ദാഹജലത്തിന് വലയുമ്പോൾ മാലിന്യവാഹിനിയായി മണിമലയാർ
text_fieldsമുണ്ടക്കയം: കനത്തചൂടിൽ മലയോര മേഖല വെന്തുരുകുമ്പോൾ മേഖലയിലെ പ്രധാന ജലസ്രോതസ്സായ മണിമലയാർ മാലിന്യവാഹിനിയായി മാറി. മണിമലയാർ സംരക്ഷണം കൊട്ടിഗ്ഘോഷിച്ച ജനപ്രതിനിധികൾ ഇന്ന് മൗനത്തിലാണ്. സംരക്ഷണമെല്ലാം കടലാസിൽ മാത്രമായി ഒതുങ്ങിയപ്പോൾ മാലിന്യവാഹിനിയായി മാറി മണിമലയാർ. വരൾച്ചയിലേക്ക് നീങ്ങുന്ന ജലാശയത്തിലേക്ക് ടൗണിൽ നിന്നുള്ള മലിനജലം നിർബാധം ഒഴുക്കുകയാണ്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ മലിനജലം ഓട വഴി ഒഴുകിയെത്തിയാണ് മണിമലയാറ്റിലേക്ക് പതിക്കുന്നത്. ഇതിൽ കക്കൂസ് മാലിന്യവും ഉൾപ്പെടുന്നു.
കടും നിറത്തിൽ ഒഴുകിവരുന്ന മലിനജലം ആറ്റിലെ വെള്ളത്തിലേക്ക് കലരുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു വഴിവെക്കും. ഇതിനിടെ കെട്ടിക്കിടക്കുന്ന മലിനജലം ആറ്റിലേക്ക് തുറന്നുവിടാള്ള ശ്രമം പുത്തൻചന്ത നിവാസികൾ തടഞ്ഞു. പഞ്ചായത്തിന്റെ അറിവോടുകൂടിയാണ് ഇത്തരം പ്രവൃത്തികൾ എന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. മണിമലയാർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളിൽ ശക്തമായ സമരം നടത്തുവാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകളും പ്രദേശവാസികളും. ബൈപാസ് നിർമാണ സമയം മുതൽ ടൗണിൽ നിന്ന് എത്തുന്ന ഓടയുടെ പ്രശ്നം പരിഹരിക്കാനുള്ള പദ്ധതികൾ തയാറാക്കിയെങ്കിലും ഇവയെല്ലാം ജലരേഖയായി മാറി. തടയണ തുറന്നതോടെ മണിമലയാറ്റിൽ ജലനിരപ്പ് പൂർണമായും താഴ്ന്നിരിക്കുകയാണ്. ഒഴുക്കു മുറിഞ്ഞ ആറ്റിലെ വെള്ളമാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. ഉപ്പു നീറ്റുകയത്തിൽനിന്ന് പമ്പു ചെയ്തു പട്ടണത്തിലും പരിസരത്തും കുടിനീരായി എത്തിക്കുന്നത് ഈ മലിനജലമാണ്. വെള്ളവും മലിനമാകുന്നത് ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മലിനജലം ആറ്റിലെ വെള്ളത്തിലേക്ക് കലരാതിരിക്കാനെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.