എം.ജി കലോത്സവത്തിന് നാളെ തിരിതെളിയും
text_fieldsകോട്ടയം: ഏഴുനാൾ നീളുന്ന എം.ജി സർവകലാശാല കലോത്സവത്തിനൊരുങ്ങി അക്ഷരനഗരി. മതനിരപേക്ഷതയും സമത്വവും ഫെഡറൽ സംവിധാനവും ജനാധിപത്യവും വെല്ലുവിളിക്കപ്പെടുന്ന പുതിയ ഇന്ത്യൻ സാഹചര്യത്തിലാണ് ഭരണഘടനയിലെ ആദ്യവാചകമായ ‘വീ ദ പീപിൾ ഓഫ് ഇന്ത്യ’ എന്ന പേര് കലോത്സവത്തിന് നൽകിയത്.
തിങ്കളാഴ്ച വൈകീട്ട് നാലിന് തിരുനക്കര മൈതാനത്ത് സിനിമ താരവും എം.എൽ.എയുമായ മുകേഷ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയർമാൻ മന്ത്രി വി.എൻ. വാസവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തിരുനക്കര മൈതാനം, സി.എം.എസ് കോളജ്, ബി.സി.എം കോളജ്, ബസേലിയസ് കോളജ് എന്നിവിടങ്ങളിലായി ഒമ്പത് വേദികളിലാണ് കലോത്സവം അരങ്ങേറുന്നത്. ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങളായ സെക്കുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ജസ്റ്റിസ്, റിപ്പബ്ലിക്, സോവറൈൻ, ലിബർട്ടി, ഇക്വാലിറ്റി, ഫ്രറ്റേണിറ്റി എന്നിവയാണ് വേദിയുടെ പേരുകൾ. അഞ്ച് വർഷത്തിനുശേഷമാണ് എം.ജി സർവകലാശാല കലോത്സവം അക്ഷരനഗരിയിൽ എത്തുന്നത്.
തിങ്കളാഴ്ച മുതൽ മാർച്ച് മൂന്നുവരെ നീളുന്ന കലോത്സവത്തിൽ 215 കോളജുകളിൽ നിന്നായി ഏഴായിരത്തിലധികം പേർ മാറ്റുരക്കും. 74 ഇനങ്ങളിലായാണ് മത്സരങ്ങൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 13 ഇനം മത്സരങ്ങൾ പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിനായി പ്രത്യേക മത്സരങ്ങളുണ്ട്. തമിഴിലും മത്സരങ്ങളുണ്ട്.
2.30ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് തിരുനക്കര മൈതാനത്തേക്ക് കലാജാഥ നടക്കും. ഇതിൽ കലോത്സവ മുദ്രാവാക്യമായ ‘വീ ദ പീപിൾ ഓഫ് ഇന്ത്യ’ എന്നതിനെ അടിസ്ഥാനമാക്കിയുള്ള പ്ലോട്ടുകൾ അവതരിപ്പിക്കും. സിനിമ താരങ്ങളായ അനശ്വര രാജൻ, ദുർഗ കൃഷ്ണ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥികളാകും. സിനിമതാരം വിജയരാഘവനെയും തിരക്കഥാകൃത്തും സംവിധായകനുമായ എം.എ. നിഷാദിനെയും ആദരിക്കും. മാർച്ച് മൂന്നിന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനയോഗം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എം.ജി യൂനിവേഴ്സിറ്റി യൂനിയൻ ചെയർപേഴ്സൻ വി.ആർ. രാഹുൽ, ജനറൽ സെക്രട്ടറി അജിൻ തോമസ്, സംഘാടകസമിതി ജനറൽ കൺവീനർ മെൽബിൻ ജോസഫ്, പ്രോഗ്രാം കൺവീനർ ബി. ആഷിക് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.