കെട്ടിടം ഒരുക്കിയശേഷം സർക്കാർ പിന്മാറിയ പദ്ധതി; മുണ്ടക്കയം കെ.എസ്.ആർ.ടി.സി ഡിപ്പോക്കായി മുറവിളി ശക്തം
text_fieldsമുണ്ടക്കയം: ദിവസേന നൂറിലധികം സർവിസ് നടത്തുന്ന കെ.കെ റോഡിലെ പ്രധാന ഇടത്താവളമായ മുണ്ടക്കയം പട്ടണത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ വേണമെന്ന ആവശ്യം ശക്തമാകുന്നു. ഡിപ്പോ നിർമിക്കണമെന്ന ആവശ്യത്തിന് ഒന്നരപ്പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. നിരന്തര മുറവിളികൾക്കൊടുവിൽ ഡിപ്പോ അനുവദിക്കുകയും അതിനായി മുണ്ടക്കയം പുത്തൻചന്തയിലെ പഞ്ചായത്ത്വക സ്ഥലം വിട്ടുനൽകുകയും ചെയ്തു.
അന്നത്തെ എം.എൽ.എ പി.സി. ജോർജിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് 69 ലക്ഷം രൂപ വിനിയോഗിച്ച് പുത്തൻചന്തയിലെ സ്ഥലത്ത് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. അതിവേഗതയിൽ ഡിപ്പോ തുടങ്ങാൻ നടപടിയായെങ്കിലും ബസ് സ്റ്റാൻഡ് കവാടത്തിൽ സമീപത്തെ വ്യാപര സ്ഥാപനം ബസുകൾ കയറുവാൻ തടസ്സമായി. ഒപ്പം ജീവനക്കാരുടെ അഭാവം പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനിടയിൽ ഇവിടെ കെ.എസ്.ഇ.ബി ഓഫിസ് ആരംഭിക്കാൻ തീരുമാനമായെങ്കിലും അതും പാതിവഴിയിൽ ഉപേക്ഷിച്ചു.
രണ്ടു പദ്ധതികളും ഉപേക്ഷിച്ചതോടെയാണ് ഇവിടെ മിനി സിവിൽ സ്റ്റേഷൻ നിർമിക്കാനുള്ള പ്രവർത്തനങ്ങളുമായി എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുന്നോട്ടുവന്നത്. ഇതിന്റെ നിയമനടപടികളും ഏതാണ്ട് പൂർത്തിയായിവരികയാണ്.
മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് മുമ്പ് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തിച്ചിരുന്നെങ്കിലും കാലപ്പഴക്കത്താൽ ഇത് പൊളിച്ചുനീക്കി. പിന്നീട് ഇതിന്റെ പ്രവർത്തനം നിലച്ചെങ്കിലും കാലങ്ങൾക്കുശേഷം വീണ്ടും സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തനം ആരംഭിച്ചു.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങി വിവിധ മേഖലകളിലേക്ക് ഇവിടെനിന്ന് കെ.എസ്.ആർ.ടി.സി സർവിസ് ഉണ്ട്. ഇത്തരം സർവിസുകൾ സുഗമമായി നടത്താൻ മുണ്ടക്കയം കേന്ദ്രീകരിച്ച് ഡിപ്പോ വേണമെന്ന ആവശ്യം ശക്തമാണ്. സമീപ ഗ്രാമീണപ്രദേശങ്ങളിലേക്ക് കൂടുതൽ സർവിസ് നടത്താനും ഉപകാരപ്രദമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.