പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടിയുടെ പ്രാഥമിക അനുമതി
text_fieldsമുണ്ടക്കയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രകൃതിരമണീയമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപവത്കരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പിൽനിന്ന് പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. 10 കോടിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിനാണ് അനുമതി ലഭ്യമായിട്ടുള്ളത്.
ഇതിനായി ടെൻഡർ ക്ഷണിച്ച് ഡി.പി.ആർ തയാറാക്കുന്നതിന് ചെന്നൈ ആസ്ഥാനമായ പിതാവടിയൻ ആൻഡ് പാർട്ണേഴ്സ് എന്ന ആർക്കിടെക്ട് സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ഘട്ടമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വരുന്ന വാഗമണ്ണിന്റെ വിവിധ പ്രദേശങ്ങൾ, കോലാഹലമേട്, തങ്ങൾപാറ, മുരുകൻമല, കുരിശുമല, കാരികാട്, മുതുകോരമല, മലമേൽ-നാടുനോക്കി, അരുവിക്കച്ചാൽ വെള്ളച്ചാട്ടം, മാർമല അരുവി, വേങ്ങത്താനം അരുവി, ചക്കിപ്പാറ, കൈപ്പള്ളി-കളത്വ, മുത്തനള്ള്, ഊട്ടുപാറ, ചട്ടമ്പി-പെരുവംചിറ, കോട്ടത്താവളം എന്നീ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ് ഉൾപ്പെടുത്തുക. അഡ്വഞ്ചർ ടൂറിസവും ഫാം ടൂറിസവും പ്രകൃതിരമണീയത ആസ്വദിക്കുന്നതിനുള്ള വിവിധ ക്രമീകരണങ്ങളും റോപ്വേ, കേബിൾ കാർ, റോക്ക് ഗാർഡൻ, ഫ്ലവർ ഗാർഡൻ, ബഞ്ചി ജമ്പിങ് തുടങ്ങി ടൂറിസം രംഗത്തെ ആധുനിക സങ്കേതങ്ങളും കൂട്ടിയോജിപ്പിച്ചുള്ള ടൂറിസം സർക്യൂട്ടാണ് ലക്ഷ്യമിടുന്നത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി ടൂറിസം ഡയറക്ടറേറ്റിൽ സമർപ്പിച്ച് അംഗീകാരവും റവന്യൂ വകുപ്പിന്റെ അനുമതിയും ലഭ്യമാക്കി സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ പ്രൈവറ്റ് പബ്ലിക് പാർട്ടിസിപ്പേഷൻ മോഡലിൽ പൂഞ്ഞാർ ടൂറിസം സർക്യൂട്ട് നടപ്പാക്കുമെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.