പാടശേഖങ്ങളിലെ പമ്പിങ്ങിന് 100 ശതമാനം സബ്സിഡി നൽകാൻ സർക്കാർ ഉത്തരവുണ്ട്. എന്നാൽ, അക്കാര്യം മറച്ചുവെച്ച് കർഷകരിൽനിന്ന് പമ്പിങ് നേർമ പിരിക്കുന്നു എന്നാണ് പരാതി.
പാടശേഖര സമിതികളാണ് വെള്ളം വറ്റിക്കാൻ പമ്പിങ് കോൺട്രാക്ടർമാരെ ഏൽപിക്കുന്നതും നേർമ പിരിക്കുന്നതും. ഒരു കൃഷിക്ക് ഏക്കറിന് നാലായിരത്തിനടുത്താണ് നേർമ പിരിക്കുന്നത്. രണ്ടു കൃഷിക്കും കൂടിയാകുമ്പോൾ ലക്ഷങ്ങളാണ് ഇത്തരത്തിൽ പാടശേഖരസമിതികളുടെ കൈയിലെത്തുന്നത്.
മുൻകാലങ്ങളിൽ സ്വകാര്യവ്യക്തികൾക്ക് പമ്പിങ് കരാർ നൽകുമ്പോൾ മോട്ടോർ വാടക, താൽക്കാലിക മോട്ടോർഷെഡ് നിർമാണം, പെട്ടിമട ഉറപ്പിക്കുക തുടങ്ങി നിരവധി സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു. എന്നാലിപ്പോൾ അടിസ്ഥാന സൗകര്യങ്ങളെല്ലാം സർക്കാർ സൗജന്യമായി ലഭ്യമാക്കുന്നതിനാൽ പമ്പിങ്ങിന് മറ്റു ചെലവുകളില്ല.
ഈ സാഹചര്യത്തിലും വൻ തുക പിരിക്കുന്നത് തങ്ങളെ കൊള്ളയടിക്കുന്നതിനു തുല്യമാണെന്ന് കർഷകർ പറയുന്നു. മഴ, കൃഷിനാശം, വിള നഷ്ടം എന്നിവക്കിടയിലും സബ്സിഡിയുള്ള വിവരം അറിയാതെ കർഷകർ പമ്പിങ് നേർമ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ പാടശേഖര സമിതികളുടെ പ്രവർത്തനച്ചെലവിനുള്ള തുക വേറെ നൽകുന്നുണ്ട്.
മാത്രമല്ല മില്ലുകാർ നെല്ല് എടുക്കുമ്പോൾ കർഷകന് അപ്പപ്പോൾ തന്നെ പാഡി രസീത് ഷീറ്റ്(പി.ആർ.എസ്) നൽകണമെന്നാണ് വ്യവസ്ഥ. ആദ്യകാലങ്ങളിൽ അങ്ങനെ നൽകിയിരുന്നു. കർഷകന് പി.ആർ.എസ് ബാങ്കിൽ നൽകി ഉടൻ പണം വാങ്ങാനും കഴിഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ മില്ലുകാർ പി.ആർ.എസ് തടഞ്ഞുവെക്കുന്നത് പതിവാണെന്നു കർഷകർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.