കുടിവെളളം കിട്ടിയേ തീരൂ...
text_fieldsമുണ്ടക്കയം: ജില്ലയുടെ കിഴക്കേ അറ്റമായ കോരുത്തോട് പഞ്ചായത്തില്‍ കുടിവെളളം കിട്ടാക്കനിയായി മാറി. വേനല്‍ ചൂട് ശക്തമായതോടെയാണ് മേഖലയിലെ എല്ലാ ജലസ്രോതസ്സുകളും വറ്റിവരണ്ടത്. കുടിവെളള വിതരണത്തിനായി പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ഈ വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കിയെങ്കിലും ഇതിനെതിരെ ആക്ഷേപം ശക്തമാണ്. വാര്‍ഡ് തലങ്ങളില്‍ വിവിധ ദിവസങ്ങളിലായി ജല വിതരണം നടത്തിയിരുന്നതില്‍ പഞ്ചായത്ത് പ്രസിഡന്റ് വിവേചനം കാട്ടിയെന്ന ആക്ഷേപവുമായി ഒരു പഞ്ചായത്തംഗം രംഗത്തെത്തുകയും ചെയ്തു. പനക്കച്ചിറ പാറമടമേഖലയില് ആവശ്യത്തിന് വെളളം നല്കാന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈന്‍ തയ്യാറായില്ലെന്ന ആക്ഷേപവുമായി വാര്‍ഡ് മെമ്പര്‍ ജയദേവനാണ് രംഗത്തെത്തിയത്. ക്ഷാമമില്ലാത്ത പ്രദേശത്തേക്ക് അനാവശ്യമായി ജലവിതരണം നടത്തുമ്പോഴും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളെ അവഗണിച്ചെന്നാണ് പരാതി.
എന്നാല്‍ ഒരുവാര്ഡിനെയും അവഗണിച്ചിട്ടില്ലെന്ന് പ്രസിഡന്റ് പറയുന്നു. ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടും പദ്ധതി നടപ്പിലാക്കാന്‍ കരാറുകാര്‍ രംഗത്തുവരാത്തതിനെ തുടര്‍ന്ന് ക്വട്ടേഷന്‍ വിളിക്കുകയായിരുന്നുവത്രെ. എന്നാല്‍ അമിത ചാര്‍ജ് ഉള്‍പ്പെടുത്തി സ്വകാര്യവ്യക്തി നല്കിയ ക്വട്ടേഷന്‍ പഞ്ചായത്ത് കമ്മിറ്റി തളളിയതിനെ തുടര്‍ന്നാണ് മറ്റൊരാള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. മുണ്ടക്കയം സ്വദേശിയായ സ്വകാര്യ വ്യക്തിയാണ് പ്രദേശത്ത് ജലവിതരണം നടത്തിവരുന്നത്. ജല വിതരണത്തില്‍ യാതൊരു വിവേചനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇതു സംബന്ധിച്ച് ഒരു പഞ്ചായത്തംഗം പരാതി പറഞ്ഞത് ഗൗരവമായി കാണുന്നതായും പരിശോധിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ടി.ഡി. രജനിമോൾ വ്യക്തമാക്കി. കുടിവെളള വിതരണം സംബന്ധിച്ച് പരിഹാരമുണ്ടാക്കാന്‍ ചൊവ്വാഴ്ച അടിയന്തിര പഞ്ചായത്ത് കമ്മിറ്റിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
‘വിവേചനം പാടില്ല’
കോരുത്തോട് പഞ്ചായത്തിലെ പനക്കച്ചിറ, പാറമട പ്രദേശങ്ങളില്‍ വെളളം വിതരണം ചെയ്യുന്നതില്‍ പഞ്ചായത്ത് പ്രസിഡന്റ് വിവേചനം കാട്ടുകയാണ്. ഇത് തുടര്‍ന്നാല്‍ പരസ്യപ്രതിഷേധവുമായി രംഗത്തുവരും. വെളളത്തിനായി ജോലിയും കൂലിയും ഉപേക്ഷിച്ച് പാത്രവുമായി കാത്തിരിക്കുന്നവര്‍ വെറും കയ്യോടെ മടങ്ങേണ്ട സ്ഥിതിയാണ്. -ജയദേവന് കൊടിത്തോട്ടത്തില്‍ (പഞ്ചായത്തംഗം)
‘ആരോപണം വ്യാജം’
പഞ്ചായത്തംഗം ആവശ്യപ്പെട്ടതനുസരിച്ച് കൃത്യമായി വെളളം വിതരണം ചെയ്തിട്ടുണ്ട്. മറ്റുവാര്‍ഡുകളിലും വെളളം വിതരണം ചെയ്യുന്നതിനാല്‍ അതിന്റേതായ കാലതാമസം മാത്രമാണുള്ളത്. മറിച്ചുളള ആക്ഷേപം വ്യാജമാണ്. -ശ്രീജ ഷൈന്‍ (പഞ്ചായത്ത് പ്രസിഡന്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.