ശ്വാസംമുട്ടിയ യാത്രക്ക് ശമനം; സ്നേഹം ഏറ്റുവാങ്ങി മെമുവിന്റെ കന്നിയാത്ര
text_fieldsകോട്ടയം: പാലരുവിയിലെയും വേണാടിലെയും ശ്വാസംമുട്ടിയുള്ള യാത്രക്ക് ശമനം നൽകിയെത്തിയ പുതിയ മെമുവിന് വഴിനീളെ സ്വീകരണം നൽകി യാത്രക്കാർ. കൊല്ലത്തുനിന്ന് രാവിലെ 6.15ന് പുറപ്പെട്ട കൊല്ലം-എറണാകുളം എക്സ്പ്രസ് മെമു കോട്ടയത്ത് 7.56നും എറണാകുളം ജങ്ഷനിൽ 9.35നും എത്തി. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിലിന്റെ നേതൃത്വത്തിലാണ് ട്രെയിന് സ്വീകരണം ഒരുക്കിയത്.
നൂറുകണക്കിന് യാത്രക്കാർ ഓരോ സ്റ്റേഷനിലുമെത്തി മെമുവിന്റെ കന്നിയാത്ര ആഘോഷമാക്കി. കൊടിക്കുന്നിൽ സുരേഷ് എം.പിയും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും പ്രഥമ യാത്രയിൽ കൊല്ലത്തുനിന്ന് യാത്രക്കാരെ അനുഗമിച്ചു.
തിങ്കളാഴ്ചയായതിനാൽ രാവിലെ മറ്റ് ട്രെയിനുകളിലെ തിരക്കിന് ചെറിയ കുറവെ അനുഭവപ്പെട്ടുള്ളൂ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇത്തരത്തിൽ തന്നെ ആയിരിക്കുമെന്നാണ് യാത്രക്കാർ പറയുന്നത്. ബുധനാഴ്ചയോടെ തിരക്ക് വലിയ തോതിൽ കുറയും. സാധാരണ ദിവസങ്ങളിലെപ്പോലെ ആരും ശ്വാസം മുട്ടി തലകറങ്ങി വീഴുകയുണ്ടായില്ല. അതുതന്നെ വലിയ കാര്യമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
പുനലൂർ-എറണാകുളം ട്രെയിൻ വരും
കൊല്ലം-എറണാകുളം മെമു എത്രനാൾ സർവിസ് നടത്തുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉയർന്നിട്ടുണ്ട്. ജനുവരിവരെയെന്ന് ആദ്യം റെയിൽവേ അറിയിച്ചിരുന്നെങ്കിലും സമയക്രമം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിൽ നവംബർ ഒമ്പതുവരെ എന്നാണ് പറയുന്നത്. എന്നാൽ, ആശയക്കുഴപ്പത്തിന്റെ സാഹചര്യമില്ലെന്നും പുതിയ ട്രെയിൻ വരുന്നതുവരെ മെമു സർവിസ് നടത്തുമെന്നുമാണ് ഫ്രണ്ട്സ് ഓൺ റെയിൽ കൂട്ടായ്മ പറയുന്നത്. എറണാകുളം റൂട്ടിലെ യാത്രക്ലേശം പരിഹരിക്കാൻ പുനലൂർ-കൊല്ലം-എറണാകുളം ട്രെയിനാണ് ആവശ്യപ്പെട്ടിരുന്നത്. യാത്രക്കാർക്ക് ശാരീരിക അസ്വാസ്ഥ്യമടക്കം ഉണ്ടായതോടെ അടിയന്തരമായി കൊല്ലം-എറണാകുളം മെമു റേക്ക് ഷെയർ അനുവദിക്കുകയായിരുന്നു. സാങ്കേതികതടസ്സം നീങ്ങിയാലേ പുനലൂർ-കൊല്ലം-എറണാകുളം ട്രെയിൻ അനുവദിക്കാനാവൂ. അതുവരെ മെമു സർവിസ് നടത്തുമെന്ന് റെയിൽവേ അനൗദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
മെമുവിൽ 12 കോച്ചാക്കും
നിലവിൽ എട്ട് കോച്ചുകളാണ് മെമുവിലുള്ളത്. ഇത് 12 ആക്കി വർധിപ്പിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ തിരക്ക് നോക്കി പ്രതിദിന സർവിസ് ആക്കുന്ന കാര്യവും പരിഗണിക്കും.
