‘എനിക്ക് ക്രെഡിറ്റെടുക്കണം, ഞാൻ രാഷ്ട്രീയക്കാരനാണ്’
text_fieldsകോട്ടയം: റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം യാഥാർഥ്യമാക്കിയത് ആരായിരിക്കും?. താൻ രാഷ്ട്രീയക്കാരനായതിനാൽ എല്ലാറ്റിന്റെയും മുന്നിൽ വന്ന് ക്രെഡിറ്റെടുക്കാമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. രണ്ടാം കവാടം ഉദ്ഘാടനച്ചടങ്ങിൽ, അവകാശവാദമുന്നയിച്ചവരെ വിമർശിച്ചും കളിയാക്കിയുമായിരുന്നു ജോർജ് കുര്യന്റെ അഭിപ്രായം. മന്ത്രിക്കു മുമ്പ് സംസാരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഫ്രാൻസിസ് ജോർജ് എം.പി, ജോസ് കെ. മാണി എം.പി എന്നിവർ റെയിൽവേ വികസനത്തിന് തങ്ങൾ ചെയ്ത കാര്യങ്ങൾ പറഞ്ഞിരുന്നു. മൂന്നുപേരും മുൻ എം.പി തോമസ് ചാഴികാടന്റെ പങ്കും എടുത്തുപറഞ്ഞു. തുടർന്നായിരുന്നു ഇവർക്ക് മറുപടിയെന്നപോലെ മന്ത്രി സംസാരിച്ചത്. മന്ത്രിയുടെ പ്രസംഗത്തിൽനിന്ന്: ‘‘പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു കാര്യം പറഞ്ഞാൽ അക്കാര്യം നടന്നിരിക്കും. തന്നെപ്പോലുള്ളവർ പിറകെ നടക്കേണ്ട കാര്യമില്ല. എങ്കിലും താൻ മുന്നിൽ വന്ന് നിൽക്കും അതിന്റെ ക്രെഡിറ്റ് നേടാൻ. അതാണല്ലോ രാഷ്ട്രീയം. 11 വന്ദേഭാരത് എക്സ്പ്രസുകൾ കൂടി വരാനിരിക്കുകയാണ്. അപ്പോഴും താൻ മുന്നിൽ വന്നുനിൽക്കും താനാണ് ചെയ്തതെന്ന് പറഞ്ഞ്. റെയിൽവേ ഗേറ്റുകൾ സമയബന്ധിതമായി നിർത്തലാക്കി പാലങ്ങൾ കൊണ്ടുവരികയാണ്. അന്നും താൻ വന്നുനിൽക്കും ഇത് താനാണ് ചെയ്തതെന്ന് പറഞ്ഞ്.
ഒ. രാജഗോപാൽ മന്ത്രിയായിരിക്കെയാണ് ഇരട്ടപ്പാത തുടങ്ങിവെച്ചത്. അത് പൂർത്തിയായപ്പോൾ താൻ വന്നുനിന്നു പറഞ്ഞു ഇതെന്റെ നേട്ടമാണെന്ന്. തനിക്ക് പറയാതിരിക്കാനാവില്ല. താൻ രാഷ്ട്രീയക്കാരനാണ്. മമത ബാനർജി റെയിൽവേ മന്ത്രി ആയിരുന്നപ്പോൾ പ്രഖ്യാപിച്ചതാണ് കോട്ടയം കോച്ചിങ് ടെർമിനൽ ആക്കുമെന്ന്.
താനതിന്റെ മുന്നിൽ വന്നില്ല. കാരണം അത് നടപ്പായിട്ടില്ല. കോട്ടയത്ത് കൂടുതൽ അമൃത് സറ്റേഷനുകൾ വരും. അതിന്റെ അവകാശവാദവുമായി താൻ അപ്പോഴും വന്നുനിൽക്കും.’’
25 ഏക്കർ സ്ഥലം കിട്ടുമോ?
പിറവം റോഡ് മുതൽ ചങ്ങനാശ്ശേരി വരെ റെയിൽവേയോട് ചേർന്ന് 25 ഏക്കർ സ്ഥലം പൊതുജനങ്ങൾ ആരെങ്കിലും നൽകാൻ തയാറായാൽ കോട്ടയത്ത് കോച്ചിങ് ടെർമിനൽ വരുമെന്ന് മന്ത്രി ജോർജ് കുര്യൻ. സ്ഥലമെടുപ്പാണ് പ്രശ്നം.
കോടിമതയിലെ ചതുപ്പ് നിലമാണ് നിർദേശിക്കപ്പെട്ടത്. ഇത് നഷ്ടമായതിനാൽ റെയിൽവേ സ്ഥലം ഏറ്റെടുക്കാൻ തയാറായില്ല. സ്ഥലം കിട്ടിയാൽ ദീർഘ ദൂര ട്രെയിനുകൾ വരും. അറ്റകുറ്റപ്പണിക്ക് ഡിപ്പോ ഉണ്ടാവും.
ഒഴത്തിൽ
ലൈനിലുള്ളവർക്ക് വഴി
രണ്ടാം കവാടത്തിന് സമീപം കടന്നുപോകുന്ന ഒഴത്തിൽ ലൈൻ റോഡിന് സമീപം താമസിക്കുന്നവർക്ക് കിഴക്കോട്ടുള്ള റോഡിലൂടെ യാത്രാസൗകര്യം ഒരുക്കാമെന്ന് റെയിൽവേ സമ്മതിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.
പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായാണ് ഒഴത്തിൽ ലൈൻ റോഡ് അടച്ചത്.
കേന്ദ്രമന്ത്രിക്ക്
നിവേദനം നൽകി
ഏറ്റുമാനൂര്‍: വഞ്ചിനാട് എക്സ്പ്രസ് ഉള്‍പ്പെടെ ട്രെയിനുകള്‍ക്ക് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുക, റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് ഏര്‍പ്പെടുത്തുക, ഗുഡ്സ് സ്റ്റേഷന് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ വികസനസമിതിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ബി. രാജീവ് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് നിവേദനം നല്കി.
ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി, ജോസ് കെ. മാണി എം.പി, റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ മനേഷ് തപ്ലിയാന് എന്നിവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.