കോവിഡില്‍ മങ്ങിയ ആഘോഷത്തിലും ഐഷാബീവി ഉമ്മയുടെ ഓര്മ ഹജ്ജിലും പുണ്യഭൂമിയിലെ കര്‍മങ്ങളിലും
text_fieldsമുണ്ടക്കയം: ഐഷാബീവി ഉമ്മക്ക് ഇത് 82ാം ബലിപ്പെരുന്നാള്‍, കോവിഡില്‍ മങ്ങിയ ആഘോഷത്തിലും ഉമ്മയുടെ ഓര്മ ഹജ്ജിലും പുണ്യഭൂമിയിലെ കര്‍മങ്ങളിലുമാണ്. കോവിഡ് മഹാമാരിയില്‍ നാട് വിറങ്ങലിച്ചുനില്ക്കുമ്പോള് അളവ് കുറച്ചുള്ള ബലിപ്പെരുന്നാള്‍ ആഘോഷം മാത്രമെ ഉള്ളൂവെന്നു ഐഷാബീവി പറയുന്നു.
മുണ്ടക്കയം, മുളങ്കുന്നു പുതുപ്പറമ്പില്‍ പരേതനായ കനിറാവുത്തറുടെ ഭാര്യ ഐഷാബീവിക്ക് പഴയ പെരുന്നാള്‍ ആഘോഷത്തെക്കുറിച്ചു പറയുമ്പോള്‍ നൂറുനാവാണ്. അലങ്കാരവും ആചാരങ്ങളും കുട്ടികളെ ഉമ്മമാര് എണ്ണതേപ്പിച്ചുള്ള ആഘോഷമായ കുളിയും പെണ്‍കുട്ടികളുടെ മൈലാഞ്ചി അണിയലുമൊക്കെ പഴങ്കഥയായതായി ഐഷാബിവി പറയുന്നു. തങ്ങളുടെ ചെറുപ്പകാലത്തുള്ള പെരുന്നാള്‍ ആഘോഷം ഇന്ന് ഓര്‍മയില്‍ ഒതുങ്ങി.
പെരുന്നാള്‍ എത്തുന്നതോടെ വീടും പരിസരവും വൃത്തിയാക്കി ആഘോഷത്തിനായി തയാറെടുക്കും. ശുദ്ധിയുള്ളവരെ നാഥന് ഏറെ ഇഷ്ടപ്പെടുമെന്ന് ഈ ഉമ്മ പറയുന്നു. ചെറിയപെരുന്നാളും ബലിപ്പെരുന്നാളും മാത്രമായി ഒതുങ്ങുന്ന ആഘോഷം അക്കാലത്ത് ജനം ഏറ്റെടുത്തിരുന്നു. പെരുന്നാള്‍ തലേന്നും ഒരു പെരുന്നാളു തന്നെയാ...മണ്ണെണ്ണ വിളക്കിെൻറ വെളിച്ചമായാലും അതു രാത്രി വൈകിയാവും വീട്ടില്‍ അണയുക, അതുവരെ വീട്ടുമുറ്റത്ത് കൂട്ടംകൂടിയിരുന്നു മൈലാഞ്ചിയും പാട്ടുപാടലും എല്ലാം സജീവമാവും. വെല്ലുമ്മമാര് ചരിത്ര കഥകളുമായി എത്തുമ്പോള്‍ ആഘോഷത്തിനു മികവുകൂടും. അക്കാലത്തെ വട്ടംകൂടിയുള്ള പെരുന്നാള്‍ തലേന്ന് ഇന്ന് ഒരുവീട്ടിലും ഇല്ല. പെരുന്നാള്‍ ദിനത്തില്‍ അയല്‍വക്കത്തെ സഹോദര സമുദായത്തില്‍പെട്ട കൂട്ടുകാരുമായി ഒരുമിച്ചിരുന്നുള്ള ഭക്ഷണം പതിവായിരുന്നെങ്കില്‍ ഇന്നത് അന്യമായി.
കങ്ങഴ, പത്തനാട്, ചേരിയില്‍ ഹസന് റാവുത്തറുടെയും മൈമൂണ്‍ ബീവിയുടെയും മകളായ ഐഷാബീവി നാലാംക്ലാസില്‍ വിജയം നേടിയെങ്കിലും അഞ്ചാംക്ലാസില്‍ പഠിക്കാനായില്ല. 14ാം വയസ്സില്‍ ബീഡിതെറുപ്പുകാരന് കനിറാവുത്തറുടെ ജീവിത സഖിയായി മുണ്ടക്കയത്തിനു വണ്ടികയറിയതാണ്. വിഷമം ഒന്നുമാത്രം. 24 വര്‍ഷം മുമ്പ് തെൻറ പ്രിയതമന് മരണപ്പെട്ടത്. ബീഡിതെറുപ്പിനുശേഷം മുണ്ടക്കയത്തെ വിവിധ കച്ചവടക്കാരനായി മാറിയ കനി റാവുത്തറുമായുള്ള ജീവിതം നാഥന് അനുഗ്രഹിച്ചുതന്നതാെണന്ന് ഐഷാബീവി പറയുന്നു.
10 വര്‍ഷം മുമ്പ് ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായി. മകന് റഫീക്കിനൊപ്പം മക്കയും മദീനയും സന്ദര്‍ശിച്ചു. കഅബാലയവും റൗളയുമൊക്കെ കണ്‍കുളിര്‍ക്കെ കണ്ടതും തിരക്കിനിടയില്‍ മിനായില്‍ കല്ലേര്‍ നടത്താനാവാതെ മകനെക്കൊണ്ട് നിര്‍വഹിച്ചതുമൊക്കെ ഇപ്പോഴും ഓര്‍മയായി നില്ക്കുന്നു.
10 വയസ്സില്‍ തുടങ്ങിെവച്ച നോമ്പുപിടിത്തം ഇപ്പോഴും തുടരുന്നു. ചൊവ്വാഴ്ചത്തെ അറഫ നോമ്പും ഈ ഉമ്മ നഷ്ടമാക്കിയില്ല. പകലന്തിയോളം ഖുര്‍ആന്‍ പാരായണത്തിലാണ്. വര്‍ഷം മൂന്നുതവണ ഖുര്‍ആന്‍ അധ്യായങ്ങള്‍ പൂര്‍ത്തിയാക്കും. അതും കണ്ണടയുടെ സഹായംപോലുമില്ലാതെ. മഹാമാരി ആരെയും പിടികൂടരുതെന്നും രോഗങ്ങളെ ശമിപ്പിക്കണമെന്നുമുളള പ്രാർഥനയിലാണ് ഇൗ ഉമ്മ ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.