ദേശീയപാത ഇടിഞ്ഞുതാഴ്ന്നിട്ട് 10 മാസം; നടപടിയില്ല
text_fieldsമുണ്ടക്കയം: ഹൈറേഞ്ച് ദേശീയപാതയിലെ തകർന്ന സംരക്ഷണഭിത്തി പുനർനിർമിക്കാൻ നടപടിയില്ല. കഴിഞ്ഞ ജൂലൈയിൽ കനത്തമഴയിലാണ് കൊട്ടാരക്കര-ദിണ്ഡുഗൽ ദേശീയപാതയിൽ പെരുവന്താനം കൊടികുത്തിയിലും മരുതുംമൂട്ടിലും റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായത്. ഇതിനെത്തുടർന്ന് റോഡിനുനടുവിൽ വീപ്പകൾ സ്ഥാപിച്ച് ഗതാഗതം ഒറ്റവരിയിലൊതുക്കിയതാണ് ഏക സുരക്ഷ മുൻകരുതൽ.
റോഡ് ഇടിഞ്ഞുതാഴ്ന്നതിന് സമീപത്ത് വലിയ കൊക്കയാണ്. ഇതിന്‍റെ ഗൗരവം ഉൾക്കൊണ്ട് ഒരുനടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിപ്പെടുന്നത് പതിവാണ്. ഒരാഴ്ച മുമ്പ് വീപ്പയിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. രാത്രിയിൽ പലപ്പോഴും വീപ്പകൾ മറിഞ്ഞ് നടുറോഡിൽ കിടക്കുന്ന സ്ഥിതിയാണ്. മൂടൽമഞ്ഞ് നിറയുന്ന സമയത്ത് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് അപകടഭാഗം കാണുന്നത്. ഇതുകണ്ട് വെട്ടിച്ച് മാറ്റുമ്പോൾ അപകടസാധ്യതയും വർധിക്കുകയാണ്. നിരവധി ഇരുചക്രവാഹന യാത്രക്കാർ വേഗത്തിലെത്തിയ ബ്രേക്ക് ചെയ്തു തെന്നിവീഴുകയും ചെയ്തിട്ടുണ്ട്. റോഡരികിൽ ബാരിക്കേട് ഉള്ളത് മാത്രമാണ് ഏക ആശ്വാസം.
മരുതുംമൂടിലും റോഡിന്‍റെ വശത്തായി റോഡ് ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. ഇവിടെയും വീപ്പ വെച്ചിരിക്കുകയാണ്. 10 മാസമായിട്ടും റോഡിന്റെ നിർമാണത്തിന് നടപടി സ്വീകരിക്കുവാൻ കഴിയാത്തതിൽ പ്രതിഷേധം വ്യാപകമാണ്. എന്നാൽ, അനുമതി ലഭിക്കാത്തതിനാലാണ് നിർമാണം വൈകുന്നതെന്ന് ദേശീയപാത വിഭാഗം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.