മലയിടിച്ചിലും മലവെള്ളപ്പാച്ചിലും പുളിക്കപ്പാറ ചപ്പാത്ത് തകര്‍ന്ന് എട്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
text_fieldsമുണ്ടക്കയം: കൊക്കയാര്‍ വെമ്പാലയിലെ മലയിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പുളിക്കപ്പാറ ചപ്പാത്ത് തകര്‍ന്ന് മേഖലയില്‍ എട്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.
മലവെള്ളപ്പാച്ചിലില്‍ കരിങ്കല്‍ പാറകള്‍ ഒഴുകിയതിനെ തുടര്‍ന്ന് മേഖലയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ കിലോമീറ്ററുകളോളം ഒഴുകി.
ആഗസ്റ്റ് 10ന് രാത്രി 11.30ഓടെ മുക്കുളം വെമ്പാല ടോപ്പില്‍ ട്രിപ്പിള്‍ റോക്ക് എന്നറിയപ്പെടുന്ന കൂറ്റന്‍ പാറയില്‍ ഒന്ന് തകര്‍ന്നുവീണിരുന്നു. അഞ്ചായി പിളര്‍ന്ന പാറ ഒരു കിലോമീറ്റര്‍ താഴേക്ക് ഉരുണ്ട് പാതിനിരപ്പില് തങ്ങി നില്‍ക്കുകയായിരുന്നു.
ഞായറാഴ്ച തോരാതെ പെയ്ത മഴയില്‍ പതിനഞ്ചടിക്ക് മേല്‍ ഉയരത്തില്‍ പുല്ലകയാറ്റിലൂടെ വെള്ളം ഒഴുകിയാണ് വ്യാപക നാശം വിതച്ചത്. പുല്ലകയാര്‍ കരകവിഞ്ഞുള്ള ഒഴുക്കില്‍ നൂറുകണക്കിന് പാറകളാണ് കിലോമീറ്ററുകളോളം നീങ്ങിയത്.
ഇതോടെ ആറിെൻറ ഇരു വശങ്ങളിലെയും നിരവധി കൃഷിയിടങ്ങള്‍ നശിച്ചു. കൂടാതെ സ്വകാര്യ വ്യക്തികളുടെ കൈവശത്തില്‍ കൃഷി ചെയ്ത് വന്നിരുന്ന നിരവധി തുരുത്തുകളും ഒഴുക്കില്‍ നഷ്ടമായി.
കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കുളം പുളിക്കപ്പാറ ഭാഗത്തുനിന്ന് കൂട്ടിക്കല്‍ പഞ്ചായത്തില്‍പെട്ട പ്രദേശത്തേക്ക് കടക്കുന്ന പുളിക്കപ്പാറ ചപ്പാത്ത് പൂര്‍ണമായി തകര്‍ന്നു.
കൂറ്റന്‍ പാറകളും വന്‍ വൃക്ഷങ്ങളും തട്ടി വെള്ളപ്പാച്ചിലില്‍ ചപ്പാത്ത് തകര്‍ന്ന് ഒഴുകുകയായിരുന്നു. ഇതോടെ മറുകരയിലെ എട്ട് കുടുംബങ്ങള്‍ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ്. പുളിക്കപ്പാറ ഭാഗത്ത് കടപ്പൂര് ബിനോയിയുടെ കൈവശത്തിലിരുന്ന തുരുത്ത് ഒഴുക്കില്‍ നഷ്ടമായി. ഇവിടെ കൃഷിചെയ്തിരുന്ന 20 തെങ്ങ്, കുരുമുളക്, പ്ലാവ്, കാപ്പി, മാവ് തുടങ്ങി കൃഷികള്‍ പൂര്‍ണമായി നശിച്ചു.
കപ്പിലാംപറമ്പില് പാപ്പച്ചെൻറ ഒമ്പത് തേക്ക് മരങ്ങള്‍ കടപുഴകി ഒഴുകി. കദളിക്കാട്ടില്‍ ദേവസ്യ, കദളിക്കാട്ടില്‍ ജോസഫ് എന്നിവരുടെ കൃഷിയിടവും മലവെള്ളപ്പാച്ചിലില്‍ ഒഴുകി.
ഇവിടെയുണ്ടായിരുന്ന രണ്ടു തേക്കുമരങ്ങള്‍ ഒഴുകിപ്പോയി. വെട്ടിക്കല്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൈപ്പന്‍പ്ലാക്കല്‍ ടോജിമോന്‍, പുല്ലൂരത്തില്‍ തൊമ്മച്ചന്, മുത്തനാട്ട് പാപ്പച്ചന് എന്നിവരടക്കം നിരവധിയാളുകള്‍ക്ക് കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
പുളിക്കപ്പാറ ഭാഗത്ത് താമസക്കാരായ ഇരുപതോളം കര്‍ഷകരുടെ കൃഷി ഭൂമി മറുകരയിലാണ് ചപ്പാത്ത് നഷ്ടമായതോടെ കൃഷി പൂര്‍ണമായി നിലച്ചിരിക്കുകയാണ്. പതിനാറേക്കര്‍-ഇളങ്കാട് കമ്പിപ്പാലവും ഒഴുക്കില്‍ നഷ്ടമായി. തുടര്‍ച്ചയായി പെയ്യുന്ന മഴയിൽ ആറ്റില്‍ വിവിധ ഭാഗങ്ങളില്‍ കൂടിക്കിടക്കുന്ന പാറക്കെട്ടുകള്‍ താഴേക്ക് ഒഴുകുന്നത് ഭീതി സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.