വെയിലില്‍ വിയര്‍ത്ത് മലയോരം: പ്രളയം ഭീതിവിതച്ച നാട്ടിൽ കുടിവെള്ളത്തിന് നെട്ടോട്ടം
text_fieldsമുണ്ടക്കയം: പ്രളയം വിതച്ച ഭീതി വിട്ടു മാറാത്ത മലയോരമേഖല ദിവസങ്ങള്‍ പിന്നിട്ടതോടെ വേനല്‍ച്ചൂടില്‍ നട്ടം തിരിയുന്നു. കോടിക്കണക്കിന് രൂപയുടെ നാശം വിതച്ച് 23 പേരുടെ ജീവന് അപഹരിച്ച പ്രളയത്തിന്റെ ബാക്കിപത്രമായി നാട് വിലപിക്കുമ്പോഴാണ് കനത്തവെയില്‍ നാടിനെ വിയര്‍പ്പിക്കുന്നത്. കഴിഞ്ഞ കുറെ ദിവസമായി പകല്‍ച്ചൂടും രാത്രി കനത്ത തണുപ്പും മലയോരമേഖലയിലെ ആളുകളുടെ ജീവിതം താളം തെറ്റിക്കുന്ന അവസ്ഥയാക്കിയിരിക്കുകയാണ്. വെയില് രൂക്ഷമായതോടെ കുടിവെള്ളത്തിന് കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയിലാണ് പലരും.
മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായാണ് ഇക്കുറി വേനല്‍ച്ചൂട്. നിറഞ്ഞൊഴുകിയ ജലാശയങ്ങളെല്ലാം ഡിസംബര്‍ അവസാനത്തോടെ വറ്റിവരണ്ടു. വളരെ പെട്ടെന്ന് മഴ മാറി ശക്തമായ ചൂട് അനുഭവപ്പെടാന്‍ തുടങ്ങിയതോടെ കാട്ടുതീ ഭീതിയിലുമാണ് ഇവിടം. മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളുടെ ഉള്‍പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നാല്‍ തീയണക്കുക അസാധ്യമാണ്. കാഞ്ഞിരപ്പള്ളിയില്‍നിന്നും പീരുമേട്ടില്‍നിന്നും അഗ്നിരക്ഷാസേനയുടെ യൂനിറ്റ് എത്തുമ്പോഴേക്കും പ്രദേശമാകെ അഗ്നിക്ക് ഇരയാകും. മുന്‍വര്‍ഷങ്ങളില്‍ വനാതിര്‍ത്തിയില്‍ കാട്ടുതീ പടരാതിരിക്കാന്‍ ഫയര്‍ലൈന്‍ അടക്കമുള്ള സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കാറുണ്ടെങ്കിലും ഈ വര്‍ഷം ഇത് നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വൈദ്യുതി തൂണുകളില്‍ പടര്‍ന്നുകയറിയ കാട്ടുവള്ളികളില്‍ നിന്നും തീ പടരാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞദിവസം വൈദ്യുതി പോസ്റ്റില്‍ ഉണ്ടായ സ്പാര്ക്കിങ് മൂലം കാട്ടുചെടികളിലൂടെ പ്രദേശത്ത് വലിയ തീപിടിത്തമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.