കാപ്കോസ് അത്യാധുനിക റൈസ് മിൽ ശിലാസ്ഥാപനം ഇന്ന്
text_fieldsപ്രതീകാത്മക ചിത്രം
കോട്ടയം: സഹകരണമേഖലയിലെ ആദ്യ അത്യാധുനിക റൈസ് മില്ലിന്റെ ശിലാസ്ഥാപനം കിടങ്ങൂർ കൂടല്ലൂർ കവലയിൽ (കാപ്കോസ് നഗർ) ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. കോട്ടയം ആസ്ഥാനമായി രൂപീകരിച്ച കേരള പാഡി പ്രൊക്യൂർമെന്റ് പ്രൊസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണസംഘമാണ് (കാപ്കോസ്) 80 കോടി രൂപ ചെലവിൽ മില്ല് സ്ഥാപിക്കുന്നത്. കുട്ടനാട്, അപ്പർ കുട്ടനാട് നെൽകർഷകരുടെ സംരക്ഷണത്തിനായി സഹകരണമേഖലയുടെ ഇടപെടൽ ശക്തമാക്കുകയാണ് ലക്ഷ്യം.
50000 മെട്രിക്ക് ടൺ സംസ്കരിക്കാൻ ശേഷിയുള്ള മില്ല് പൂർത്തിയാകുന്നതോടെ നെല്ലുസംസ്കരണ മേഖലയിൽ നാലുശതമാനം കൂടി സർക്കാർ-സഹകരണമേഖലയുടെ കൈയിലെത്തും. സംസ്ഥാന സഹകരണ സംഘങ്ങളുടെ 30 കോടി രൂപ ഓഹരി മൂലധനം, സർക്കാർ, നബാർഡ് എന്നിവ ചേർന്നു നടപ്പാക്കുന്ന പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കി ഉൽപാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
സമ്മേളനത്തിൽ കാപ്കോസ് ചെയർമാൻ കെ. എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നിർവഹിക്കും. മോൻസ് ജോസഫ് എം.എൽ.എ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാന സഹകരണ രജിസ്ട്രാർ ടി.വി. സുഭാഷ് പദ്ധതി വിശദീകരിക്കും.
കിടങ്ങൂർ കൂടല്ലൂർ കവലക്കു സമീപം വാങ്ങിയ പത്തേക്കർ ഭൂമിയിലാണ് ഗോഡൗണും ആധുനികമില്ലും സ്ഥാപിക്കുന്നത്. ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ മില്ലുകൾ സന്ദർശിച്ച് പഠനം നടത്തിയശേഷമാണ് വിദഗ്ധസംഘം മില്ലിന്റെ രൂപരേഖ തയ്യാറാക്കിയത്. പുതിയ ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മെഷീനറികൾ, നെല്ല് സൂക്ഷിക്കുന്നതിനുള്ള വെയർഹൗസ്, ഈർപ്പം ക്രമീകരിക്കുന്നതിനുള്ള സാങ്കേതിക വിദ്യ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.