മെമു വന്നാലും ഏറ്റുമാനൂരുകാരുടെ ദുരിതം തീരില്ല
text_fieldsകോട്ടയം: ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ തിങ്കളാഴ്ച മുതൽ കായംകുളം -എറണാകുളം മെമു എത്തുന്നതോടെ യാത്രാക്ലേശങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാവുമെങ്കിലും ഏറ്റുമാനൂരുകാരുടെ ദുരിതം തീരില്ല. സൗകര്യങ്ങളേറെയുള്ള സ്റ്റേഷൻ ആയിട്ടും ട്രെയിനുകൾ നിർത്താത്തതടക്കം നിരവധി പ്രശ്നങ്ങളാണ് ഏറ്റുമാനൂരുകാർക്ക് വിനയാവുന്നത്.
യാത്രക്കാര്‍ ഏറെയുള്ള വഞ്ചിനാട്, മലബാര്‍ എന്നിവക്ക് സ്റ്റോപ്പ് അനുവദിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വഞ്ചിനാടിനും മലബാറിനും പോകേണ്ട നൂറുകണക്കിനു യാത്രക്കാര്‍ ഇപ്പോള്‍ കോട്ടയത്തെത്തിയാണ് പോകുന്നത്. ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ യാത്രക്കാർക്ക് പ്രയോജനപ്പെടും. സ്റ്റേഷനില്‍ രണ്ടു ലിഫ്റ്റ് സ്ഥാപിക്കണമെന്നതും യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യമാണ്.
സ്റ്റേഷനില്‍ എത്തുന്നവരില്‍ നല്ലൊരു ഭാഗം മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി, സമീപത്തെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലേക്കു പോകാനുള്ളവരാണ്. ഇവര്‍ക്ക് രണ്ട്, മൂന്ന് പ്ലാറ്റ്ഫോമില്‍ എത്തണമെങ്കില്‍ പടി കയറി വലയുന്ന അവസ്ഥയാണ്. അതിരമ്പുഴ റോഡിലും നീണ്ടൂര്‍ റോഡിലും ദിശ ബോര്‍ഡുകളും കവാടവും നിര്‍മിക്കുക, സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുക, ചെറിയ കടകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാതെ തന്നെ കാപ്പി ചായ തുടങ്ങിയവ വില്ക്കാന് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യാത്രക്കാര്‍ കാലങ്ങളായി ഉന്നയിക്കുന്നുണ്ട്. എന്നാൽ അധികൃതര്‍ അലംഭാവം തുടരുകയാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം. ഫ്രാന്‍സിസ് ജോര്‍ജ് എം.പിയുടെ ജനകീയ സദസ്സില്‍ ഈ വിഷയങ്ങള്‍ യാത്രക്കാർ ഉന്നയിച്ചിരുന്നു. എം.പിയുടെ ഇടപെടലിലെങ്കിലും പ്രശ്നപരിഹാരമാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.