മുണ്ടക്കയത്ത് ബാങ്ക് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തമ്മിലടി
text_fieldsമുണ്ടക്കയം: സഹകരണ ബാങ്കില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ ആരാകണമെന്നത് ആലോചിക്കാൻ വിളിച്ച യോഗത്തില്‍ വാക്കേറ്റവും അസഭ്യം പറച്ചിലും കൈയാങ്കളിയുടെ വക്കോളമെത്തി. നേതാക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നു പിടിച്ചുമാറ്റിയതിനാല്‍ കൈയാങ്കളി ഒഴിവായി.
രാവിലെ 10ന് മുണ്ടക്കയം കോണ്‍ഗ്രസ് ഓഫിസിലായിരുന്നു യോഗം. ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. നിലവിലെ ബാങ്ക് പ്രസിഡന്റ് റോയ് മാത്യുവും സീനിയര്‍ അംഗം സെബാസ്റ്റ്യന്‍ ചുള്ളിത്തറയും പ്രസിഡന്റ് സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചു. 13 കോണ്‍ഗ്രസ് അംഗങ്ങളില്‍ ആറുപേര്‍വീതം ഇരുവര്‍ക്കുമായി ആവശ്യമുന്നയിച്ചു.
ബെന്നി ചേറ്റുകുഴി, ബോബി കെ. മാത്യു, നെബിന്‍ കാരക്കാട്ട്, അബ്ദു ആലസംപാട്ടില്‍, റെജി വാര്യമാറ്റം എന്നിവര്‍ സെബാസ്റ്റ്യന്‍ ചുള്ളിത്തറക്ക് വേണ്ടിയും അന്‍സാരി മഠത്തില്‍, രഞ്ജിത് ഹരിദാസ്, ആന്‍സി അഗസ്റ്റിന്, ബിന്ദു ജോബിന്, എസ്.ഡി. ജെസി എന്നിവര്‍ റോയ് മാത്യുവിനും വേണ്ടിയാണ് വാദിച്ചത്. മറ്റൊരു കോണ്‍ഗ്രസ് അംഗം ഡോ. എന്‍.എസ്. ഷാജി ഒരുപക്ഷത്തും ചേരാതെ പാര്‍ട്ടിയെടുക്കുന്ന എന്തു തീരുമാനമാണങ്കിലും അതിനൊപ്പമെന്ന നിലപാടിലായിരുന്നു. ചര്‍ച്ചയില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ ശക്തമാകുമ്പോഴും നേതാക്കള്‍ ഇടപെട്ടു ശാന്തരാക്കി. എന്നാല്‍, ഇതിനിടെ ബെന്നി ചേറ്റുകുഴിയും റോയ് മാത്യുവും തമ്മിലെ വാക്കേറ്റം സംഘര്‍ഷത്തിലാകുകയായിരുന്നു. ഇതിലൊരാള്‍ അസഭ്യം പറഞ്ഞതോടെ കൈയാങ്കളിയുടെ വക്കോളമെത്തി. ഒടുവില്‍ ഒരാളെ മുറിക്കകത്തും മറ്റെയാളെ മുറിക്കു പുറത്തുമാക്കി കതകടച്ചാണ് പ്രശ്നപരിഹാരമുണ്ടാക്കിയത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയും തര്‍ക്കം ഉടലെടുത്തിരുന്നു. ഒടുവില്‍ ആദ്യ രണ്ടരവര്‍ഷം അന്‍സാരി മഠത്തിലിനും രണ്ടാം ടേം അബ്ദു ആലസംപാട്ടിലിനും വൈസ് പ്രസിഡന്റ് സ്ഥാനം നല്കാന് തീരുമാനമായി. പ്രസിഡന്റ് സ്ഥാനം പരിഹരിക്കപ്പെടാനാകാതെ വന്നപ്പോള്‍ സ്ഥലത്തില്ലാതിരുന്ന കെ.പി.സി.സി ജനറല്‍സെക്രട്ടറി അഡ്വ. പി.എ. സലീം ഇടപെട്ട് ഇരുവര്‍ക്കും രണ്ടു ടേമായി നല്‍കാനുള്ള തീരുമാനം ഫോണിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. അതുപ്രകാരം ആദ്യം ടേം റോയ് മാത്യുവിനും രണ്ടാം ടേം സെബാസ്റ്റ്യന്‍ ചുള്ളിത്തറക്കും നല്‍കാനായിരുന്നു പ്രഖ്യാപനം. ടേം എന്നാല്‍, രണ്ടര വര്‍ഷമാണെന്നും അങ്ങനെ വീതംവെക്കാനുമാണ് തീരുമാനമെന്നും അംഗങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അത്തരം തീരുമാനമില്ലെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര പറയുന്നു. എന്നാല്‍, ബിനു കൂടി പങ്കെടുത്ത യോഗത്തിലെ തീരുമാനമാണെന്നും അത് അദ്ദേഹം മാറ്റിപറയുന്നതാണന്ന് മറുപക്ഷവും പറയുന്നു.
മുണ്ടക്കയം: സഹകരണ ബാങ്ക് പ്രസിഡന്റായി റോയിയെയും വൈസ് പ്രസിഡന്റായി അന്‍സാരി മഠത്തിലിനെയും ബോര്‍ഡ് യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും യു.ഡി.എഫിനായിരുന്നു വിജയം. റോയ് മാത്യുവും അന്‍സാരിയും മുന്‍ഭരണസമിതിയിലെ പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ്. കോണ്‍ഗ്രസ് 13 കേരള കോണ്‍ഗ്രസ്, മുസ്ലിംലീഗ് ഒന്നുവീതം എന്നതാണ് കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.