മുക്കുളം വെമ്പാലയിൽ മലവെള്ളപ്പാച്ചിൽ
text_fieldsമുണ്ടക്കയം ഈസ്റ്റ്: മലയോരമേഖലയെ ആശങ്കയിലാഴ്ത്തി മുക്കുളം വെമ്പാലയിൽ മലവെള്ളപ്പാച്ചിൽ. ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽപെട്ട മുക്കുളം വെമ്പാലയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ പുല്ലകയാറ്റിൽ ജലനിരപ്പുയർന്നത് ജനങ്ങളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി.
മണ്ണും കല്ലും നിറഞ്ഞ് പുല്ലകയാറും മണിമലയാറും കരകൾ മുട്ടാറായി ഒഴുകുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.
പുലകയാർ കലങ്ങിമറിഞ്ഞ് ഒഴുകുന്നതും വെള്ളം കൂടുന്നതുംകണ്ട് നടത്തിയ അന്വേഷണത്തിലാണ് വെമ്പാല ഭാഗത്ത് ഉരുൾ പൊട്ടിയതായി അഭ്യൂഹമുയർന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായതായി കണ്ടെത്തിയത്. മണ്ണും കല്ലുകളും വ്യാപകമായി കുത്തിയൊഴുകി. നിരവധി വൃക്ഷങ്ങളും ഒലിച്ചിറങ്ങി.
ആഗസ്റ്റ് 10ന് രാത്രി 11.30ന് ശക്തമായ മഴയിൽ വെമ്പാലയിൽ ട്രിപിൾ റോക്ക് എന്നറിയപ്പെടുന്ന കൂറ്റൻ പാറയിലെ ഒരുഭാഗം ഇളകി കുത്തിറക്കത്തിൽ ഒരുകിലോ മീറ്ററോളം മറിഞ്ഞ് നിരവധി കൃഷിയിടങ്ങൾ നശിച്ചിരുന്നു.
450 അടിയോളം ഉയരമുള്ള പാറ അഞ്ചായി പിളർന്ന് സ്വകാര്യ പുരയിടത്തിൽ ഇപ്പോഴും തങ്ങിനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.