52 വാർഡുകളിലും മിനി എം.സി.എഫുകൾ സ്ഥാപിക്കും
text_fieldsകോട്ടയം: നഗരത്തിൽ മാലിന്യച്ചാക്കുകൾക്ക് പകരം മിനി എം.സി.എഫുകൾ വരുന്നു. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ 52 വാർഡുകളിലും പോർട്ടബിൾ മിനി എം.സി.എഫുകൾ സ്ഥാപിക്കാനാണ് പദ്ധതി.
മാലിന്യം സൂക്ഷിക്കാൻ സ്ഥിരംസംവിധാനമാവും. ഹരിതകർമസേനയെ ഉപയോഗിച്ച് വീടുകളിൽനിന്ന് മാലിന്യം തരംതിരിച്ച് ശേഖരിക്കും. ജൈവമാലിന്യം നാഗമ്പടത്തെയും കോടിമതയിലെയും തുമ്പൂർമുഴി പ്ലാന്‍റിൽ സംസ്കരിക്കും.
പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനി കൊണ്ടുപോവും. പദ്ധതിക്ക് ശുചിത്വമിഷെൻറ അംഗീകാരം ലഭിച്ചു. മാലിന്യം ചാക്കുകളിലാക്കി റോഡരികിൽ സൂക്ഷിക്കുകയാണ് നിലവിൽ ചെയ്യുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പദ്ധതി നടത്തിപ്പിനായി മൂന്ന് ഏജൻസികൾ അപേക്ഷ നൽകിയിട്ടുണ്ട്. ഓണം കഴിഞ്ഞ് ഇവരുടെ പദ്ധതി അവതരണം കൗൺസിലിൽ ഉണ്ടാവും. അതിനുശേഷം ഏത് ഏജൻസി വേണമെന്ന് തീരുമാനിക്കും. ട്യൂബ്ലൈറ്റ്, കുപ്പി, ചെരുപ്പ്, പത്രം തുടങ്ങി എല്ലാത്തരം മാലിന്യവും ശേഖരിക്കും. പൈലറ്റ് പദ്ധതിയായി തിരുനക്കര വാർഡിൽ നടപ്പാക്കാനാണ് തീരുമാനം. എം.സി.എഫുകൾ സ്ഥാപിക്കാൻ സ്ഥലങ്ങൾ കണ്ടെത്തി. സ്ഥലവിസ്തൃതി അനുസരിച്ചായിരിക്കും വലുപ്പം. മാലിന്യം ശേഖരിക്കുന്നതിന് യൂസർഫീ നൽകണം. നിലവിൽ റോഡരികിലെ മാലിന്യച്ചാക്കുകൾ നീക്കിക്കൊണ്ടിരിക്കുകയാണ്. ചാക്കുകളിൽ ഏറെയും ജൈവമാലിന്യമാണ്. ശുചീകരണ വിഭാഗം ജീവനക്കാർ ഇവ വേർതിരിച്ച് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഇതോടെ റോഡരികിലെ മാലിന്യച്ചാക്കുകളിൽനിന്ന് നഗരത്തിന് രക്ഷയാവുമെന്നാണ് പ്രതീക്ഷ. കൂട്ടിവെച്ചിരുന്ന മാലിന്യച്ചാക്കുകൾ നാണക്കേടായതോടെയാണ് നഗരസഭ എം.സി.എഫുകൾ സ്ഥാപിക്കാനും വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കാനും പദ്ധതി ആവിഷ്കരിച്ചത്. കഴിഞ്ഞദിവസമുണ്ടായ മഴയിൽ മാലിന്യച്ചാക്കുകൾ റോഡിൽ ഒഴുകിനടന്നത് വലിയ പ്രതിഷേധമുയർത്തിയിരുന്നു. കൗൺസിലിലും ഇതു സംബന്ധിച്ച് പ്രതിഷേധമുയർന്നു. കൃത്യമായി മാലിന്യം എടുക്കുന്നുണ്ടോ സംസ്കരിക്കുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിക്കുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.