മുണ്ടക്കയം സ്റ്റാൻഡിലെ അറിയിപ്പുകാരന് അരനൂറ്റാണ്ടിന്റെ തിളക്കം
text_fieldsമുണ്ടക്കയം: ഷംസുദ്ദീന്റെ ശബ്ദം കേൾക്കാത്തവരാരും ബസ് സ്റ്റാൻഡിലുണ്ടാവില്ല. 34 വര്‍ഷമായി മൈക്കിലൂടെ മുഴങ്ങിക്കേൾക്കുന്ന ശബ്ദമാണിത്. ഏതുപ്രായക്കാര്‍ക്കും ഏതു ജില്ലക്കാര്‍ക്കും മനസിലാകുന്ന തരത്തില്‍ അനൗണ്‍സ്മെന്റ് നടത്തുന്ന മുണ്ടക്കയം മുളങ്കയം, കുന്നുംപുറത്ത് ഷംസുദ്ദീന് (70) ബസ് ജീവനക്കാരുടെ മാത്രമല്ല യാത്രക്കാരുടെയും പ്രായവ്യത്യാസമില്ലാത്ത കൂട്ടുകാരനാണ്.
ബസ് സ്റ്റാൻഡും അനൗണ്‍സ്മെന്റും ഇല്ലാത്ത കാലത്ത് തുടങ്ങിയ ബസിന്റെ വിളിക്കാരൻ തൊഴിലില്‍ അമ്പതു വര്‍ഷം പിന്നിടുകയാണ്. പിതാവിന്റെയും പിതൃ സഹോദരന്റെയും പാത പിന്തുടര്ന്നാണ് ഷംസുദ്ദീന് ബസിന്റെ അറിയിപ്പുകാരനായി എത്തുന്നത്. 18 ാം വയസില്‍ ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങിയ ഷംസുദ്ദീന് ബസുകളുടെ പേരുകളും സമയ ക്രമവും മനപ്പാഠമാണ്.
പിതാവ് അബ്ദുല്‍ഖാദര്‍ (പാപ്പയണ്ണന്), പിതൃസഹോദരന് ഹസന്‍ബാവ, ഇവരുടെ സുഹൃത്ത് ഈപ്പച്ചന് എന്നിവരായിരുന്നു അമ്പതു വര്‍ഷം മുമ്പ് മുണ്ടക്കയത്തെ ബസുകളില്‍ ആളെ വിളിച്ചു കയറ്റിയിരുന്നത്. കെ.കെ. റോഡിലും കൂട്ടിക്കൽ റോഡിലും പാര്‍ക്ക് ചെയ്യുന്ന ബസുകളിലേക്ക് ആളുകളെ കൃത്യമായി വിളിച്ചുവരുത്തി കയറ്റിയിരുന്നത് ഇവരാണ്.
പിന്നീട് ഷംസുദ്ദീനും ഇവര്‍ക്കൊപ്പം ചേർന്നു. രണ്ടുമുതല്‍ മൂന്നുരൂപ വരെയായിരുന്നു ബസുകാര് ഷംസുദ്ദീനു നല്കി വന്നത്. അഞ്ചുരൂപവരെ തരുന്ന ബസുടമകളും അക്കാലത്ത് ഉണ്ടായിരുന്നു.
1990ല്‍ കടുപ്പറമ്പില് കെ.എം. മത്തായി പഞ്ചായത്ത് പ്രസിഡന്റായി എത്തിയപ്പോഴാണ് നടന്നുള്ള വിളിക്ക് വിരാമമായത്. സ്റ്റാന്‍ഡില്‍ പ്രത്യക ഇരിപ്പിടം നല്കി മൈക്കും നല്കി. പിന്നീട് ഷോപ്പിങ് കോംപ്ലക്സുകള്‍ വന്നതോടെ ഒരു മുറി മാറ്റിവെച്ചു. ഹസന്ബാവയുടെ മകൻ പി.എ. നസീറും ഈപ്പച്ചന്റെ മകൻ ഷിബു ഈപ്പനും ഷംസുദ്ദീനൊപ്പമുണ്ട്.
ബസുകളുടെ സമയം മാത്രമല്ല യാത്രക്കാരന്റെ പഴ്സ് അടക്കം എന്തെങ്കിലും നഷ്ടപ്പെട്ടാലും ബസുകള്‍ സമയം തെറ്റിച്ചാലും ഷംസുദ്ദീന്റെ അറിയിപ്പെത്തും. ജീവനക്കാര്‍ സ്റ്റാൻഡില്‍ സമയത്തെ ചൊല്ലി തര്‍ക്കമുണ്ടാകുമ്പോള്‍ മധ്യസ്ഥനായി എത്തുന്നതും ഷംസുദ്ദീനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.