കൗതുകവും ആശങ്കയും നിറച്ച് മുണ്ടക്കയത്തെ മോക്ക്ഡ്രില്‍
text_fieldsപറത്താനം പുളിക്കല്‍ നഗര്‍ ഭാഗത്ത് നടത്തിയ മോക്ഡ്രില്ലിന്റെ വിവിധ ദൃശ്യങ്ങള്‍
മുണ്ടക്കയം: പറത്താനം പുളിക്കല്നഗര് ഭാഗത്ത് ഉരുള്‍പൊട്ടലിനു സാധ്യതയുളളതിനാല്‍ പ്രദേശവാസികള്‍ വീട് ഒഴിയണമെന്നും അംഗന്‍വാടിയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറണമെന്നുമുള്ള മൈക്ക് അനൗണ്സ്മെന്റിൽ നാട് ആശങ്കയിലായി. കനത്തചൂടിനിടയില് ഉരുൾപൊട്ടല്‍ ഉണ്ടാവുകയെന്നത് കേട്ടുകേള്‍വി പോലുമില്ല. എന്നാല്‍, വന്നത് പഞ്ചായത്തും ദുരന്ത നിവാരണ അതോറിറ്റിയുമായതിനാൽ വിശ്വസിക്കാതിരിക്കാനും വയ്യ.
മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ആംബുലന്‍സും ഫയര്‍ഫോഴ്സും പൊലീസുമൊക്കെ ചീറിപ്പാഞ്ഞുവന്നതോടെ ജനം ഭീതിയിലായി. വിവിധ ഭാഗങ്ങളില്‍ രക്തത്തില്‍ കുളിച്ചും അപകടാവസ്ഥയിലുമായി നിരവധിയാളുകള്‍ കിടക്കുന്നു. ദുരന്ത നിവാരണ അതോറിറ്റിയും അഗ്നിരക്ഷ സേനയും പൊലീസും ചേര്‍ന്നു രക്ഷാ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായി. അപകടത്തില്‍പ്പെട്ടവരുമായി ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞു. ദുരന്തഭൂമിയില്‍ വിലപിക്കുന്ന പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഓടിക്കൂടിയവര്‍ക്ക് സംഭവം കൗതുകമായെങ്കിലും പലരുടെയും മുഖത്ത് സങ്കടവും ആശങ്കയും നിറഞ്ഞു.
ഉരുള്‍പൊട്ടല്‍ പ്രതിരോധ തയാറെടുപ്പിന്റെ ഭാഗമായി നടത്തിയ മോക്ക്ഡ്രില്‍ ആണ് നാടിനെ കൗതുകത്തിലും ആശങ്കയിലുമാക്കിയത്. പാറത്തോട്, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കല്‍ എരുമേലി, കാഞ്ഞിരപ്പളളി, മണിമല, ചിറക്കടവ് പഞ്ചായത്തുകൾക്കായാണ് പരിശീലനം നടത്തിയത്. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്നു പൊലീസ്, അഗ്നി രക്ഷ സേന, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, വൈദ്യുതി വകുപ്പ്, തഹസില്‍ദാര്‍മാരായ ജോസുകുട്ടി, തഹസില്‍ദാര്‍ സുനില്‍കുമാര്‍, വില്ലേജ് ഓഫിസര്‍ സുബൈര്‍, ജനപ്രതിനിധികളായ ശശികുമാര്‍, രേഖ ദാസ്, വാര്‍ഡ് മെംബര്‍ ഡയസ് കോക്കാട്ട് തുടങ്ങിയവർ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.