കണ്ണിൽപൊടിയിടാൻ നോട്ടീസ്; പിഴ വേണ്ട, ഭക്ഷ്യസുരക്ഷ ഓഫിസുകളിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്
text_fieldsകോട്ടയം: ജില്ലയിലെ വിവിധ ഭക്ഷ്യസുരക്ഷ ഓഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയതായി വിജിലൻസ് കണ്ടെത്തി.
2021-22 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഫയൽ ചെയ്യാത്ത 77 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഫുഡ് സേഫ്റ്റി കോട്ടയം അസിസ്റ്റന്റ് കമീഷണർ ഓഫിസ് തയാറായില്ലെന്ന് വിജിലൻസ് പരിശോധനയിൽ തെളിഞ്ഞു. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും പിഴയടച്ചിട്ടില്ല. പിഴ അടപ്പിക്കാനുള്ള തുടർനടപടികൾ ഉദ്യോഗസ്ഥർ സ്വീകരിച്ചില്ല. 2022-23 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഫയൽ ചെയ്യാത്ത 52 സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷ ലൈസൻസുകൾ എടുത്തിട്ടുള്ള ഭക്ഷ്യോൽപാദകർ അതത് വർഷം മാർച്ച് 31നകം റിട്ടേൺ ഫയൽ ചെയ്യണമെന്നാണ് നിയമം.
പരിശോധന ഫലങ്ങൾ പലപ്പോഴും 14 ദിവസത്തിനുള്ളിൽ ലഭിക്കാറില്ല. അതിനാൽ സുരക്ഷിതമല്ലെന്ന് പരിശോധനാഫലം വരുന്ന ഉൽപന്നങ്ങൾ വിപണിയിൽനിന്ന് പിൻവലിക്കുന്നതിൽ കാലതാമസം വരുന്നു. ഇവ വിറ്റുപോകുന്നത് പൊതുജനാരോഗ്യത്തെ ബാധിക്കാനിടയുണ്ടെന്നും വിജിലൻസ് കണ്ടെത്തി.
സർക്കിൾ ഓഫിസുകൾ ഹോട്ടൽ ജീവനക്കാർക്കായി നടത്തുന്ന പരിശീലനത്തിൽ ഫണ്ട് തിരിമറി നടത്തുന്നതായും പരിശോധനയിൽ വ്യക്തമായി. പരിശീലനം നടത്തിയ സ്ഥാപനത്തിന് നൽകേണ്ട തുക സ്വകാര്യ അക്കൗണ്ടുകളിലേക്ക് അയച്ചു. പരിശീലന സർട്ടിഫിക്കറ്റ് കൃത്യമായി നൽകിയിട്ടില്ലെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോട്ടയം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമീഷണർ ഓഫിസ്, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി, കടുത്തുരുത്തി ഫുഡ് സേഫ്റ്റി സർക്കിൾ ഓഫിസുകൾ എന്നിവിടങ്ങളിൽ വ്യാഴാഴ്ചയായിരുന്നു പരിശോധന.
കുറവലിങ്ങാട് ഭക്ഷ്യസുരക്ഷ സർക്കിൾ ഓഫിസിലെ ജീവനക്കാർ ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധന ഫലം വരുന്ന സാമ്പിളുകളിൽ ഭക്ഷ്യ ഉൽപാദകരിൽനിന്ന് പിഴ ഈടാക്കാതെയും അവരെ പ്രോസിക്യൂഷൻ നടപടികളിൽനിന്നും രക്ഷപ്പെടുത്താനും ഫയലുകളിൽ കാലതാമസം വരുത്തിയതായി പരിശോധനയിൽ കണ്ടെത്തി.
12 ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ഭക്ഷ്യ ഉൽപാദകർക്ക് ലൈസൻസ് നൽകുന്നതിന് പകരം ചെറുകിട കച്ചവടക്കാർക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതുവഴി ഫീസിനത്തിൽ സർക്കാറിന് സാമ്പത്തിക നഷ്ടം വരുന്നതായി വിജിലൻസ് കണ്ടെത്തി.
ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് ഇത്തരം ക്രമക്കേടുകൾ.
ചെറുകിട ഭക്ഷ്യ ഉൽപാദകർക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയവരുടെ ജീവനക്കാർക്ക് സർക്കാർ സൗജന്യമായി നൽകുന്ന പരിശീലനം ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസൻസുള്ള വൻകിട ഭക്ഷ്യ ഉൽപാദകരുടെ തൊഴിലാളികൾക്ക് പാലാ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നൽകി.
കാഞ്ഞിരപ്പള്ളി ഭക്ഷ്യസുരക്ഷ സർക്കിൾ ഓഫിസിൽ ഭക്ഷ്യസുരക്ഷ കമീഷണറുടെ ഉത്തരവ് പ്രകാരമുള്ള എണ്ണം ഭക്ഷ്യസാമ്പിളുകൾ ശേഖരിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. 2021 മുതൽ 2024 വരെയുള്ള ഫയലുകളാണ് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനക്ക് വിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.