ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗം; ബോധവത്കരണവുമായി കുടുംബശ്രീയും
text_fieldsകോട്ടയം: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ബോധവത്കരണം നടത്താൻ ആരോഗ്യവകുപ്പ് കുടുംബശ്രീയുമായി കൈകോർക്കുന്നു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെ ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും സജ്ജമാക്കുന്നതിന്റെ ഭാഗമായി ഈമാസം 18 മുതൽ 24 വരെ കുടുംബശ്രീയുമായി സഹകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.
18ന് ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്. അധ്യക്ഷന്മാർക്കായി സംഘടിപ്പിക്കുന്ന ജില്ലതല സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും.
19ന് ആരോഗ്യവകുപ്പും കുടുംബശ്രീയും ചേർന്ന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കുടുംബശ്രീ എ.ഡി.എസ് അധ്യക്ഷമാർക്കും അയൽക്കൂട്ടങ്ങളിലെ സാമൂഹ്യ വികസനസമിതി കൺവീനർമാർക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. 21ന് എല്ലാ സർക്കാർ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ബോധവത്കരണം നടത്തും. 25 മുതൽ 30 വരെ സ്കൂൾ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കായി സ്കൂൾതലത്തിൽ ബോധവത്കരണം നടത്തും. ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭവന സന്ദർശനത്തിലൂടെയും ഇത് സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലെത്തിക്കും.
ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ കുറിപ്പടിപ്രകാരം മാത്രം വാങ്ങാനും പൂർണമായും കൃത്യമായും അവ കഴിക്കാനും പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിനൊപ്പം അനാവശ്യമായി ആന്റിബയോട്ടിക്കുകൾ കുറിച്ചുനൽകുന്നത് ഒഴിവാക്കാൻ ഡോക്ടർമാരുടെയിടയിലും പ്രചാരണം നടത്താനാണ് തീരുമാനം.ആന്റിബയോട്ടിക്കുകൾ സ്ഥിരമായി മനുഷ്യശരീരത്തിലെത്തിക്കഴിഞ്ഞാൽ അവ മരുന്നുകൾക്കെതിരെ പ്രതിരോധം നേടിയിട്ടുള്ള രോഗാണുക്കളെ സൃഷ്ടിക്കുകയും പിന്നീട് സാധാരണ അണുബാധവന്നാൽ പോലും മരുന്നുകൾ ഫലപ്രമല്ലാതായിത്തീരുകായും ചെയ്യും. ഇത് ഫലപ്രദമായ ആന്റിബയോട്ടിക്കുകൾ ഇല്ലാത്ത ലോകം സൃഷ്ടിക്കുമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്.
മൃഗങ്ങൾക്കും ആന്റിബയോട്ടിക്കുകൾ; ശ്രദ്ധിക്കണം
കോട്ടയം: ക്ഷീരകർഷകർ ഉൾപ്പെടെയുള്ളവർ മൃഗഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ പശുക്കൾക്ക് മരുന്നുനൽകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മരുന്ന് നൽകിക്കഴിഞ്ഞാൽ പാലിൽ ആന്റിബയോട്ടിക്കിന്റെ അംശം കാണാനിടയുള്ള കാലയളവിനുള്ളിൽ കറക്കുന്ന പാൽ വിൽക്കുന്നത് ഒഴിവാക്കണം. കോഴി, താറാവ് എന്നിവക്ക് രോഗം വരാതിരിക്കാൻ നൽകുന്ന ആന്റിബയോട്ടിക്കുകൾ ഇറച്ചിയിലൂടെ മനുഷ്യ ശരീരത്തിലെത്തിനിടയാക്കും. അണുബാധ ഒഴിവാക്കാൻ മുൻകരുതലായി മൃഗങ്ങൾക്കും മത്സ്യകൃഷിയിലും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് അപകടകരമാണ്. അണുബാധയുണ്ടായാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാണ് ആന്റിബയോട്ടിക്കുകൾ മൃഗങ്ങൾക്കും നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.