സഹായഹസ്തവുമായി മുജീബ് എപ്പോഴും ലൈനിലുണ്ട്
text_fieldsകൊട്ടിയം: ചുറ്റുപാടുമുള്ള ഇല്ലായ്മക്കാരെ കണ്ടെത്തി സഹായിക്കുന്നത് പതിവാക്കിയ ചെറുപ്പക്കാരന്റെ നന്മയുടെ പാഠം നാടിനാകെ മാതൃകയാകുന്നു. ഒരു ഗ്ലാസ് കടയിലെ ജീവനക്കാരനായ ഉമയനല്ലൂർ നടുവിലക്കര പ്ലാവിള വീട്ടിൽ മുജീബാണ് നിർധനരെ സഹായിക്കാൻ രംഗത്തുള്ളത്. ഒരു നേരത്തെ ആഹാരത്തിനായി കാത്തിരിക്കുന്ത്വർക്ക് ഭക്ഷണം പാകം ചെയ്ത് നൽകുന്നതോടൊപ്പം അവരുടെ കുട്ടികൾക്ക് പുത്തനുടുപ്പും പഠനോപകരണങ്ങളും എത്തിക്കും. 2013 ലാണ് മുജീബ് ഭക്ഷണവിതരണം തുടങ്ങിയത്. കുട്ടികളുൾപ്പെടെ കുടുംബാംഗങ്ങളെല്ലാം ചേർന്ന് സ്വന്തം വീട്ടിൽ തയാറാക്കുന്ന ഭക്ഷണമാണ് കുടിവെള്ളം ഉൾപ്പെടെ വിതരണം ചെയ്യുന്നത്. ബെൻ ബേസിൽ, ജോയൽ ജോസ്, സുധീഷ് എന്നീ സുഹൃത്തുക്കളും ഭക്ഷണം വിതരണം ചെയ്യാൻ ഒപ്പം കൂടാറുണ്ട്.
നിരവധി കുടുംബങ്ങൾക്ക് അവശ്യസാധനങ്ങളും എത്തിച്ചു നൽകുന്നുണ്ട്. മുജീബിന്റെ മകൻ യാസർ ഓട്ടിസം ബാധിതനാണ്. ഭിന്നശേഷിക്കാരായ നിരവധി കുട്ടികൾക്കും സ്ഥിരമായി വിവിധ സഹായങ്ങൾ ചെയ്യുന്നു. വേനൽ കാലത്ത് സൗജന്യമായി സംഭാരവിതരണവും ശൈത്യകാലത്ത് രാത്രിയിൽ തെരുവിൽ ഉറങ്ങുന്നവർക്ക് പുതപ്പുകൾ എത്തിക്കാറുമുണ്ട്. രക്തദാന പ്രവർത്തനങ്ങളിലും സജീവമാണ്. ഇതുവരെ 38 തവണ രക്തദാനം നടത്തി. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിലുള്ള ട്രോമാകെയർ ആൻഡ് റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം (ട്രാക്ക്) എന്ന സംഘടനയിൽ നിന്ന് ജീവൻ രക്ഷാദൗത്യത്തിനുള്ള പരിശീലനം നേടി വാളന്റിയറായും പ്രവർത്തിക്കുന്നു. മയ്യനാട് പഞ്ചായത്തും കുടുംബശ്രീ ജില്ലമിഷനും ചേർന്ന് നടത്തുന്ന മയ്യനാട് ബഡ്സ് സ്പെഷൽ സ്കൂളിന്റെ പി.ടി.എ പ്രസിഡന്റുമാണ് മുജീബ്.
നാട്ടിലും വിദേശ രാജ്യങ്ങളിലുമുള്ള ആളുകൾ സ്വമേധയാ ലഭ്യമാക്കുന്ന തുകയും, സ്വന്തം ജോലിയിൽനിന്നുള്ള വരുമാനവും വിനിയോഗിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷററുമായ എസ്. കബീറിന്റെ പൂർണപിന്തുണയും ലഭിക്കുന്നു. മാതാവ് ലൈലാ ബീവിയും, ഭാര്യ സജിതയും മക്കളായ യാസർ അരാഫത്തും, റയാനും എല്ലാത്തിനും സഹായവുമായി ഒപ്പമുണ്ട്. സ്വന്തം ജീവിതത്തിൽ ബാല്യ, കൗമാര കാലങ്ങളിൽ അനുഭവിച്ച ദാരിദ്ര്യവും തിക്താനുഭങ്ങളുമാണ് ഇത്തരം പ്രവർത്തികൾ ചെയ്യാൻ പ്രേരണയായത്. ഈ പെരുന്നാൾ ദിനത്തിലും ഒട്ടേറെ പേർക്ക് സഹായഹസ്തവുമായി മുജീബ് പള്ളിമുറ്റം ലൈനിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.