മുപ്പായിപ്പാടം നിറഞ്ഞ് ദേശാടനപ്പക്ഷികൾ
text_fieldsകോട്ടയം: കണ്ണിനു ദൃശ്യവിരുന്നേകി മുപ്പായിപ്പാടത്ത് ദേശാടനപ്പക്ഷികൾ വിരുന്നെത്തി. പുള്ളിച്ചുണ്ടൻ കൊതുമ്പനവും (സ്പോട്ട് ബിൽഡ് പെലിക്കൻ) വർണകൊക്കുകളുമാണ് (പെയിൻറഡ് സ്റ്റോക്) പുതിയ അതിഥികൾ. കൃഷിക്കൊരുക്കുന്ന 90 ഏക്കർ പാടശേഖരത്തിൽ നിറങ്ങൾ വാരിവിതറി പാറിനടക്കുകയാണ് ഇവ. പാടങ്ങളിലും തണ്ണീർത്തടങ്ങളിലും കാണുന്നയിനം വെള്ളകൊക്കുകളും മറ്റു പക്ഷികളും ഇവക്കൊപ്പമുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന പുള്ളിച്ചുണ്ടൻ കൊതുമ്പനം ജലാശയങ്ങൾക്കരികിലും മനുഷ്യവാസം ഉള്ളിടത്തുമാണ് കൂടുകൂട്ടി മുട്ടയിടുക. സഞ്ചിപോലെയുള്ള താടയാണ് ചാരനിറത്തിലുള്ള പുള്ളിച്ചുണ്ടൻ കൊതുമ്പനത്തിെൻറ പ്രത്യേകത. കൊക്കിന് മീതെ പുള്ളിക്കുത്തുകളുമുണ്ട്. ശീതകാലത്ത് കേരളത്തിലെത്തുന്ന ഇവ വൻതോതിൽ കുമരകത്ത് പക്ഷിസങ്കേതത്തിനു സമീപം തമ്പടിച്ചിട്ടുണ്ട്.
തൂവലുകളില്ലാത്ത മഞ്ഞനിറമുള്ള മുഖവും അറ്റം കീഴോട്ട് വളഞ്ഞ കൊക്കും നീളൻകാലുകളമാണ് വർണകൊക്കുകളുടെ പ്രത്യേകത. ചിറകിൽ വാലറ്റത്തെ പിങ്ക് നിറമാണ് ഇവക്ക് മനോഹാരിതയേകുന്നത്. കോട്ടയം ഈരയിൽക്കടവ് -മണിപ്പുഴ ബൈപാസിനു സമീപമുള്ള മുപ്പായിപ്പാടത്ത് പക്ഷികളെ കാണാനും കാമറയിൽ പകർത്താനും നിരവധി പേരാണ് എത്തുന്നത്. പാടത്തെ മീനാണ് ഇവയെ ഇവിടേക്ക് ആകർഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.