എറണാകുളം ജങ്ഷനിൽ നിശ്ചിത സമയത്തിന് മുമ്പേ എത്തിയ സാഹചര്യത്തിൽ സമയക്രമത്തിൽ മാറ്റം വരുത്താതെ ഓച്ചിറ, കാഞ്ഞിരമറ്റം സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ കൂടി ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജറെ സമീപിച്ചതായും എം.പി അറിയിച്ചു. എറണാകുളത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് ഉച്ചക്ക് 1.55നുള്ള പരശുറാമിനും വൈകീട്ട് 5.20നുള്ള വേണാടിനും ഇടയിലെ വലിയ ഇടവേളകൂടി പരിഹരിക്കുന്ന വിധം എറണാകുളത്തുനിന്ന് തിരിച്ചുള്ള സർവിസ് ക്രമീകരിക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ. ലിയോൺസ് അഭിപ്രായപ്പെട്ടു.
മധുരവിതരണവുമായി ഏറ്റുമാനൂരിലെ യാത്രക്കാർ
പുതിയ മെമു സർവിസിന് മികച്ച സ്വീകരണമൊരുക്കി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ. പുഷ്പവൃഷ്ടി നടത്തിയും കളർ ഫോഗുകൾകൊണ്ട് വർണവിസ്മയം തീർത്തും മധുരം വിതരണം ചെയ്തും അവിസ്മരണീയ ദൃശ്യാനുഭവമാണ് യാത്രക്കാർ ഏറ്റുമാനൂരിൽ ഒരുക്കിയത്. ഫ്രണ്ട്സ് ഓൺ റെയിൽസ് ജില്ല പ്രസിഡന്റ് അജാസ് വടക്കേടം കൊടിക്കുന്നിൽ സുരേഷ് എം.പിയെ പുഷ്പഹാരമണിയിച്ചു. അസോസിയേഷൻ ജില്ല സെക്രട്ടറി ശ്രീജിത് കുമാർ പൊന്നാടയണിയിച്ചു. ലോക്കോ പൈലറ്റ് ഡിന്നിച്ചൻ ജോസഫിനെയും സ്വീകരിച്ചു. ലെനിൻ കൈലാസ്, യദു കൃഷ്ണൻ, ബി. രാജീവ്, സിമി ജ്യോതി, രജനി സുനിൽ, ആതിര, പ്രവീൺ, എം.എസ്. ഷിനു എന്നിവർ നേതൃത്വം നൽകി.
കൂടുതൽ സ്റ്റോപ് പരിഗണിക്കും -ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം: എറണാകുളം-കോട്ടയം-കൊല്ലം റൂട്ടിൽ പുതിയ മെമു ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പാർലമെന്റ് കമ്മിറ്റിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ ആയതിനാലാണ് ആദ്യ സർവിസ് കോട്ടയം മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിൽ എത്തിയപ്പോൾ സ്വീകരിക്കാൻ കഴിയാതെ വന്നതെന്നും അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മണ്ഡലത്തിലെ ചിങ്ങവനം, കുമാരനല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിക്കുന്ന കാര്യം റെയിൽവേ ഡിവിഷനൽ മാനേജറുമായി ചർച്ച ചെയ്തു. സർവിസ് തുടങ്ങിയ ശേഷം സമയ ക്രമീകരണം പരിശോധിച്ച ശേഷം കൂടുതൽ സ്റ്റോപ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡി.ആർ.എം ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.