ജനവാസ മേഖലകളിൽ കാട്ടുപന്നികളെ തുറന്നുവിട്ട് വനപാലകർ; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsമുണ്ടക്കയം: ശബരിമല സീസൺ തുടങ്ങുന്നതിന്റെ ഭാഗമായി പമ്പയിൽനിന്ന് പിടികൂടിയ കാട്ടുപന്നികളെ ഫോറസ്റ്റുവക ലോറിയിൽ കൊണ്ടുവന്ന് ഇരുട്ടിന്റെ മറവിൽ ജനവാസ മേഖലകളിൽ ഇറക്കിവിട്ടതായി പരാതി. തിങ്കളാഴ്ച രാത്രി കൊമ്പുകുത്തി, ചെന്നാപ്പാറമുകൾ, ഒന്നാംവളവ് ഭാഗം എന്നിവിടങ്ങളിലാണ് വനംവകുപ്പ് നേതൃത്വത്തിൽ പന്നികളെ കൂട്ടത്തോടെ ഇറക്കിവിട്ടത്. നൂറിലധികം പന്നിക്കുഞ്ഞുങ്ങൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
പമ്പ ജ്യോതിയുടെ ലോറിയിൽ കൊണ്ടുവന്ന പന്നികളെ ഇറക്കുന്നതിനിടെ നാട്ടുകാരെത്തി തടഞ്ഞു. എങ്കിലും ഇതൊന്നും വകവെക്കാതെ തുറന്നുവിടുകയായിരുന്നു. കഴിഞ്ഞവർഷം പമ്പയിൽനിന്നുള്ള പന്നികളെ ലോറിയിൽ കൊണ്ടുവന്ന് എയ്ഞ്ചൽവാലി പ്രദേശത്ത് ഇറക്കിവിട്ടതിനെതിരെ ജനരോഷം വ്യാപകമായിരുന്നു. ഈപ്രദേശങ്ങളിൽ കപ്പ കൃഷി ഉൾപ്പെടെയുള്ളവ പന്നികൾ നശിപ്പിച്ചതോടെ കർഷകർ ദുരിതത്തിലായി. അന്ന് വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നുവെങ്കിലും വീണ്ടും ഇതേ നിലപാട് തന്നെ വനം വകുപ്പ് സ്വീകരിച്ചത് കർഷകരിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ മുതൽ ചെന്നാപ്പാറ പ്രദേശത്ത് ജനവാസമേഖലകളായ ലയങ്ങളുടെ സമീപത്ത് പന്നികൾ എത്തിത്തുടങ്ങി. പമ്പയിൽ ആളുകൾ കൂടുന്ന സ്ഥലത്തൂടെ നടക്കുന്ന പന്നികൾക്ക് മനുഷ്യരെ ഭയമില്ല. അതുകൊണ്ടുതന്നെ പകൽ ഇവ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കും.
കർഷകർക്ക് ദുരിതം വിതക്കുന്ന രീതിയിൽ വനംവകുപ്പ് സ്വീകരിച്ച നിലപാട് അപലപനീയമാണെന്ന് കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ പറഞ്ഞു. ഇത് കർഷകരോടുള്ള വെല്ലുവിളിയാണെന്നും ഇവർ പറഞ്ഞു. വനംവകുപ്പിന്റെ നീചമായ പ്രവൃത്തിക്കെതിരെ കോരുത്തോട്ടിൽ ജനകീയസമിതി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
യോഗത്തിൽ കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, സെന്റ് ജോർജ് പള്ളിവികാരി ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വന്യമൃഗങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുന്ന കോരുത്തോട് പഞ്ചായത്തിലെയും പെരുവന്താനം പഞ്ചായത്തിലെയും പ്രദേശങ്ങളായ കൊമ്പുകുത്തി ചെന്നാപ്പാറ മേഖലകളിലാണ് പന്നികളെ ഇറക്കിവിട്ടിരിക്കുന്നത്. സോളാർവേലികൾ പലതും നശിച്ചു കിടക്കുന്ന പ്രദേശത്ത് കാട്ടുപന്നികളും കാട്ടാനയും ഉൾപ്പെടെ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമാണ്. കോരുത്തോട് പള്ളിപ്പടി, കൊമ്പുകുത്തി മേഖലകളിൽ പുലിശല്യവും വ്യാപകമാണ്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ രണ്ട് ആടുകളെയും മൂന്ന് നായ്ക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങളുടെ ശല്യത്താൽ കൃഷിവരെ ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുന്ന സമയത്താണ് ഇരട്ടിദുരിതമായി കാട്ടുപന്നികളെയും ഇറക്കിവിട്ടിരിക്കുന്നത്.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും -എം.എൽ.എ
മുണ്ടക്കയം: കോരുത്തോട്, മുണ്ടക്കയം, എരുമേലി ഗ്രാമപഞ്ചായത്തുകളിൽ കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങി വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജനങ്ങൾ പൊറുതിമുട്ടുന്നതിനിടെ പമ്പാ വനമേഖലയിൽനിന്ന് പിടികൂടിയ കാട്ടുപന്നികളെ വനംവകുപ്പ് പെരിയാർ ടൈഗർ റിസർവ് ഉദ്യോഗസ്ഥർ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ജനവാസമേഖലകളുമായി ബന്ധപ്പെട്ട പ്രദേശത്ത് തുറന്നുവിട്ടത് അത്യന്തം ഗൗരവത്തോടെ കാണുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് വകുപ്പ് മന്ത്രി, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ജനവാസ മേഖലകളിൽ ഇറക്കിവിട്ട കാട്ടുപന്നികളെ വീണ്ടും പിടികൂടി ഉൾവനത്തിൽ എത്തിക്കുന്നതിനും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കുന്നതിന് മുൻകരുതൽ സ്വീകരിക്കണമെന്നും വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
മുണ്ടക്കയം, കോരുത്തോട്, എരുമേലി ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട് വനമേഖലാ പ്രദേശങ്ങൾ പൂർണമായും സോളാർ ഫെൻസിങ്, ഹാങ്ങിങ് ഫെൻസിങ്, കിടങ്ങ് എന്നീ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി വന്യമൃഗശല്യത്തിൽനിന്ന് പൂർണമായും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്നും ഇതിനാവശ്യമായ ഫണ്ട് ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.