കായൽ കക്കയിലും മീനുകളിലും മൈക്രോപ്ലാസ്റ്റിക്
text_fieldsകോട്ടയം: കായൽ മത്സ്യങ്ങളിൽ മനുഷ്യർക്ക് ഭീഷണിയാകുന്ന അളവിൽ മൈക്രോ പ്ലാസ്റ്റിക് അംശമെന്ന് കണ്ടെത്തൽ. ആലപ്പുഴ മുതൽ തണ്ണീർമുക്കം ബണ്ട് വരെയുള്ള തെക്കൻ വേമ്പനാട്ടുകായലിൽനിന്നുള്ള ഒരു ഗ്രാം കറുത്ത കക്കയിൽ 0.15 മുതൽ 0.25 മൈക്രോഗ്രാം പ്ലാസ്റ്റിക് അംശം കണ്ടെത്തിയപ്പോൾ, തണ്ണീർമുക്കം ബണ്ട് മുതൽ കൊച്ചി വരെയുള്ള മധ്യ വേമ്പനാട്ടുകായലിൽ അത് 0.14 മുതൽ 0.9 മൈക്രോ ഗ്രാം വരെയാണെന്നാണ് പഠനം.
വേമ്പനാട്ടുകായലിൽ കേരള മത്സ്യ-സമുദ്രപഠന സർവകലാശാല (കുഫോസ്) നടത്തിയ പഠനത്തിലാണ് ഗുരുതര കണ്ടെത്തലുകൾ. ജലത്തിൽ ലയിക്കാത്ത, നഗ്നനേത്രങ്ങളിൽ കാണാത്ത അഞ്ച് മില്ലീമീറ്ററിൽ താഴെ വലുപ്പമുള്ള പ്ലാസ്റ്റിക് കണികകളാണ് മൈക്രോ പ്ലാസ്റ്റിക്.
ജലജീവികളുടെ ശരീരകോശങ്ങളിൽ എത്തുന്ന മൈക്രോപ്ലാസ്റ്റിക് അംശങ്ങളിൽ ഒരുപങ്ക് മനുഷ്യശരീരത്തിലേക്ക് എത്തുമെന്നും ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മൈക്രോപ്ലാസ്റ്റിക് നിരന്തരം ഉള്ളിൽ ചെല്ലുന്നത് അർബുദം, ആസ്ത്മ, പ്രമേഹം ശരീരഭാരം കുറയൽ, ആന്റീ ഓക്സിഡന്റ് എൻസൈമുകളുടെ പ്രവർത്തന മാറ്റം എന്നിവക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ, ഇവ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടന്നിട്ടില്ല.
നൈലോൺ കയറുകൾ, വലകൾ, ഡിറ്റർജന്റുകൾ, നൈലോൺ-ഫൈബർ തുണിത്തരങ്ങൾ എന്നിവയിൽ നിന്നുമുള്ള ചെറുനാരുകളും തരികളുമാണ് മൈക്രോ പ്ലാസ്റ്റികിൽ ഏറെയുള്ളത്.
നീല, ചുവപ്പ് നിറങ്ങളിലുള്ള പ്ലാസ്റ്റിക് തരിമാലിന്യമാണ് കൂടുതൽ. ഇത്തരം പ്ലാസ്റ്റിക് കൂടുതൽ ഉപയോഗിക്കുന്നതു മീൻപിടിത്ത വലകളിലും കുപ്പികളുടെ അടപ്പ് ഉൾപ്പെടെ നിർമിക്കാനുമാണ്. ഇതേ നിറങ്ങളിലുള്ള മൈക്രോ പ്ലാസ്റ്റിക് അംശമാണ് കക്കകളിലും മീനുകളിലും കണ്ടെത്തിയത്.
കടൽ മത്സ്യങ്ങളിൽ കണ്ടെത്തിയെങ്കിലും കൂടുതൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കായലിലുള്ളവയിലാണ്. മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം മത്സ്യസമ്പത്തിനും ദോഷം ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കരിമീൻ, കൊഞ്ച്, ചെമ്മീൻ, കക്ക എന്നിവയുടെ ലഭ്യതക്കുറവിന് ഇത് കാരണമാകുമെന്നും ഇവർ പറയുന്നു. വേമ്പനാട്ടുകായലിന്റെ അടിത്തട്ടിലുള്ളത് 3005 ടൺ പ്ലാസ്റ്റിക് മാലിന്യമെന്നാണ് പഠനത്തിൽ പറയുന്നത്. ലോകത്തിലെ സമാന ആവാസവ്യവസ്ഥകളെക്കാൾ വളരെക്കൂടുതലാണിത്. ഇതിൽ 2767 ടണ്ണും ആലപ്പുഴ മുതൽ തണ്ണീർമുക്കം ബണ്ട് വരെയുള്ള തെക്കൻ വേമ്പനാട്ടുകായലിലാണ്. ഒഴുകിനടക്കുന്ന, വലിയതരം പ്ലാസ്റ്റിക് മാലിന്യമാണ് ഈ മേഖലയിൽ കൂടുതൽ. കുട്ടനാട് ഉൾപ്പെടുന്ന തെക്കൻ മേഖലയിൽ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവേറെ. ഈ മേഖലയിലെ കായൽ ഉപരിതലത്തിലെ ഒരു ഘനമീറ്ററിൽ 34 ഇനം പ്ലാസ്റ്റിക് ഭാഗങ്ങൾ കണ്ടെങ്കിൽ മധ്യമേഖലയിൽ അത് 49 ഇനമാണ്.
238 ടണ്ണാണ് തണ്ണീർമുക്കം ബണ്ട് മുതൽ കൊച്ചി വരെയുള്ള മധ്യ വേമ്പനാട്ടുകായലിലെ പ്ലാസ്റ്റിക് മാലിന്യം. വെള്ളത്തിൽ ലയിക്കാത്ത മൈക്രോ പ്ലാസ്റ്റിക് (അഞ്ച് മില്ലീമീറ്ററിൽ താഴെ വലുപ്പമുള്ളത്) മാലിന്യമാണ് കൂടുതലും.
അതിൽ 70 ശതമാനവും നാര് രൂപത്തിലുള്ളവയാണെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നിർദേശപ്രകാരം ഡോ. വി.എൻ. സഞ്ജീവന്റെ നേതൃത്വത്തിൽ കുഫോസിലെ സെന്റർ ഫോർ അക്വാട്ടിക് റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ അഞ്ച് വർഷംകൊണ്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.