ആദിവാസി പട്ടയം അട്ടിമറിച്ചു -ഊരുകൂട്ടസമിതി
text_fieldsമുണ്ടക്കയം: ആദിവാസികളുടെ കൈവശത്തിലുള്ള ഭൂമിക്ക് പട്ടയം നൽകുന്നതിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിച്ചതായി ഊരുകൂട്ടസമിതി ആരോപിച്ചു.
നൂറ്റാണ്ടുകളായി ആദിവാസികളുടെ കൈവശത്തിലുള്ളതും വനതിർത്തിയായ ജണ്ടക്ക് വെളിയിലുള്ളതുമായ കൈവശഭൂമിക്ക് നിലവിൽ യാതൊരുവിധ നിയമതടസ്സവുമില്ലെന്നള ബോധ്യപ്പെട്ട് ഭൂമി നൽകുന്നതിന് ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടത്.
റവന്യൂവകുപ്പ്, 1977ൽ വനേതര ഭൂമി കൈയേറ്റം ചെയ്തവരുടെ ഭൂമിക്ക് പട്ടയം നൽകുന്നതിന് വേണ്ടിയുള്ള വിവരശേഖരണത്തിൽ ആദിവാസിമേഖലകളെ ഉൾപ്പെടുത്തിയാണ് ആദിവാസി പട്ടയം അട്ടിമറിച്ചത്. നൂറ്റാണ്ടുകളായി കൈവശത്തിലുള്ള ഭൂമി കൈയേറ്റത്തിലൂടെ നേടിയതാണെന്ന് വരുത്തി തീർക്കുന്നതിനും അതിലൂടെ കൈയേറ്റഭൂമി ക്രമീകരിക്കൽ ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നതിനുമുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്നും ഊരുകൂട്ടസമിതി കുറ്റപ്പെടുത്തി.
ആദിവാസികൾക്ക് അനുവദിച്ച 2020 ഉത്തരവ് പ്രകാരമുള്ള പട്ടയനടപടികൾ സ്വീകരിക്കണമെന്നും ഇപ്പോൾ റവന്യൂവകുപ്പ് നടപ്പിലാക്കിവരുന്ന വിവരശേഖരണത്തിൽ നിന്നും ആദിവാസി മേഖലകളെ ഒഴിവാക്കണമെന്നും ഊരുകൂട്ടസമിതി സർക്കാറിനോടും ഇടുക്കി ജില്ല കലക്ടറോടും ആവശ്യപ്പെട്ടു. കുറ്റിപ്ലങ്ങാട് വനിത കമ്യൂണിറ്റി ഹാളിൽ ചേർന്ന ഊരുകൂട്ടസമിതി യോഗത്തിൽ ഊരുമൂപ്പൻ കെ.കെ. ധർമിഷ്ടൻ, വാർഡ് മെമ്പർ യു.സി. വിനോദ്, ഊരുകൂട്ടസമിതി അംഗങ്ങളായ കെ.ബി. സുഗതൻ, പി.ബി. ശ്രീനിവാസൻ, ആദിവാസി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.