ആരും വിശന്നിരിക്കരുത്; ഭക്ഷണപ്പൊതിയൊരുക്കി വീട്ടമ്മമാർ
text_fieldsമുണ്ടക്കയം: വിശന്നിരിക്കുന്നവർക്ക് വയറുനിറക്കാൻ പൊതിച്ചോറൊരുക്കുകയാണ് ഒരുകൂട്ടം വീട്ടമ്മമാർ. മുണ്ടക്കയം ബൈപാസ് റോഡിൽ ചാച്ചിക്കവല കേന്ദ്രമായാണ് ഒരുപറ്റം വനിതകൾ ചേർന്ന് വിശക്കുന്നവർക്ക് ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ ‘ഭക്ഷണക്കൂട്’ എന്ന പേരിൽ പെട്ടി സ്ഥാപിച്ചത്. വിശക്കുന്ന ആർക്കും ഇവിടെനിന്ന് ഭക്ഷണം ലഭിക്കും. ആരും നിങ്ങളോട് പണം ചോദിക്കില്ല. ഒരുനേരത്തെ ആഹാരംപോലും കിട്ടാതെ പലരും അലയുന്നു എന്ന തിരിച്ചറിവിൽനിന്നാണ് വീട്ടമ്മമാർ ഈ സംരംഭവുമായി ഇറങ്ങിയത്. കുടുംബശ്രീയിലും മറ്റ് സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയായ റബിന സിയാദിന്റെ മനസ്സിലുദിച്ച ആശയമാണിത്. നാട്ടിലെ മറ്റ് വീട്ടമ്മമാർകൂടി ചേർന്നപ്പോൾ വിശപ്പിന് ഒരു കൈത്താങ്ങ് പദ്ധതി യാഥാർഥ്യമായി. ഇരുപതോളം പേർ ചേർന്ന് ദിവസവും പത്ത് ഉച്ചഭക്ഷണപ്പൊതികളാണ് മുണ്ടക്കയം ബൈപാസിന്റെ ഭാഗത്ത് സ്ഥാപിച്ച ‘ഭക്ഷണക്കൂട്’ എന്ന പെട്ടിയിൽ വെക്കുന്നത്. വീട്ടമ്മമാർ തങ്ങളുടെ വീടുകളിൽ ഉണ്ടാക്കുന്ന ഉച്ചയൂണിനൊപ്പം ഭക്ഷണക്കൂട്ടിൽ വെക്കാനുള്ള പൊതിച്ചോറുകൾകൂടി പാകം ചെയ്യും. ഭക്ഷണക്കൂട്ടിൽനിന്ന് വഴിയാത്രക്കാർ ഉൾപ്പെടെ ആർക്കും സൗജന്യമായി പൊതിച്ചോർ എടുത്ത് ഭക്ഷിക്കാം.
താൽപര്യമുള്ളവർക്ക് ഭക്ഷണക്കൂടിന് സമീപത്തുവെച്ച പെട്ടിയിൽ സംഭാവന നൽകാം. ഈ പണം നിർധന രോഗികൾക്ക് നൽകും. മൂന്നുമാസം മുമ്പ് തുടങ്ങിയ പദ്ധതി വിജയകരമായി മുന്നോട്ടു പോകുന്നു. മിക്കവരും സംഭാവന പെട്ടിയിൽ ചില്ലറ തുട്ടുകൾ മുതൽ ഊണിന്റെ പണംവരെ നിക്ഷേപിക്കാറുണ്ട്. വീട്ടമ്മമാരുടെ ‘വിശപ്പിന് ഒരുകൈത്താങ്ങ്’ പദ്ധതി നാടിന്റെ കൂട്ടായ്മയായി മാറിയിരിക്കുകയാണിപ്പോൾ. വേനൽ രൂക്ഷമായ സമയത്ത് എല്ലാവർക്കും കുടിനീര് നൽകാൻ ഇവർ തണ്ണീർപന്തൽ ഒരുക്കിയിരുന്നു. ഇതാണ് പിന്നീട് ഭക്ഷണക്കൂട് പദ്ധതിയായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.