മീഡിയവൺ ചാനൽ വിലക്ക് ഭരണഘടനയോടുള്ള വെല്ലുവിളി - മന്ത്രി വി.എൻ വാസവൻ
text_fieldsകോട്ടയം: മീഡിയവൺ ചാനൽ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വി.എൻ. വാസവൻ. മീഡിയവൺ വ്യൂവേഴ്‌സ് ഫോറം കോട്ടയത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാജ്യത്ത് അറിയാനും അറിയിക്കാനുമുള്ള സ്വാതന്ത്ര്യം, പൗരാവകാശങ്ങളുടെ സംരക്ഷണം എന്നിവ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. ഇതിനെ വെല്ലുവിളിക്കുകയാണ് മീഡിയവൺ ചാനലിനെ വിലക്കുന്നത് വഴി ഭരണാധികാരികൾ ചെയ്തിരിക്കുന്നത്. പൗരാവകാശത്തിനോടും ജനാധിപത്യ അവകാശത്തിനോടുമുള്ള ധ്വംസനമാണിത്. ചാനലിന് വിലക്കേർപ്പെടുത്തിയത് ഏത് തരത്തിലുള്ള രാജ്യദ്രോഹക്കുറ്റനാണ് കാരണമായതെന്ന് അധികാരികൾ വിശദീകരിക്കാൻ തയാറായിട്ടില്ല. ഇത് ഏകാധിപത്യത്തിന്‍റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന് മുമ്പാകെ ഉയർത്തിക്കൊണ്ടു വന്നിരിക്കുന്ന ഈ നീക്കം അടിയന്തരാവസ്ഥ കാലഘട്ടത്തിൽ പോലും ഇല്ലാത്ത നീചവും നിന്ദ്യവുമായ സമീപനമാണെന്ന് മന്ത്രി പറഞ്ഞു.
ജനങ്ങളുടെ മുഖക്കണ്ണാടിയായി പൗരാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങളെ 'ഫോർത്ത് എസ്റ്റേറ്റ്' എന്ന് വിശേഷിപ്പിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
ജനകോടികൾ ജീവിക്കുന്ന ഒരിടത്ത് ഒരഭിപ്രായം മാത്രമല്ല, പല അഭിപ്രായങ്ങൾ ഉണ്ടാവും. പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികൾ പണ്ടും ഏകാധിപതികൾ നടത്തിയിട്ടുണ്ട്. മാധ്യമങ്ങൾ സ്വാഭാവികമായും അവരുടെ മുഖക്കണ്ണാടിയിൽ കാണുന്നതൊക്കെ ചിത്രീകരിക്കും. അവ അധികാരികൾക്ക് ഇഷ്ടപ്പെട്ടതോ ഇഷ്ടപ്പെടാത്തതോ ആവാം. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിമാത്രം ചലിക്കുന്നൊരു യന്ത്രമായി മാധ്യമങ്ങൾ നിന്നാൽ ആ മാധ്യമ റോൾ തന്നെ ഇന്ത്യയിൽ ഇല്ലാതാകുമെന്നതാണ് യാഥാർഥ്യമെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയവൺ വ്യൂവേഴ്‌സ് ഫോറം ജില്ലാ രക്ഷാധികാരി എ.എം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ,ഡി.സി.സി ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ. ജി.ഗോപകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.സി ബിനോയ്, കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് മൗലവി ഷംസുദ്ദീൻ മന്നാനി ഇലവുപാലം, ജംഇയത്തുൽ ഉലമായെ ഹിന്ദ് ജില്ലാ പ്രസിഡന്‍റ് ശിഫാർ മൗലവി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് അസീസ് ബഡായിൽ, പി.ഡി.പി സംസ്ഥാന ട്രഷറർ എം.എസ് നൗഷാദ്, എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്‍റ് യു. നവാസ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്‍റ് സണ്ണി മാത്യു, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി സനൽ കുമാർ, കെ.അഫ്‌സൽ, എം. സൈഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.