ബസ് സർവീസും നിലച്ചു; മതമ്പയിലേക്ക് ദുരിതയാത്ര
text_fieldsമുണ്ടക്കയം ഈസ്റ്റ്: ബസ് സർവീസും നിലച്ചതോടെ മതമ്പക്ക് ദുരിതയാത്ര. ചെന്നാപ്പാറ -മതമ്പ ഭാഗത്തേക്കുള്ള ഏക ആശ്രയമായിരുന്ന ബസ് സർവീസാണ് നിലച്ചത്. റോഡ് പൂർണമായും തകർന്നതോടെയാണ് മേഖലയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സും ഓട്ടം നിർത്തിയത്. നിരവധിതവണ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും നടപടിയുണ്ടായില്ല.
മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി മുണ്ടക്കയം മുതൽ വള്ളിയാങ്കാവ് വരെയുള്ള റോഡ് ആധുനിക രീതിയിൽ നവീകരിച്ചെങ്കിലും ചെന്നാപ്പാറ-മതമ്പ ഭാഗത്തേക്കുള്ള റോഡ് നാളുകളായി തകർന്ന് കിടക്കുകയായിരുന്നു. നാല് ബസ്സുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിൽ അവസാനം ഒരു ബസ് മാത്രമാണ് ഓടിയിരുന്നത്. ഏതാനും ദിവസങ്ങളായി ഈ സർവീസും നിലച്ചു. കിട്ടുന്ന തുക വാഹനത്തിന്റെ അറ്റകുറ്റ പണിക്ക് പോലും തികയുന്നില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ബസ് ഓട്ടം നിർത്തിയത് പ്രദേശവാസികൾക്ക് ഇരുട്ടടിയായിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങളെയോ ടാക്സി വാഹനങ്ങളെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. അതും മൂന്നിരട്ടി ചാർജ് നൽകി യാത്ര ചെയ്യണം.
പ്രദേശത്തെ തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും മക്കൾ വിദ്യാഭ്യാസത്തിനായി മുണ്ടക്കയം മേഖലയെയാണ് ആശ്രയിക്കുന്നത്. കൂടാതെ മതമ്പ ഭാഗത്തുള്ള തോട്ടം തൊഴിലാളികളും ജോലിക്ക് പോകാൻ ഇനി ഏറെ കഷ്ടപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.