ഒത്തൊരുമയിൽ തളിരിട്ട നേട്ടം: വനമിത്ര പുരസ്‌കാരം സ്വന്തമാക്കി എം.ജി സർവകലാശാല
text_fieldsകോട്ടയം: സർക്കാർ സ്ഥാപനങ്ങൾക്കായി ജില്ല തലത്തിൽ ആദ്യമായി ഏർപ്പെടുത്തിയ വനമിത്ര പുരസ്‌കാരത്തിന് മഹാത്മാഗാന്ധി സർവകലാശാലയെ പ്രാപ്തമാക്കിയത് വിദ്യാർഥികളുടെയും അധ്യാപകരുടെയും ഭരണവകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമങ്ങൾ. പരിസ്ഥിതി-വന സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സംസ്ഥാന വനംവകുപ്പ്, പുരസ്‌കാരത്തിന് എം.ജി സർവകലാശാലയെ തെരഞ്ഞെടുത്തത്.
സർവകലാശാല യൂനിയന്‍റെ നേതൃത്വത്തിൽ വിദ്യാർഥികളും ഭരണനേതൃത്വത്തിന്‍റെ പിന്തുണയോടെ എസ്‌റ്റേറ്റ് വിഭാഗത്തിന് കീഴിൽ ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളിലെ അധ്യാപകരും നടത്തിയ മികച്ച ആസൂത്രണവും പ്രവൃത്തികളുമാണ് ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ സർവകലാശാലയെ സഹായിച്ചത്.
സർവകലാശാലയുടെ 104 ഏക്കർ വിസ്തൃതിയുള്ള കാമ്പസിന്‍റെ 30 ഏക്കറിലധികം വരുന്ന പ്രദേശം 2010 മുതൽ സംരക്ഷിതപ്രദേശമായി നിലനിർത്തിവരുകയാണ്. പരിസ്ഥിതി ശാസ്ത്രപഠന വകുപ്പിനാണ് ഈ പ്രദേശങ്ങളുടെ സംരക്ഷണച്ചുമതല.
ആകെ 259 ഇനം സസ്യങ്ങൾ ഇവിടെ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 11 ഇനങ്ങൾ പശ്ചിമഘട്ടനിരകളിൽ മാത്രം കാണപ്പെടുന്നവയും അഞ്ച് ഇനങ്ങൾ ഇന്ത്യൻ ഉപദ്വീപിൽ മാത്രം കണ്ടുവരുന്നവയുമാണ്. ഇന്‍റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ വംശനാശഭീഷണി നേരിടുന്ന പട്ടികയിൽപ്പെടുത്തിയിട്ടുള്ള മൂന്നിനം സസ്യങ്ങളെയും കാമ്പസിൽ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ വിവിധയിനം പക്ഷികൾ, ചിത്രശലഭങ്ങൾ, തുമ്പികൾ, ഉരഗവർഗങ്ങൾ എന്നിവയുടെ ആവാസകേന്ദ്രം കൂടിയാണ് ഈ സംരക്ഷിതപ്രദേശം. അന്യംനിന്നുപോകുന്ന കാർഷികവിളകൾ, വെച്ചൂർ പശു എന്നിവയുടെ സംരക്ഷണത്തിനും സർവകലാശാല നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങളിൽ ഹരിതപ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിനും യു.ജി.സിയുടെ നിർദേശപ്രകാരമുള്ള ദേശീയ വനസംരക്ഷണ നടപടി ഏകോപിപ്പിക്കുന്നതിനും പ്രത്യേകം ഉദ്യോഗസ്ഥരെയും സർവകലാശാല നിയോഗിച്ചിട്ടുണ്ട്. വനംവകുപ്പിന്‍റെ സഹകരണത്തോടെ ചാലക്കുടി, വാഴച്ചാൽ വനം ഡിവിഷനുകളിൽ നടപ്പാക്കിവരുന്ന പുഴയോരക്കാടുകളുടെ പുനഃസ്ഥാപന പ്രക്രിയയിലും സർവകലാശാല നിർണായക പങ്കാണ് വഹിച്ചുവരുന്നത്.
മന്ത്രി എ.കെ. ശശീന്ദ്രനിൽനിന്ന് രജിസ്ട്രാർ ഡോ. പ്രകാശ് കുമാർ ബി. പുരസ്‌കാരം ഏറ്റുവാങ്ങി. വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, സിൻഡിക്കേറ്റ് അംഗം ഡോ. ബി. കേരളവർമ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. എസ്റ്റേറ്റ് ഓഫിസർ എം.കെ സജി, യൂനിവേഴ്‌സിറ്റി യൂനിയൻ സെക്രട്ടറി അൻഷിദ്, മറ്റ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.