ബോട്ട് സര്‍വിസ് നിലച്ചിട്ട് മാസങ്ങൾ; യാത്രക്കാര്‍ ദുരിതത്തില്‍
text_fieldsചങ്ങനാശ്ശേരി: ജെട്ടിയില്‍നിന്നുള്ള ഒരു ബോട്ടിെൻറ സര്‍വിസ് നിലച്ചിട്ട് മാസങ്ങളായതോടെ യാത്രക്കാര്‍ ദുരിതത്തില്‍. അപകടത്തെ തുടര്‍ന്നാണ് അഞ്ചുമാസം മുമ്പ് രണ്ട് സര്‍വിസില്‍ ഒന്ന് നിലച്ചത്. ആലപ്പുഴ ഡോക്യാര്‍ഡില്‍ പണിക്കുകയറ്റിയിട്ട് മാസങ്ങളായിട്ടും പൂർത്തിയായിട്ടില്ല. തടി ബോട്ടായതിനാല്‍ നന്നാക്കാൻ വൈകുമെന്നും താല്‍ക്കാലികമായി മറ്റൊരെണ്ണം ലഭ്യമാക്കിയാലേ സർവിസ് പുനരാരംഭിക്കാന്‍ കഴിയൂവെന്നും സ്റ്റേഷന് മാസ്റ്റര്‍ ജോസ് സെബാസ്റ്റ്യന്‍ പറഞ്ഞു.
നിലവില്‍ സർവിസ് നടത്തുന്നത് സ്റ്റീല്‍ ബോട്ടാണ്. സര്‍വിസ് കുറഞ്ഞത് കര്‍ഷകര്‍ക്കും വിദ്യാർഥികള്‍ക്കും മാര്‍ക്കറ്റിലേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും യാത്രേക്ലശം സൃഷ്ടിക്കുന്നുണ്ട്. രാവിലെ 7.30ന് ആലപ്പുഴയില്‍നിന്ന് ചങ്ങനാശ്ശേരിയിലെത്തുന്ന ബോട്ട് 7.45ന് കാവാലത്തിന് പുറപ്പെടും. 12.30ന് ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിലെത്തി ആലപ്പുഴക്ക് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.30ന് ചങ്ങനാശ്ശേരിയിലെത്തുന്ന തരത്തിലാണ് ഇപ്പോൾ സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്.
രണ്ടു ബോട്ട് ഉള്ളപ്പോള്‍ 9.15ന് ആലപ്പുഴയില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്കും 4.45ന് ആലപ്പുഴയിലേക്കും സര്‍വിസ് നടത്തിയിരുന്നു. ഇത് ബസ് സര്‍വിസില്ലാത്ത കുട്ടനാടിെൻറ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വളരെ പ്രയോജനം ചെയ്തിരുന്നതായി യാത്രക്കാര്‍ പറയുന്നു. രണ്ട് ബോട്ട് സര്‍വിസ് നടത്തിയിരുന്നപ്പോള്‍ ശരാശരി 5000 രൂപ പ്രതിദിന വരുമാനം ലഭിച്ചിരുന്നു. ഇപ്പോള്‍ ഒന്നിൽനിന്ന് 2000 രൂപ വരുമാനമേ ലഭിക്കുന്നുള്ളൂവെന്ന് അധികൃതര്‍ പറയുന്നു.
മറ്റ് ജില്ലകളില്‍നിന്ന് ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിലെത്തി ജോലി ചെയ്യുന്നവരും ദുരിതത്തിലാണ്. മറ്റ് സ്ഥലങ്ങളിലേക്ക് ഇവരെ ഡ്യൂട്ടിക്ക് അയക്കുകയാണിപ്പോൾ. 24 ജീവനക്കാരാണ് ബോട്ട് ജെട്ടിയില്‍ ഉണ്ടായിരുന്നത്. ഒരു ബോട്ടില്‍ അഞ്ച് ജീവനക്കാരാണുള്ളത്. ഒരു സര്‍വിസ് നിലച്ചതോടെ മറ്റ് ജീവനക്കാരെ ആളില്ലാത്ത സ്റ്റേഷനിലേക്ക് താല്‍ക്കാലികമായി മാറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.