കാലവർഷം: കോട്ടയം ജില്ലയിൽ 15 ശതമാനത്തിന്റെ കുറവ്
text_fieldsകോട്ടയം: ഇടവിട്ട് പെയ്തെങ്കിലും ജില്ലയിൽ ഇക്കുറി ലഭിച്ച മഴയിൽ 15 ശതമാനത്തിന്റെ കുറവ്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലവർഷ സീസണിൽ ജില്ലയിൽ 1614.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറവാണെന്ന് കാലാവസ്ഥ വിഭാഗം വ്യക്തമാക്കുന്നു.
ഈ വര്‍ഷം ജനുവരി-ഫെബ്രുവരി കാലയളവില്‍ മഴയുടെ അളവില്‍ 51 ശതമാനം കുറവുണ്ടായിരുന്നു. എന്നാൽ, മാര്‍ച്ച്-മേയ് കാലയളവില്‍ 124 ശതമാനം അധിക മഴ ലഭിച്ചിരുന്നു. ഇതോടെ അതുവരെയുണ്ടായിരുന്ന മഴക്കുറവ് പരിഹരിച്ചെങ്കിലും കാലവര്‍ഷ മഴ പ്രതീക്ഷപോലെ പെയ്തിറങ്ങിയില്ല. നിലവിലെ സാഹചര്യത്തിൽ ശരാശരി മഴമാണ് ലഭിച്ചിരിക്കുന്നത്. തുലാവർഷവും കാര്യമായി പെയ്തിറങ്ങിയില്ലെങ്കിൽ വരൾച്ചക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടുന്നു. ഇതിനൊപ്പം മിന്നൽ പ്രളയമാകുമോയെന്ന ആശങ്കയുമുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മഴ കുറഞ്ഞിരുന്നു. തുടർന്നായിരുന്നു ഒക്ടോബറില്‍ അതിശക്ത മഴ പെയ്തതും കൂട്ടിക്കലില്‍ ഉള്‍പ്പെടെ കനത്ത നാശം വിതച്ചതും. ഈ മഴ ഡിസംബര്‍ വരെ നീളുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 127 ശതമാനം അധിക മഴ ലഭിച്ചിരുന്നു. പ്രതീക്ഷിച്ചതിനെക്കാള്‍ 16 ശതമാനം അധികമായിരുന്നു ഇത്. സമാനരീതിയിൽ
ഇത്തവണയും തുലാവര്‍ഷ മഴ കനക്കുമോയെന്ന ആശങ്ക മലയോര നിവാസികള്‍ക്കുണ്ട്. കേരളത്തിൽ ഇത്തവണ തുലാവർഷം (ഒക്ടോബർ - ഡിസംബർ) സീസണിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ കണക്കെടുപ്പിൽ കേരളത്തിൽ ഇത്തവണ 14 ശതമാനം കുറവ് മഴയാണ് പെയ്തത്. കേരളത്തിൽ ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30വരെ ലഭിച്ചത് 1736.6 മിമീ മഴ. സാധാരണ ലഭിക്കേണ്ടത് ശരാശരി 2,018.6 മിമീ.കാസർകോട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ 2785.7 മിമീ. തൊട്ടടുത്ത് 2334.5 മിമീ ലഭിച്ച കണ്ണൂർ. ഏറ്റവും കുറവ് മഴ തിരുവനന്തപുരം ജില്ലയിൽ 593 മില്ലിമീറ്ററാണ്.
കഴിഞ്ഞ രണ്ടുവർഷവും കേരളത്തിൽ മഴക്കുറഞ്ഞിരുന്നു. 2020ൽ ഒമ്പത് ശതമാനവും 2021ൽ 16 ശതമാനവുമായിരുന്നു കുറവ് അനുഭവപ്പെട്ടത്.അതേസമയം, ജില്ലയിൽ പകല്‍ താപനിലയിലും വർധനയുണ്ടായിട്ടുണ്ട്. നേരിയ മഴയോടെ കാലവര്‍ഷം പിന്‍വാങ്ങേണ്ട ദിനങ്ങളാണു കടന്നുപോകുന്നത്. എന്നാല്‍, പതിവില്‍നിന്നു വ്യത്യസ്തമായി രാത്രിയില്‍ തണുപ്പും പകല്‍ ശക്തമായ ചൂടും അനുഭവപ്പെടുന്നു. കഴിഞ്ഞദിവസങ്ങളിൽ 1.5 ഡിഗ്രി ചൂട് കൂടുതലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.