കെ.എ.ടിയുടെ വിധി കാത്ത് 12 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ
text_fieldsകോട്ടയം: കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ (കെ.എ.ടി) അന്തിമതീർപ്പ് കാത്തുകിടക്കുന്നത് 12 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ വരെ. ജീവനക്കാരുടെ നിയമനം, വേതനം ഉൾപ്പെടെ പരാതികൾ തീർപ്പാക്കാൻ നിയോഗിക്കപ്പെട്ട ട്രൈബ്യൂണലിലാണ് ഈ അവസ്ഥ. സർക്കാർ കണക്കുപ്രകാരം ട്രൈബ്യൂണൽ രൂപവത്കരിച്ചത് മുതൽ ഇതുവരെ 11,179 കേസാണ് തീർപ്പാക്കാൻ ശേഷിക്കുന്നത്. 2012 മുതലുള്ള കേസുകൾ ഇക്കൂട്ടത്തിലുണ്ടെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ നിസ്സഹകരണവും കേസുകൾ തീർപ്പാക്കാത്തതിന്റെ കാരണം സർക്കാർതലത്തിൽ വിലയിരുത്താത്തതുമാണ് ട്രൈബ്യൂണലിന്റെ ഈ ദുർഗതിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പരാതി നൽകിയ പലരും വിരമിച്ചിട്ടും വിധിയുണ്ടാകാത്ത സാഹചര്യമാണെന്ന ആക്ഷേപവുമുണ്ട്.
വിവിധ വകുപ്പുകളുടെ കാര്യക്ഷമമായ ഇടപെടൽ ആവശ്യപ്പെട്ട് ട്രൈബ്യൂണൽ നിരവധി തവണ സർക്കാറിനും വകുപ്പുകൾക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ട്. സർവിസ് സംബന്ധമായ വളരെയധികം കേസുകൾ ഹൈകോടതിയിലെത്തിയ സാഹചര്യത്തിൽ കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യമൊഴിവാക്കാനാണ് കെ.എ.ടിക്ക് രൂപം നൽകിയത്.
ജീവനക്കാരുടെ പരാതികൾ പെട്ടെന്ന് തീർപ്പാക്കുമെന്ന പ്രതീക്ഷയിൽ സർവിസ് സംഘടനകളുടെകൂടി ആവശ്യപ്രകാരമാണ് രൂപം നൽകിയത്. ഹൈകോടതി മുൻ ജഡ്ജിയെ ചെയർമാനാക്കിയാണ് ഈ സംവിധാനം. എന്നാൽ, പലപ്പോഴും ജുഡീഷ്യൽ അംഗങ്ങളെ നിയമിക്കാനാകാത്തതും കൃത്യമായ സിറ്റിങ് നടത്താനാകാത്തതും അടക്കം പ്രശ്നങ്ങളും കെ.എ.ടിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.