മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പൂര്‍ണനഗ്നനാക്കി പൊലീസ് മര്‍ദിച്ചെന്ന് പരാതി
text_fieldsമുണ്ടക്കയം: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പൂര്‍ണ നഗ്നനാക്കി പൊലീസ് മര്‍ദിച്ചതായി പരാതി. ഇയാളെ 35ാംമൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേലനിലം പാലക്കുന്നേല്‍ അഫ്സലിനാണ് (28) മര്‍ദനമേറ്റത്.
സംഭവം സംബന്ധിച്ച് അഫ്സൽ പറയുന്നതിങ്ങനെ: ‘31ാംമൈലിലുള്ള സ്വകാര്യ ഓണ്‍ലൈന്‍ പാര്‍സല്‍ ഏജന്‍സിയിലെ ജീവനക്കാരനാണ് താൻ. രാവിലെ ഏജന്സിയിലെത്തിയപ്പോൾ പണം സൂക്ഷിക്കുന്ന ലോക്കര്‍ തുറന്നനിലയില്‍ കണ്ടു.
ഉടന്‍ ഉടമയെ വിളിച്ച് വിവരം പറഞ്ഞു. ഇരുവരും ചേര്‍ന്ന് മുണ്ടക്കയം സ്റ്റേഷനിലെത്തി പരാതി അറിയിച്ചു. പിന്നീട് തന്നെ സ്റ്റേഷനില്‍ ഇരുത്തിയശേഷം എസ്.ഐയോടൊപ്പം ഉടമ ഏജന്‍സി ഓഫിസില്‍ പോയി. ഉടന്‍ തിരികെവന്നു. തുടർന്ന് തന്നെ സി.സി ടി.വി കാമറയില്ലാത്ത മുറിയിലേക്ക് മാറ്റുകയും മോഷണം നടത്തിയത് താനല്ലേയെന്ന് ചോദിച്ച് മര്‍ദിക്കുകയുമായിരുന്നു. കണ്ടാലറിയുന്ന നാലു പൊലീസുകാരാണ് മര്‍ദിച്ചത്.
നിരവധി തവണ മുഖത്തടിച്ചു. കൈകള്‍ പിന്നോട്ടുകെട്ടി മുതുകില്‍ ചവിട്ടി. പിന്നീട് പൂര്‍ണ നഗ്നനാക്കി ശരീരത്തിൽ കുരുമുളക് സ്പ്രേ അടിച്ചു. കടയിൽനിന്ന് നഷ്ടപ്പെട്ട രണ്ടുലക്ഷം രൂപ തിരികെ അടക്കാമെന്ന് സമ്മതിച്ചാല്‍ വെറുതെവിടാമെന്നും പൊലീസ് പറഞ്ഞു. ജനുവരി എട്ടിനകം പണം നല്‍കാമെന്ന് നിർബന്ധിപ്പിച്ച് എഴുതിനല്‍കിയ ശേഷമാണ് പറഞ്ഞുവിട്ടത്. മണിക്കൂറുകളോളം സ്റ്റേഷനില്‍ പിടിച്ചുനിര്‍ത്തിയിട്ടും മാതാപിതാക്കളെയോ ഭാര്യയെയോ വിവരം അറിയിക്കാന്‍ പൊലീസ് തയാറായില്ല’.
യുവാവിന്റെ വയറിനും പുറത്തും ചതവുണ്ടായിട്ടുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, യുവാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.ഐ എ. ഷൈന്‍കുമാര്‍ പ്രതികരിച്ചു. ഇയാള്‍ മോഷണം നടത്തുന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മുമ്പും സമാനസംഭവം ഉണ്ടായിട്ടുണ്ടെന്നും രണ്ട് സംഭവത്തിലും യുവാവിനെതിരെ കേസെടുക്കുമെന്നും സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.